1 GBP =
breaking news

ചരിത്രം രചിച്ച കലയുടെ തിലകങ്ങളും പ്രതിഭകളും

ചരിത്രം രചിച്ച കലയുടെ തിലകങ്ങളും പ്രതിഭകളും

യുക്മയുടെ ചരിത്രത്താളിൽ പുതിയ ഒരു അദ്ധ്യായം എഴുതി ചേർത്തുകൊണ്ടാണ് ഈ വർഷത്തെ കലാതിലകം, കലാപ്രതിഭ അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടത്. കലാതിലകങ്ങൾ സൗത്ത് ഈസ്റ്റ് റീജിയൻ പങ്കുവെച്ചപ്പോൾ കലാപ്രതിഭകൾ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ ആണ് പങ്കുവെച്ചത്.
സൗത്ത് ഈസ്റ്റ് റീജിയണിലെ സംഗീത ഓഫ് ദി യുകെ യുടെ ശ്രദ്ധ വിവേക് ഉണ്ണിത്താനും സൗത്ത് ഈസ്റ്റ് റീജിയണിലെ തന്നെ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ഷാരോൺ ജെയിംസും സംയുക്ത കലാതിലകങ്ങളായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ യോർക്ഷയർ ആൻഡ് ഹംബർ റീജിയനിലെ ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിലെ സാൻ ജോർജ്ജ് തോമസും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനിലെ ഹരികുമാർ വാസുദേവനുമാണ് കലാപ്രതിഭ പട്ടങ്ങൾ പങ്കുവെച്ചത്. ഈ നാല് കലാകാരേയാണ് യുക്മ ന്യുസ് ഇന്ന് വായനക്കാർക്കു പരിചയപ്പെടുത്തുന്നത്.


ലോയേർഡ്സ് ബാങ്കിലെ പ്രോഗ്രാം മാനേജരായ വിവേക് ഉണ്ണിത്താന്റെയും അലൈൻസ് ഗ്ലോബൽ അസ്സിസ്റ്റൻസിൽ അനാലിസ്റ് പ്രോഗ്രാമർ ആയ ആശാ ഉണ്ണിത്താന്റെയും മകളും ക്രോയിഡോണിലുള്ള പാർക് ഹിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ ശ്രദ്ധ വിവേക് ഉണ്ണിത്താനാണു കലാതിലക പട്ടം പങ്കുവെച്ച ആദ്യകലാകാരി. സിനിമാറ്റിക് ഡാൻസ്, ലളിത ഗാനം, ഫാൻസി ഡ്രസ്സ് എന്നീ ഇനങ്ങളിൽ പതിനൊന്നു പോയന്റ് നേടിയാണ് ശ്രദ്ധ കലാതിലകമായത്.

സൗത്ത് ഈസ്റ്റ് റീജിയണിലെ സംഗീത ഓഫ് യുകെ അസ്സോസ്സിയേഷനിൽനിന്നും ദേശീയ കലാമേളയിൽ പങ്കെടുത്ത് ശ്രദ്ധ വിവേക് ഉണ്ണിത്താൻ എന്ന ഏഴു വയസുകാരി കലാതിലകം ആയതിൽ ഒരു അത്ഭുതവും കാണുന്നില്ല. എന്താണന്നല്ലെ? പലതാണ് കാരണങ്ങൾ.

ഒരു കലാ കുടുംബത്തിലെ ഒരു ചെറിയ കലാകാരിയാണ് ശ്രദ്ധ.
കലാമണ്ഡലം സത്യഭാമ എന്ന ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിച്ച യുകെയിലെ തന്നെ മികച്ച ഒരു നർത്തകിയുടെയും യൂണിവേഴ്സിറ്റി തലത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്ത ഒരു അമ്മയുടെയും മകൾ. അമ്മയുടെ ഗുരുവിന്റെ കീഴിൽ ആദ്യത്തെ മൂന്നര വർഷക്കാലം നൃത്തം അഭ്യസിച്ച ശേഷം യുകെയിലെ തന്നെ പ്രശസ്തനായ ഷിജു മേനോന്റെ കീഴിലും നൃത്താഭ്യാസം തുടരുന്നു. പ്രശസ്ത സീരിയൽ നിർമ്മാതാവ് ശ്രീമുവിസ് ഉണ്ണിത്താന്റെ പേരകുട്ടിയായ ശ്രദ്ധ സ്വന്തം അച്ഛനോടൊപ്പം വല്യച്ഛൻ നിർമ്മിച്ചു മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്യുന്ന ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മലയാളം സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ശ്രീ ദുരൈ സുബ്രഹ്മണ്യത്തിന്റെ ശിഷ്യത്വത്തിൽ കർണ്ണാടക സംഗീതം അഭ്യസിക്കുന്നതോടൊപ്പം കീ ബോർഡും ഗിറ്റാറും കൈകാര്യം ചെയ്യുന്നു. ക്രോയിഡോൺ ഡ്രാമാ തീയേറ്റേഴ്സിന്റെ ശ്രീ ഗുരുവായൂരപ്പൻ എന്ന നാടകത്തിൽ ഗുരുവായൂരപ്പനായി ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്.

