1 GBP = 103.12

മോപ്പസാങ്ങിന്റെ സാഹിത്യ സംസ്കാരം

മോപ്പസാങ്ങിന്റെ സാഹിത്യ സംസ്കാരം

കാരൂർ സോമൻ
ഒാരോ വ്യക്തിക്കും ദേശത്തിനും രാജ്യത്തിനും ഒാരോരോ സംസ്കാരങ്ങളുണ്ട്. നമ്മുടെ സംസ്കാരധാരയിൽ പ്രധാനമായും കടന്നുവരുന്നത് പരസ്പര സ്നേഹം, സത്യം, അഹിംസ, വിവേകം, ബഹുമാനം, അച്ചടക്കം, സ്വാതന്ത്ര്യം മുതലായവയാണ്. ഇൗ സംസ്കാരമിന്ന് ഒാരോരുത്തരുടെ സുഖസൗകര്യങ്ങൾക്കായി മാറ്റപ്പെടുന്നു. ഇൗ സംസ്കാരം സാഹിത്യത്തിലുമുണ്ട്. ചരിത്രത്തിൽ സാഹിത്യകാരന്മാർ, കവികൾ എന്നും പീഡിതർക്കൊപ്പമാണ് ജീവിച്ചിട്ടുള്ളത്. അതിന് ഏറ്റവും ധീരമായ ഇടപെടലുകളും സാഹിത്യസൃഷ്ടികളുമാണ് വികസിത രാജ്യത്തെ എഴുത്തുകാരിൽ നിന്നും ലഭിച്ചിട്ടുള്ളത്. അതിൽ ചെറുകഥയുടെ ഉത്ഭവം അമേരിക്കയിലെങ്കിലും ചെറുകഥ സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രഞ്ച് സാഹിത്യകാരനായ മോപ്പസാങ്ങിനെയെടുക്കാം. ഫ്രാൻസിലെ ടോർവിൽ എന്ന തുറമുഖ നഗരത്തിൽ അദ്ദേഹം ജനിച്ചു. ചെറുപ്പം മുതലെ ഭരണത്തിലുള്ളവരടക്കം ബൂർഷ്വ മുതലാളിമാരുടെ വാലാട്ടികളായി കൈകോർത്തു പിടിച്ചുകൊണ്ടുള്ള ഒരു രാജ്യത്തെയാണ് മോപ്പസാങ് (ഹെൻട്രി റെനി ആൽബർട്ട് ഗൈ, ജനനം8 ആഗസ്റ്റ് 1850, മരണം 6 ജൂലൈ 1893) കണ്ടത്.
സമ്പത്തുള്ളവർ പാവപ്പെട്ട ജനങ്ങളെ ദരിദ്രരായും അടിമകളായും കണ്ടു. അദ്ദേഹം വളർന്നുവന്ന സാമൂഹ്യ ചുറ്റുപാടുകളിൽ നിറഞ്ഞു നിന്നത് വേദനയും നൊമ്പരങ്ങളുമായിരുന്നു. വളരുന്തോറും സ്കൂളുകളിൽ സമ്പന്നരുടെ മക്കളുമായി ഏറ്റുമുട്ടുക, ക്ലാസ്സിൽനിന്ന് ശിക്ഷകൾ ഏറ്റുവാങ്ങുക, അതിന്റെ ഭാഗമായി മാതാപിതാക്കളെ ധിക്കരിക്കുക ഇതെല്ലാം സമൂഹത്തോടുള്ള പ്രതിഷേധങ്ങളായിരുന്നു. ഏകാന്തത, നിരാശ, വിദ്വേഷം ഇതെല്ലാംആത്മനൊമ്പരങ്ങളായി വളർന്നു. പഠിക്കുന്ന കാലത്തും സംഗീതവും സാഹിത്യവും ഏറെ സ്വാധീനിച്ചു.

പാരീസിൽ സംഗീതവും നാടകവും കാണാൻ പോകുമ്പോഴൊക്കെ തനിക്ക് മുന്നേ നടന്നവരുടെ പുസ്തകങ്ങളും സ്വന്തമാക്കുമായിരുന്നു. പുതുതായിറങ്ങുന്ന പുസ്തകങ്ങൾക്ക് വില കൂടുതലായതിനാൽ വില കുറഞ്ഞ പഴയ പുസ്തകങ്ങളാണ് കൂടുതലും വാങ്ങി വായിച്ചത്. സ്വന്തം രാജ്യത്തെ യുദ്ധക്കെടുതിയിലേക്ക് വലിച്ചെറിയുന്ന ഭരണാധിപന്മാരോടും വെറുപ്പായിരുന്നു. ജർമ്മനിയും ബ്രിട്ടനുമായുള്ള പല യുദ്ധങ്ങളിലും ഫ്രാൻസ് പരാജയപ്പെടുക മാത്രല്ല ജനങ്ങളും കൊല്ലപ്പെട്ടു. യൗവത്തിലെത്തിയതോടെ ഒരു പുതിയ കാലത്തിന്റെ ശബ്ദമായി മാറണമെന്ന് ഫ്രഞ്ച് സംസ്കാരത്തിന് ആഘാതമേൽപ്പിക്കുന്ന സുഖലോലുപരായ ബൂർഷ്വകളെ, ഭരണാധിപന്മാരെ ചാട്ടവാറുകൊണ്ടടിക്കണമെന്നും മനപൂർവ്വം മനസ്സും മന്ത്രിച്ചു. തലച്ചോറിൽ കയറിക്കൂടിയത് അക്ഷരങ്ങളായിരുന്നു.
