1 GBP = 103.12

കണ്ണൂരിന്റെ കരുത്തറിയിച്ച് കണ്ണൂരുകാര്‍ യുകെയില്‍ ഒന്നിക്കുന്നു. രണ്ടാമത് യുകെ കണ്ണൂര്‍ സംഗമം നാളെ (ഒക്ടോബര്‍ 22) വോള്‍വര്‍ഹാംപ്ടണില്‍

കണ്ണൂരിന്റെ കരുത്തറിയിച്ച് കണ്ണൂരുകാര്‍ യുകെയില്‍ ഒന്നിക്കുന്നു. രണ്ടാമത് യുകെ കണ്ണൂര്‍ സംഗമം നാളെ (ഒക്ടോബര്‍ 22) വോള്‍വര്‍ഹാംപ്ടണില്‍

മാഞ്ചസ്റ്റര്‍ : കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന കുടിയേറ്റ കര്‍ഷകരുടെ ജില്ലയായ കണ്ണൂര് നിന്നും വിവിധ കാലഘട്ടങ്ങളിലായി യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം നാളെ (22/10/2016) വോള്‍വര്‍ഹാംപ്ടണില്‍ നടക്കും. നാളെ രാവിലെ 10 മണിക്ക് വോള്‍വര്‍ഹാംപ്ടണിലുള്ള യുകെ ക്നാനായ കാത്തലിക് ഹാളില്‍ ആരംഭിക്കുന്ന സംഗമം വൈകുന്നേരം 5 മണിക്ക് സമാപിക്കും.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ വച്ചായിരുന്നു നൂറുകണക്കിനാളുകളെ സാക്ഷി നിര്‍ത്തിക്കൊണ്ടു പ്രൗഢഗംഭീരമായീ ഒന്നാമത് കണ്ണൂര്‍ സംഗമം നടന്നത്. അതില്‍ നിന്നും ഉള്‍ക്കൊണ്ട ആവേശം തെല്ലും മങ്ങാതെ ഈ വര്‍ഷവും രണ്ടാമത് സംഗമത്തില്‍ എത്തി ചേരുവാനുള്ള പരിശ്രമത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂരുകാര്‍. അക്രമരാഷ്ട്രീയത്തിന് പേരു കേട്ട ജില്ലയാണ് കണ്ണൂരെങ്കിലും അക്രമ രാഷ്ട്രീയത്തോട് ‘മാനിഷാദ&’ പറയുന്നവരാണ് യുകെയിലുള്ള കണ്ണൂര്‍ സംഗമക്കാര്‍.

സുഹൃത്തിനെ അവന്റെ ജാതിയും മതവും കൊടിയുടെ കളറും നോക്കാതെ സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിക്കാനുള്ള അവന്റെ കഴിവ് ഒന്നു മാത്രമാണ് കണ്ണൂര്‍ ജില്ലാ സംഗമത്തിന്റെ വിജയമെന്നത്. രണ്ടാമത് കണ്ണൂര്‍ സംഗമത്തിന്റെ വിജയത്തിനായീ സോണി ജോര്‍ജ് കണ്‍വീനറായും അഡ്വ.റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍, ഹെര്‍ലിന്‍ ജോസഫ്, ശിവദാസ് കുമാരന്‍, ജോഷി മാത്യു, പ്രിയ തോമസ് ബിന്ദു പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ സ്വീകരിച്ചതു കൊണ്ട് കണ്ണൂര്‍ സംഗമത്തിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുവാന്‍ കഴിയുന്നുണ്ട് എന്നും സംഘടകര്‍ വ്യക്തമാക്കി. സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉച്ച ഭക്ഷണവും ഫ്രീ കാര്‍ പാര്‍ക്കിങ് സൗകര്യവും സമ്മേളന നഗരിയിലൊരുക്കിയിട്ടുണ്ട്.

അടുത്ത വര്‍ഷത്തോടെ കണ്ണൂരില്‍ ആരംഭിക്കാനിരിക്കുന്ന എയര്‍പോര്‍ട്ടും തുടര്‍ന്ന് അവിടെ വരാന്‍ പോകുന്ന വികസനവും മുന്‍കുട്ടി കണ്ടു കൊണ്ടു കണ്ണൂരില്‍ നിന്നും യുകെയിലേക്ക് കുടിയേറിപ്പാര്‍ത്ത വിദേശമലയാളികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു കൊണ്ട് നാട്ടില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും സംഗമം ചര്‍ച്ച ചെയ്യും. അതോടൊപ്പം തന്നെ കണ്ണൂര്‍ എയര്‍പോര്‍ട്ട് ആരംഭിക്കുമ്പോള്‍ തന്നെ യുകെയില്‍ നിന്നും നേരിട്ട് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു കേന്ദ്രസിവില്‍ വ്യോമയാന മന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും കേരള മുഖ്യമന്ത്രിക്കും നല്‍കുവാനുള്ള നിവേദനത്തിലെ ഒപ്പു ശേഖരണത്തിന്റെ ഉത്ഘാടനവും സംഗമത്തില്‍ നടത്തപ്പെടുന്നതായിരിക്കും.

ഇത്തവണത്തെ കണ്ണൂര്‍ സംഗമം ഏഷ്യാനെറ്റ് യൂറോപ് പ്രത്യേകം സംപ്രേഷണം ചെയ്യുന്നതുമായിരിക്കും. ഇക്കഴിഞ്ഞ ജി സി എസ് ഇ പരീക്ഷയില്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയ കണ്ണൂര്‍ സംഗമത്തിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡും സംഗമത്തില്‍ നല്‍കുന്നതായിരിക്കും.

കണ്ണൂര്‍ സംഗമ വേദിയുടെ വിലാസം –

UKKCA Community Hall

Woodcross Lane

Wolverhampton

WV14 9BW

Contact: Sony George – 07886854625

Post Your Comments Here ( Click here for malayalam )

Press Esc to close
show more