1 GBP = 103.68
breaking news

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അഴിമതി; മുന്‍മന്ത്രി എ സി മൊയ്തീന് അറിവുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ്

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അഴിമതി; മുന്‍മന്ത്രി എ സി മൊയ്തീന് അറിവുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ്

തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയെ കുറിച്ച് മുന്‍മന്ത്രി എ സി മൊയ്തീന് അറിയാമായിരുന്നുവെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം പി വിന്‍സെന്റ്. 2019ല്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന് മുന്നില്‍ വിഷയം വന്നിട്ടും നടപടി എടുത്തില്ല അഴിമതിയില്‍ ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും ചോദ്യം. എ സി മൊയ്തീന്‍ അടക്കമുള്ളവര്‍ മറുപടി പറയണമെന്നാണ് ആവശ്യം.

അതേസമയം കരുവന്നൂര്‍ ബാങ്കിലെ ജപ്തി നടപടികള്‍ നിര്‍ത്തിവച്ചു. ഭരണകാര്യങ്ങള്‍ക്കായി പുതിയ നയം കൊണ്ടുവരും. ബാങ്കിന്റെ ബാധ്യത കണക്കാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഭരണം കൈമാറിയ സാഹചര്യത്തിലാണ് നടപടി. പ്രതിചേര്‍ക്കപ്പെട്ട ആളുകള്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റിയിലുള്ള ആളുകളാണെന്നും വിവരം.

നിയമസഭയില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നു. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വന്‍ ക്രമക്കേട് നടത്തുന്നുവെന്ന് സമ്മതിച്ചു. 104.37 കോടിയുടെ ക്രമക്കേട് നടന്നുവെന്നും മന്ത്രി.

കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഭവത്തില്‍ അടുത്തയാഴ്ച കേസെടുക്കും. തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചതിനെ കുറിച്ചായിരിക്കും അന്വേഷണം. ബാങ്കിലെ വായ്പ തട്ടിപ്പ് അന്വേഷണം ഇന്‍കം ടാക്‌സ് വകുപ്പ് ഏറ്റെടുത്തിരുന്നു. ആദായ നികുതി വകുപ്പ് പ്രത്യേകാന്വേഷണ വിഭാഗം പൊലീസില്‍ നിന്ന് വിവരങ്ങള്‍ തേടി. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരുടെ ആസ്തിയെ കുറിച്ചും അന്വേഷിക്കും. പ്രതികള്‍ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസില്‍ നിന്ന് വകുപ്പ് വിവരങ്ങള്‍ തേടി.

അതിനിടെ മുന്‍ ബ്രാഞ്ച് മാനേജര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. ബിജു കരിം, കമ്മിഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേന കമ്മിഷന്‍ നിരക്കിലാണ് വന്‍കിട ലോണുകള്‍ നല്‍കിയതെന്നും തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്നുമാണ് ആരോപണം. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഈടില്ലാതെയും വ്യാജ ഈട് നല്‍കിയതും വന്‍കിട ലോണുകള്‍ നല്‍കിയത് കമ്മിഷന്‍ കൈപ്പറ്റിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഓരോ ലോണിനും പത്ത് ശതമാനം വരെ കമ്മിഷന്‍ ഈടാക്കിയാണ് വായ്പ അനുവദിച്ചത്. തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014-20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. കുറച്ച് ദിവസം മുന്‍പ് കേസില്‍ എഫ്‌ഐആര്‍ ഇട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more