രാജ്യം നേരിടുന്ന വിപത്തുകളെപ്പറ്റി എഴുതിക്കൊണ്ടിരിക്കെ മനസ്സിന്റെ ഭാവം മാറി തീവ്രാനുഭൂതിയിലേക്ക് വഴുതി വീഴുക മാത്രമല്ല ഉന്നതരെ വെല്ലുവിളിക്കുകയും ചെയ്തു. എഴുതി കൂട്ടിയതെല്ലാം ആദ്യം കാണിക്കുന്നത് പാരിസിലുണ്ടായിരുന്ന പ്രശസ്ത നോവലിസ്റ്റ് ഗുസ്താവൂ ഫ്ലോബേറെയാണ്. അദ്ദേഹം ഗുരുതുല്യനായിരുന്നു. പാരീസ് നഗരത്തിന്റെ ഉന്മാദ സൗന്ദര്യത്തെക്കുറിച്ചെഴുതിയ കഥകൾ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. ഫ്രാൻസിലെ ബൂർഷ്വകൾ ഉല്പാദിപ്പിക്കുന്ന ഹിംസാത്മക പ്രവർത്തങ്ങൾക്കെതിരെയും അതിന് കൂട്ടു നിൽക്കുന്ന ഭരണത്തിനെതിരെയും മോപ്പസാങ് തുറന്നെഴുതി. സമൂഹത്തിൽ വേട്ടയാടപ്പെടുന്ന ഇരകൾക്ക് ഒരാശ്വാസമായി അദ്ദേഹത്തിന്റെകഥകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1872 മുതൽ 1880 വരെ സർക്കാർ ജോലി ചെയ്യുമ്പോഴും ആകാശംമുട്ടെ എന്ന ഭാവത്തിൽനിന്നു അഹങ്കാരികളായ ഉന്നത ഉദ്യോഗസ്ഥന്മാരോട് കലഹിച്ച് ജോലി ഉപേക്ഷിച്ചു. അധികാരത്തിത്തിന്റെ ഇൗ സമ്പൽസമൃദ്ധിയിൽ ആനന്ദിച്ചു കഴിഞ്ഞവരെയെല്ലാം മോപ്പസാങ്ങിന്റെ കഥകൾ ഒരു വാൾപോലെ അരിഞ്ഞു ഞ്ഞു വീഴ്ത്തി. നിത്യ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന ജനത്തിന്റെ ഉറ്റതോഴനായി മാറി. ആയിരങ്ങൾ അണി നിരക്കുന്ന സമരവീരപോരാളികളെപോലെ ഒാരോ കഥകളും ജനങ്ങളിൽ ആവേശമുണർത്തി. അധികാരസുഖത്തിന്റെ മധുരലഹരിയിൽ ജീവിച്ചവർക്ക് ഉത്കണ്ഠയേറി വന്നു.