ഈ വർഷത്തെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിൽ കലാതിലകം ആയിരുന്ന ഷാരോൺ ജൂനിയർ
വിഭാഗത്തിൽ മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവും, സിനിമാറ്റിക് ഡാൻസ്, കഥാപ്രസംഗം എന്നീ ഇനങ്ങളിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കിയാണ് ദേശീയ കലാതിലക പട്ടത്തിന് അവകാശിയായത്. ഈ വർഷത്തെ ദേശീയ കലാമേളയിൽ ഭാഷാകേസരി അവാർഡിന്റേയും സംയുക്ത ജേതാവായിരുന്നു ഷാരോൺ.

ഷിജോ ജെയിംസിന്റെയും മീന ജോസഫിന്റെയും മൂന്ന് പെൺമക്കളിൽ മൂത്ത കുട്ടിയായ ഷാരോൺ 2015 ലെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിലും കലാതിലകപട്ടം സ്വന്തമാക്കിയിരുന്നു. കലാദേവിയാൽ അനുഗ്രഹീതമായ ഒരു കുടുംബമാണിവരുടേത് എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തി കലർന്ന ഒന്നായിരിക്കില്ല. നല്ലൊരു ഗായകനായ ഷിജോ റീജിയണൽ കലാമേളകളിൽ സ്ഥിരമായി വിജയിക്കാറുണ്ട്. ഷിജോ പാടാത്ത ദേശീയ കലാമേളകളും വിരളം.

ഇളയ സഹോദരി ക്രിസ്റ്റീന ജെയിംസ് കഴിഞ്ഞ വർഷത്തെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിൽ സബ്‌ജൂനിയർ വ്യക്തിഗത ചാമ്പ്യൻ ആയിരുന്നു. ഏറ്റവും ഇളയ സഹോദരി ഹെലന ജെയിംസും യുക്മ റീജിയണൽ ഫാൻസിഡ്രസ് മത്സരത്തിന് പങ്കെടുത്തുകൊണ്ട് യുക്മ കലാമേളകൾ കീഴടക്കാൻ തുടക്കം കുറിച്ച് കഴിഞ്ഞു.വിദ്യാഭ്യാസത്തിലും ഉന്നത നിലവാരം പുലർത്തുന്ന ഷാരോൺ കലാരംഗത്തു പ്രതിഭതെളിയിക്കുന്ന വിദ്യാർഥികൾക്ക് മാതൃകകൂടിയാണ്. ജി.സി.എസ്.ഇ.ക്ക് ഒൻപത് A – സ്റ്റാറുകളും ഒരു A യും നേടിയ ഷാരോൺ ജെയിംസ് പൂളിലെ പാർക്സ്റ്റോൺ ഗ്രാമർ സ്കൂളിൽ A – ലെവൽ വിദ്യാർത്ഥിനിയാണ്.

ഷെഫീൽഡ് ഹാലം യൂണിവേഴ്സിറ്റിയിൽ നിന്നും ടെലികോം ആൻഡ് ഇലക്ട്രോണിക്സിൽ മാസ്റ്റേഴ്സ് ചെയ്ത സാൻ ജോർജ്ജ് തോമസ് എന്ന ഈ കലാകാരൻ ചുരുങ്ങിയ നാളുകളെയായുള്ളൂ യുക്മയുടെ വേദികളിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയിട്ട്. ബാക്സ്റ്റർ ഹെൽത് കെയറിൽ വാലിഡേഷൻ എൻജിനീയറായി ജോലിചെയ്യുന്ന പാലക്കാട് സ്വദേശിയായ സാൻ സ്കൂൾ തലത്തിലെ മത്സരങ്ങളിൽ തെന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ടെങ്കിലും ഉപരി പഠനം തമിഴ്‌നാട്ടിലായിരുന്നതിനാൽ കോളേജ് തലത്തിൽ മത്സരത്തിന് അവസരം ലഭിച്ചിരുന്നില്ല .

