1 GBP = 103.12

80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാനുള്ള തീരുമാനം: സര്‍ക്കാറിനെതിരെ കാന്തപുരവും സമസ്തയും

80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാനുള്ള തീരുമാനം: സര്‍ക്കാറിനെതിരെ കാന്തപുരവും സമസ്തയും

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍. തീരുമാനം സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണെന്ന് കാന്തപുരവും സമസ്തയും സംവരണ സമിതിയും ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭാവിനീക്കങ്ങള്‍ ആലോചിക്കാന്‍ സമസ്ത സംവരണ സമിതി യോഗം ഇന്ന് ചേരും.

മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ മുന്നാക്കക്കാര്‍ക്ക് അനധികൃതമായി നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്. തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലുമൊന്നും ജനസംഖ്യ നോക്കുന്നില്ല. സച്ചാര്‍ സമിതി ആനുകൂല്യങ്ങളില്‍ മാത്രം ജനസംഖ്യ അടിസ്ഥാനമാക്കുന്നത് നീതികേടാണെന്ന് സമസ്ത സംവരണ സമിതി ആരോപിച്ചു.

‘മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ തയ്യാറാക്കിയ  സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ്. പിന്നോക്കാവകാശങ്ങള്‍ മുന്നോക്കക്കാര്‍ക്ക് അനധികൃതമായി നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്. തൊഴില്‍ വിദ്യാഭ്യാസ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളനുവദിക്കുന്നതിലുമൊന്നും ജനസംഖ്യാ പ്രാതിനിധ്യം പരിഗണിക്കാതിരിക്കുകയും മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രൂപം നല്‍കിയ സച്ചാര്‍ സമിതി ആനുകൂല്യങ്ങളില്‍ മാത്രം ജനസംഖ്യാ പ്രാതിനിധ്യം കൊണ്ടുവരികയും ചെയ്യുന്നത് നീതികേടാണ്.”- സമസ്ത സംവരണ സമിതി അഭിപ്രായപ്പെട്ടു.

ചെയര്‍മാന്‍ ഡോ.എന്‍. എ.എം.അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍ അഡ്വ. ത്വയ്യിബ് ഹുദവി ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു.

തീരുമാനം മുസ്ലിംകളെ പിന്നോക്കാവസ്ഥയിലേക്ക് തള്ളുമെന്നും ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ വ്യക്തമാക്കി. മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ രൂപവത്കരിച്ച സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും ലക്ഷ്യങ്ങളുമായി ഒത്തു പോകുന്നതല്ല  മന്ത്രിസഭയുടെ തീരുമാനമെന്ന് കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.

പാലോളി സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കുകയെന്നാല്‍, മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നാണര്‍ഥം. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നത് സമിതിയുടെ ശിപാര്‍ശകളില്‍ ഒന്നുമാത്രമാണ്. സച്ചാര്‍ സമിതിയും പാലോളി സമിതിയും  ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചല്ല,  മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ചാണ് പഠിച്ചത്.

ഇതിനര്‍ഥം മറ്റു ന്യൂനപക്ഷങ്ങള്‍ക്ക്  ആനുകൂല്യങ്ങള്‍ നല്‍കേണ്ട എന്നല്ല.  അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുസ്ലിംകള്‍ക്ക് സവിശേഷമായി ഏര്‍പ്പെടുത്തണമെന്ന് രണ്ട് സമിതികളും നിയമപരമായി മുന്നോട്ട് വെച്ച ഒരു ശിപാര്‍ശ അതേ രീതിയില്‍ മുസ്ലിംകള്‍ക്ക് മാത്രമായി നടപ്പിലാക്കിയില്ലെങ്കില്‍ കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുസ്ലിം ന്യൂനപക്ഷം ഏറെ പിന്നാക്കം തള്ളപ്പെടുന്ന സ്ഥിതിയുണ്ടാകും.

ഇക്കാര്യത്തില്‍ സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും  കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ് മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍ഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി, പ്രൊഫ. യു സി മജീദ് പങ്കെടുത്തു.

80-20 അനുപാതം റദ്ദാക്കി ഹൈക്കോടതി വിധിവന്ന സാഹചര്യത്തില്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ മുഴുവന്‍ ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിന് ലഭിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നായിരുന്നു സമസ്ത നിലപാട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ സമസ്ത സംവരണ സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സമസ്തയുടെ നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more