കേരളത്തിലാദ്യമായി 1932ൽ എം.പി പോളിന്റെ ചെറുകഥാപ്രസ്ഥാനം പുറത്തുവരുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ഒരു സിംഹഗർജ്ജനമായി കേരളത്തിലെങ്ങും അലയടിച്ചതുപോലെയാണ് മോപ്പസാങ്ങിന്റെ അക്ഷരങ്ങൾ സിംഹഗർജനമായി ഫ്രാൻസിലെങ്ങും അലയടിച്ചത്. സമൂഹത്തിലെ ദുഷ്ടശക്തികൾക്കെതിരെ ഒരെഴുത്തുകാരന്റെ സാഹിത്യസംസ്കാരം എന്തായിരിക്കണമെന്ന് കാണിച്ചുകൊടുക്കുക മാത്രമല്ല ആ കഥകളിലൂടെ ഒരു കഥയുടെ ആശയലോകം എങ്ങനെ ആവിഷ്കരിക്കണമെന്നുകൂടി അടയാളപ്പെടുത്തുന്നതായിരുന്നു. ജീവിത ദർശനമോ, അനുഭവ വിജ്ഞാനമോ ഇല്ലാത്തവർക്ക് സാഹിത്യകാരനോ കവിയോ ആകാൻ സാധ്യമല്ലെന്നും അങ്ങനെയുള്ളവർ ആശയ ദാരിദ്ര്യമനുഭവിക്കുന്നവരെന്നും അദ്ദേഹത്തിന്റെ എഴുത്തുകളിൽ നിന്ന് പഠിക്കാൻ സാധിക്കും. 1880 ലാണ് അദ്ദേഹത്തിന്റെ ആദ്യകഥ (ബാൾ ഒാഫ് ഫാറ്റ്) പുറത്തു വരുന്നത്. ആദ്യത്തെ കഥ തന്നെ 1939-ൽ അമേരിക്കയിലെ സിനിമ സംവിധായകൻ ജോൺ ഫോർഡ് “സ്റ്റേജ് കോച്ച്’ എന്ന പേരിൽ സിനിമയാക്കി. സമൂഹത്തിലെ അധികാരികൾക്കും സമ്പന്നർക്കും മുകളിൽ മോപ്പസാങ് ഒരു കഴുകനെപ്പോലെ പറന്നു. അധികാരികൾ വെച്ചുനീട്ടിയ ആനുകൂല്യങ്ങളിലൊന്നും അദ്ദേഹം വീണില്ല. അവരുടെ ഉറ്റ തോഴനായി കഴിഞ്ഞിരുന്നെങ്കിൽ ധാരാളം ബഹുമതികൾ ലഭിക്കുമായിരുന്നു. അധികാരത്തിലുള്ളവരുടെ വീട്ടുവേലക്കാരനല്ല സർഗ്ഗധനരായ സാഹിത്യകാരന്മാർ എന്നദ്ദേഹം തെളിയിച്ചു. ആ സാഹിത്യ സംസ്കാരം അദ്ദേഹം പഠിച്ചത് മൺമറഞ്ഞ മഹാന്മാരായ ബ്രിട്ടൻ, ഗ്രീസ്, ഇറ്റലി, റഷ്യ, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ എഴുത്തുകാരിൽ നിന്നാണ്. അക്ഷരം മൂലധനമായി ലഭിച്ചവന് അതിനെക്കാൾ വലിയ ധനം എന്തിനാണെന്നാണ് അദ്ദേഹം ഒരിക്കൽ ലണ്ടനിൽ വന്നു പോയപ്പോൾ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത.അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും നിറഞ്ഞു നിന്നത് പാവങ്ങളുടെ ദിനരോധനങ്ങളും നീതി നിഷേധങ്ങളുമാണ്. അധികാരത്തിലുള്ളവർ യാതൊരു അദ്ധ്വാനവുമില്ലാതെ സമ്പന്നരുടെ തിന്മകൾക്ക് കൂട്ടുനിന്ന് നീതി നിഷേധങ്ങൾ നടത്തി സമ്പത്ത് വർദ്ധിപ്പിക്കുന്നത് കണ്ടിരിക്കാൻ മോപ്പസാങിന്റെ സാഹിത്യ സംസ്കാരം അനുവദിച്ചില്ല. സാഹിത്യ ലോകത്ത് ഒരു വിപ്ലവ–സോഷ്യലിസ്റ്റായും അദ്ദേഹത്തെ കാണുന്നവരുണ്ട്.

മലയാള സാഹിത്യത്തിലും ചൂഷക വർഗ്ഗത്തിന്റെ ജീർണ്ണതയെ തുറന്നു കാട്ടിയ ഹൃദയവിശാലതയുള്ള ധാരാളം എഴുത്തുകാരുണ്ടായിരുന്നു. കേസരി ബാലകൃഷ്ണപിള്ള, എം.