തോമസ് – വത്സമ്മ ദമ്പതികളുടെ നാലുമക്കളിലെ മൂന്നു പെൺമക്കളും യൂത്ത് ഫെസ്റ്റിവലുകളിൽ ഡാൻസിനും പാട്ടിനും സമ്മാനങ്ങൾ വാങ്ങി വരുമ്പോൾ തനിക്കു എന്നാണു ഇതുപോലെ ഒരു സമ്മാനം കിട്ടുക എന്ന് സാൻ ആശിച്ചിട്ടുണ്ട് . കേരളത്തിലെ യുണിവേസിറ്റി മത്സരങ്ങളെ വെല്ലുന്ന യുക്മയുടെ വേദിയിൽ നിന്ന് ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചപ്പോൾ തന്റെ ആ പഴയ ആഗ്രഹത്തിനു പൂർത്തീകരണമുണ്ടായ അനുഭവമാണ് സാൻ യുക്മാ ന്യൂസിനോട് പങ്കുവെച്ചത്. തനിക്കു ലഭിച്ച ഈ അംഗീകാരം തന്റെ പ്രിയ പ്പെട്ട അമ്മയ്ക്കും ഭാര്യക്കും യുകെയിൽ തന്റെ കലാപരമായ കഴിവുകളിൽ വളരുവാൻ സഹായിച്ച ഹള്ളിലുള്ള സുഹൃത്തുക്കൾക്കും ഒപ്പം ഞങ്ങളെ നയിക്കുന്ന ഞങ്ങളുടെ ദീപ ചേച്ചിക്കും സമർപ്പിക്കുന്നതായി അറിയിച്ചു.

ഭാര്യ ലിസയോടൊപ്പം ഹള്ളിൽ താമസിക്കുന്ന സാൻ, ഉടൻ തന്നെ ഞാനും ഒരു പിതാവാകും എന്ന സന്തോഷവും യുക്മാന്യസിനോട് പങ്കുവെച്ചു. ഓരോ വർഷങ്ങൾ കഴിയുമ്പോഴും നിലവാരം ഉയർന്നുകൊണ്ടിരിക്കുന്ന യുക്മ കലാമേളകൾ വളർന്നുവരുന്ന പ്രവാസി തലമുറയ്ക്ക് കിട്ടുന്ന ഒരു വലിയ വേദിയാണെന്നും എല്ലാ മാതാപിതാക്കളും ഈ അമൂല്ല്യമായ അവസരം തങ്ങളുടെ കുട്ടികൾക്കായി ഉപയോഗപ്പെടുത്തണം എന്നും സാൻ പറഞ്ഞു.

സ്കൂൾ കോളേജ് തലങ്ങളിൽ സംഗീതത്തിൽ സമ്മാനങ്ങൾ നേടിയിരുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഹരികുമാർ വാസുദേവൻ സത്വസിദ്ധമായ തന്റെ കഴിവുകൾ പൊടിതട്ടി എടുക്കുന്നത് യുക്മയുടെ വേദിയിൽ ആദ്യമായി മത്സരിക്കുവാൻ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഹണ്ടിങ്ങ്ടൺ കലാമേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു . പൂജപ്പുര അബ്രഹാം മെമ്മോറിയൽ സ്കൂളിലെ പ്രാഥമീക വിദ്യാഭ്യാസത്തിനുശേഷം ഗവണ്മെന്റ് ആർട്സ് കോളേജിൽ നിന്നും ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഹരികുമാർ യൂണിവേഴ്സിറ്റി മത്സരവേദികളിലെ സ്ഥിരം സമ്മാനാർഹൻ ആയിരുന്നു. ഉള്ളൂർ സ്മാരക കവിതാ പാരായണമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ള ഹരികുമാർ ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം കോർഡിനേറ്ററായിരുന്ന കിളിമാനൂർ വാസുദേവന്റെയും അംബിക വാസുദേവന്റെയും മകനാണ്.

ടെക് മഹീന്ദ്രയുടെ ഐ ടി കൺസൾട്ടന്റായി യുകെയിലേക്ക് വന്ന ഹരി ഇപ്പോൾ സൈബർ യു കെ യിൽ ജോലി ചെയ്യുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും സമ്മാനങ്ങൾ നേടി പടിയിറങ്ങുമ്പോൾ തന്റെ പാട്ടുകളും കവിതകളും ആസ്വദിച്ചിരുന്ന സഹപാഠിയായ നിഷയെ ജീവിതപങ്കാളിയായി കൂടെ കൂട്ടാനും ഹരി മറന്നില്ല.  ഈ കലാമേളയിൽ സബ്‌ജൂയൂണിയർ വിഭാഗം ഗ്രുപ്പ് ചാമ്പ്യൻ ജിയാ ഹരികുമാർ ഏക മകളാണ്.
പ്രവാസ ജീവിതത്തിൽ അന്യമാകേണ്ടിയിരുന്ന കേരളീയ കലകളെ അടുത്ത തലമുറയ്ക്ക് പകർന്നു നൽകുവാൻ യുക്മ ചെയ്യുന്ന വിലമതിക്കാനാവാത്ത പ്രയഗ്നത്തിനു എങ്ങനെ നന്ദി പറയണമ് എന്ന് അറിയില്ല എന്നും കൂടുതൽ തനതു കലകളെ മത്സരവേദിയിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കണമെന്നും ഹരി യുക്മാ ന്യൂസിനോട് പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more