1 GBP = 103.16

ഭൂമിയിടപാട്; കർദ്ദിനാൾ ജോർജ് ആലഞ്ചേരി ബന്ധുക്കൾക്ക് സഭയുടെ സ്ഥലവും വീ‌ടും നൽകിയതായി പുതിയ ആരോപണം

ഭൂമിയിടപാട്; കർദ്ദിനാൾ ജോർജ് ആലഞ്ചേരി ബന്ധുക്കൾക്ക് സഭയുടെ സ്ഥലവും വീ‌ടും നൽകിയതായി പുതിയ ആരോപണം

കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാട് വിവാദങ്ങൾക്ക് ശമനമില്ല. മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ബന്ധുക്കൾക്ക് സഭയുടെ സ്ഥലവും വീ‌ടും നൽകിയതായി പുതിയ ആരോപണം. കാക്കനാട്ട് പാവങ്ങൾക്കായി സഭ നിർമിച്ച കർദ്ദിനാൾ കോളനിയിലെ വീടും സ്ഥലവും സഹോദരന്റെ ഭാര്യയ്ക്കും മകനും മറിച്ചുനൽകിയെന്ന് ആർച്ച് ഡയോസ്യൻ മൂവ്മെന്റ് ഫോർ ട്രാൻസ്‌പരൻസിയാണ് ആരോപിച്ചത്. സ്ഥലം കൈമാറിയതിന്റെ രേഖകളും മൂവ്മെന്റ് പുറത്തുവിട്ടു.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിക്കച്ചവടത്തിൽ ആരോപണവിധേയനായ കർദ്ദിനാൾ പുതിയ ആരോപണത്തോടെ വീണ്ടും പ്രതിസന്ധിയിലായി. നോമ്പുകാലത്ത് അടങ്ങിയ സ്ഥലമിടപാട് വിവാദം വൈദികരുടെയും മൂവ്മെന്റിന്റെയും നേതൃത്വത്തിൽ വീണ്ടും സജീവമാക്കിയതിന് പിന്നാലെയാണ് ഗുരുതരമായ പുതിയ ആരോപണം ഉയർന്നത്.

പാവപ്പെട്ട 40 കുടുംബങ്ങൾക്ക് സഭ നിർമിച്ചുനൽകിയതാണ് കർദ്ദിനാൾ കോളനി. സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്നതാണ് ഈ പ്രദേശം. കോളനിയിലെ ആറു സെന്റ് സ്ഥലവും വീടുമാണ് ബന്ധുക്കൾക്ക് കർദ്ദിനാൾ മറിച്ച് നൽകിയതെന്ന് പറയുന്നു. 2016 സെപ്തംബർ 19ന് തൃക്കാക്കര സബ് രജിസ്ട്രാർ ഓഫീസിലാണ് രജിസ്ട്രേഷൻ നടത്തിയത്. രേഖകളിൽ കർദ്ദിനാളും ഒപ്പിട്ടിട്ടുണ്ട്. 22,50,500 രൂപ വിലയിട്ട് ഇടപാട് നടത്തിയെങ്കിലും സഭയ്ക്ക് പണം ലഭിച്ചിട്ടില്ലെന്ന് മൂവ്മെന്റ് ആരോപിക്കുന്നു. അതിരൂപതാ കച്ചേരിയോ മറ്റേതെങ്കിലും സമിതികളിലോ ആലോചനകളൊന്നും നടത്താതെയാണ് സ്ഥലം കൈമാറിയത്.

സ്ഥലമിടപാട് വിവാദത്തിന്റെ പേരിൽ സഭയുടെ ഫിനാൻസ് ഓഫീസർ പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട ഫാ. ജോഷി പുതുവയും രേഖകളിൽ ഒപ്പിട്ടിട്ടുണ്ട്. കുടുംബാംഗങ്ങളെ സഹായിക്കുന്നതിനാണെങ്കിലും സാമാന്യ മര്യാദകൾ പോലും കർദ്ദിനാൾ പാലിച്ചില്ലെന്ന് മൂവ്മെന്റ് ഭാരവാഹികൾ ആരോപിച്ചു. ആരോപണത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന നിലപാടിലാണ് അതിരൂപതാ അധികൃതർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more