പി. പോൾ, ആശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ, മുണ്ടശ്ശേരി, തകഴി, പൊൻകുന്നം വർക്കി, തോപ്പിൽ ഭാസി, വയലാർ, ചെറുകാട്, പുരുഷ ചൂഷക വർഗ്ഗത്തിനെതിരെ ആഞ്ഞടിച്ച ലളിതാംബിക അന്തർജനം, കെ. സരസ്വതിയമ്മ. ഇന്നത്തെ കാവ്യ സംസ്കാരം പലതുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എഴുത്തുകാരന്റെ ശക്തിയും തേജസ്സും തിളക്കവും സാമൂഹ്യ അനാചാരങ്ങൾക്കെതിരെയോ, അരാജകത്വത്തിനെതിരെയോ, കടന്നുവരാതെ താളത്തിനൊത്ത് ഇൗണം പോലെ ചില പ്രസ്ഥാനങ്ങളുടെ സേവകരായി മാറുന്നു. മറ്റൊന്നുള്ളത് ഇൗ കൂട്ടരുടെ സർഗ്ഗസാമർത്ഥ്യങ്ങൾ സാഹിത്യസൃഷ്ടിയിലൂടെ പ്രകടമാകുന്നില്ല. ഒരവാർഡിൽ എല്ലാം തികഞ്ഞവരായി മാറുന്നു. ഇൗ കൂട്ടർക്ക് കൃത്രിമ സൗന്ദര്യം നല്കിക്കൊണ്ട് ചാനലുകളും മാധ്യമങ്ങളും അവരെ പ്രബലരാക്കുന്നു. ഇത് “കമ്പോള സാഹിത്യസംസ്കാരത്തിന്റെ ദയനീയ മുഖമാണ് വെളിപ്പെടുത്തുന്നത്. അതിനൊപ്പം ഞെട്ടിപ്പിക്കുന്ന ഒന്നാണ് എഴുത്തുകാരെ പത്രക്കാരെ കൊല്ലുക. ഇൗ ഫാസിസ്റ്റ് ഫ്യൂഡൽ ശക്തികളെ വളർത്തുന്നതിൽ അധികാരികൾക്കും അവരുടെ അപ്പ കഷണം തിന്ന് കൊഴുത്തു തടിക്കുന്ന സങ്കുചിത മനസ്സുള്ള എഴുത്തുകാരനും പങ്കുണ്ട്. കൂടുതലും ജന്മസിദ്ധമായ സർഗ്ഗപ്രതിഭയുള്ളവരാണ് എഴുത്തുകാരാകുന്നത്. സത്യത്തിൽ അവരാണ് ഒരു ഭാഷയുടെ പ്രതിനിധികളാകേണ്ടത്. അവരുടെ സൃഷ്ടികൾ അനുഭൂതിയുടെ അറിവിന്റെ അഗാധ തലങ്ങളിലാകും മനുഷ്യനെ നയിക്കുന്നത്. ഇൗ അറിവിന്റെ ആദ്യപാഠം പഠിച്ചവരാണ് വികസിത രാജ്യങ്ങളിലെ ജനങ്ങൾ. എത്രയോ നൂറ്റാണ്ടുകളായി അധികാര – ആൾദൈവവിശ്വാസങ്ങൾക്കെതിരെ അവർ എഴുതുന്നു. അവരെ കൊലചെയ്യുന്നതായി അറിയുന്നില്ല.
ദരിദ്രരാജ്യങ്ങളിൽ അറിവിനായി അധികാരികൾ ഒന്നും ചെയ്യുന്നില്ല. അതിനാൽ അരാജകത്വവും അനീതിയും വളരുന്നു. അത് തുറന്നു കാണിക്കുന്ന എഴുത്തുകാർ ഇൗ ഫാസിസ്റ്റ് ഭരണങ്ങളിലുള്ളവർക്ക് ഉപദ്രവകാരികളായി മാറുന്നു. അധികാരികൾക്കൊപ്പം നിൽക്കുന്ന എഴുത്തുകാരന് ഒരു പോറലുമുണ്ടാകുന്നില്ല. സാഹിത്യ സംസ്കാരം മേലാളന്മാരുടെ സേവനത്തിനുള്ളതല്ലെന്ന് വിപ്ലവകാരിയായ സാഹിത്യകാരനറിയാം. അവർ എന്നും ഇരക്കൊപ്പമാണ് വേട്ടക്കാരനൊപ്പമല്ല. ഒരെഴുത്തുകാരന്റെ മരണം ഒരു ഭാഷയുടെ മരണമാണ്. ഒരു സംസ്കാരത്തിന്റെ മരണമാണ്. ഒരു മന്ത്രി മരിച്ചാൽ പകരത്തിന് മന്ത്രിയുണ്ടാകും. ഒരെഴുത്തുകാരൻ മരിച്ചാൽ പകരം വെക്കാനാകില്ല. ഒരു പ്രതിഭയ്ക്ക് ഒരിക്കലും മരണമില്ല. ആ സാഹിത്യ സംസ്കാരമാണ് ഇൗ വികസിത രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ള എനിക്ക് കാണാൻ കഴിഞ്ഞത്. അനീതിയുടെ ചൂഷണത്തിന്റെ നരകക്കുഴിയിൽനിന്ന് മനുഷ്യനെ സംരക്ഷിക്കുന്ന എഴുത്തുകാരൻ എന്നുമെന്നും ജനങ്ങളുടെ നാവാണ്. അതുകൊണ്ടാണ് മോപ്പസാങ്ങിനെപ്പോലുള്ള മഹാന്മാർ ജനഹൃദയങ്ങളിൽ നൂറ്റാണ്ടുകളായി ജീവിക്കുന്നത്. ആ വൈവിധ്യമാർന്ന ഏകത്വ സാഹിത്യ സംസ്കാരമാണ് ഇന്നാവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more