1 GBP = 103.90

കർണാടകയിൽ കോൺഗ്രസ്, ജെഡിഎസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങ് വൈകിട്ട് 4.30ന്

കർണാടകയിൽ കോൺഗ്രസ്, ജെഡിഎസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങ് വൈകിട്ട് 4.30ന്

ബംഗളൂരു: കർണാടകത്തിൽ  കോൺഗ്രസ്, ജെഡിഎസ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷൻ ജി പരമേശ്വരയും വിധാൻ സൗധയ്ക്ക് മുന്നിൽ അധികാരമേൽക്കും. സോണിയ ഗാന്ധി മുതൽ മമതാ ബാനർജി വരെയുളള പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സാന്നിധ്യം ചടങ്ങിലുണ്ടാവും. ഭിന്നതകളെ തത്കാലം പിന്നണിയിലേക്ക് മാറ്റിനിർത്തിയാണ് കുമാരസ്വാമി മന്ത്രിസഭ അധികാമേൽക്കുന്നത്.

വിശ്വാസവോട്ടിന്  മുമ്പ് മന്ത്രിമാർ ആരൊക്കെ, വകുപ്പ് ഏതൊക്കെ എന്ന കാര്യത്തിൽ തീരുമാനം വേണ്ട എന്നാണ് ധാരണ.  മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം വിധാൻസൗധയിൽ വൈകീട്ട് 4.30ന് സത്യപ്രതിജ്ഞ ചെയ്യും. ഒരു ഉപമുഖ്യമന്ത്രി മാത്രം മതിയെന്ന് തീരുമാനമെടുത്ത കോൺഗ്രസ് ജി. പരമേശ്വരയെ തെരഞ്ഞെടുത്തു. 34 അംഗ മന്ത്രിസഭയാണ് ജെഡിഎസ് കോൺഗ്രസ് സർക്കാരിൽ ഉണ്ടാവുക.

ഇതിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12  പേരാണ് ജെഡിഎസിന്. ഉപമുഖ്യമന്ത്രി ഉൾപ്പെടെ 22 പേർ  കോൺഗ്രസിന്. സ്പീക്കർ പദവി കോൺഗ്രസിനാണ്. മുൻ സ്പീക്കറും സിദ്ധരാമയ്യ സർക്കാരിൽ ആരോഗ്യമന്ത്രിയുമായ കെ ആർ രമേഷ് കുമാറാവും സ്പീക്കർ സ്ഥാനാർത്ഥി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ജെഡിഎസിനാണ്. വെളളിയാഴ്ച ഈ രണ്ട് സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് നടക്കും. വ്യാഴാഴ്ചയാവും വിശ്വാസവോട്ടെടുപ്പ് . 29ന് ശേഷം മാത്രമേ മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാവുകയുളളൂ.

പരമേശ്വര ഒഴിയുന്നതോടെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡി കെ ശിവകുമാർ എത്തിയേക്കും.അർഹിച്ച അംഗീകാരം അദ്ദേഹത്തിന് നൽകണമെന്ന വികാരം കോൺഗ്രസിലുണ്ട്. സഖ്യസർക്കാരിന്‍റെ ഏകോപന സമിതിയുടെ അധ്യക്ഷ പദവിയിൽ സിദ്ധരാമയ്യ എത്തിയേക്കും.  ബിജെപിക്കെതിരെ ദേശീയ തലത്തിൽ വിശാല ഐക്യനിര രൂപപ്പെടുന്നതിന്‍റെ ആദ്യചുവടാവും സത്യപ്രതിജ്ഞാ ചടങ്ങ്.  സോണിയ,രാഹുൽ എന്നിവരും പിണറായി മുതൽ മമത ബാനർജി വരെയുളള മുഖ്യമന്ത്രിമാരും പങ്കെടുക്കും.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബെംഗളൂരുവിലെത്തി ദേവഗൗഡയെയും കുമാരസ്വാമിയെയും കണ്ടു. സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കില്ല. കോൺഗ്രസുമായി വേദി പങ്കിടാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് അദ്ദേഹം നേരത്തെയെത്തി ആശംസകൾ അറിയിച്ചതെന്നാണ് സൂചന.  കർണാടകത്തിന്‍റെ 24 മത് മുഖ്യമന്ത്രിയായാണ് കുമാരസ്വാമി അധികാരമേൽക്കുന്നത് . ദേവഗൗഡ കുടുംബത്തിലെ ആരും പ്രധാനമന്ത്രി പദവിയിലോ മുഖ്യമന്ത്രി പദവിയിലോ കാലാവധി പൂർത്തിയാക്കിയിട്ടില്ല. കുമാരസ്വാമി അത് തിരുത്തുമോ എന്ന് കണ്ടറിയണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more