1 GBP = 103.12

കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ – രംഗം -4)

കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ – രംഗം -4)

സീന്‍ – 4

(ചാണ്ടിയുടെ വീട്. രംഗത്ത് ചാണ്ടി, സണ്ണി, റോസി. ചാണ്ടി അസ്വസ്ഥതയോടെ നടക്കുകയാണ്. അവസാനിച്ച അതേ ടെമ്പോയില്‍ ആണ് തുടങ്ങുന്നത്. സണ്ണി അതൊന്നും ഗൗനിക്കാതെ മൊബൈലില്‍ കളിക്കുകയാണ്. ചാണ്ടി റോസിയെ നോക്കി ചോദിച്ചു.)
ചാണ്ടി    :    ചാര്‍ളിയെ വിളിച്ചു പറഞ്ഞപ്പോള്‍ എന്റെ മോനെന്തൊ പറഞ്ഞെടീ… അവനു സഹിക്കാനൊക്കില്ല. കൂടപ്പിറപ്പ് ഇങ്ങനൊരു കൊള്ളരുതായ്മ കാണിക്കുമെന്ന് അവന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചുകാണില്ല.
റോസി    :    അച്ചായനുറക്കത്തിലായിരുന്നു. എന്താടീ പാതിരാത്രിക്ക് വിളിച്ച ശല്യപ്പെടുത്തുന്നതെന്ന് ചോദിച്ചു…
സണ്ണി    :    മമ്മീ.. ചിലപ്പോള്‍ വല്യപ്പച്ഛന്‍ തട്ടിപ്പോയെന്ന് അപ്പന്‍ വിചാരിച്ചുകാണും.
(റോസി സണ്ണീടെ തലക്കൊരു കിഴുക്കു കൊടുത്തശേഷം തുടര്‍ന്നു…)
റോസി    :    ഞാന്‍ കാര്യം പറഞ്ഞപ്പോള്‍, കാലം നന്നല്ല… എന്തും ആലോചിച്ചേ ചെയ്യാവൂ എന്നപ്പനോട് പറയാന്‍ പറഞ്ഞു. അച്ഛായന്‍ ഇങ്ങോട്ടു വരണോന്നും ചോദിച്ചു…
ചാണ്ടി    :    എന്റെ കുഞ്ഞെന്തിനാ ലക്ഷങ്ങളു മുടക്കി വരുന്നത്, നാട്ടുകാരുടെ പരിഹാസം കേള്‍ക്കാനോ… ഈ നാണംകെട്ട അവസ്ഥയില്‍ അവന്‍ ഇങ്ങോട്ടു വരണ്ട..
റോസി    :    അപ്പച്ഛന്‍ കുത്തിയിരുന്നു കരയുകാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഇച്ചായന്‍ പറഞ്ഞത് എന്താണെന്നറിയാമോ…എന്റെ അപ്പനെ നന്നായി  നോക്കിക്കോണേടീന്ന്…..
(അയാളൊന്നു വിതുമ്പി മാറി ഇരുന്നു)
സണ്ണി    :    എന്തൊക്കെ പറഞ്ഞാലും അതിഥി ആന്റി കാണിച്ചത് മര്യാദകേടാ… എന്റെ അപ്പനും വല്യപ്പച്ഛനും മമ്മിയുമൊക്കെ ക്ഷമിച്ചാലും  ഈ സണ്ണി ക്ഷമിക്കില്ല.
(അവനെ അഭിമാനത്തോടെ നോക്കിയിട്ട് ചാണ്ടി പറഞ്ഞു)
ചാണ്ടി    :    കണ്ടോടീ… കുടുംബ മഹിമ കണ്ടോ… കുടുംബത്തിന്റെ അഭിമാനോ ഉശിരും കണ്ടില്ലേ… ഇവനാ… ഇവനാ… ഈട്ടിത്തറയിലെ കുഞ്ഞ്.
സണ്ണി    :    ആലോചിക്കുമ്പോള്‍സഹിക്കുന്നില്ല വല്യപ്പച്ഛാ… ഒരു മനസ്സമ്മതം, കല്യാണം, അടുക്കള കാണല്, വിരുന്ന്….. അങ്ങനെ എന്തോരം ഭക്ഷണമാ നഷ്ടമായത്.
(ചാണ്ടിയും റോസിയും അവനെ അന്തംവിട്ടുനോക്കി. അവന്‍ ചോദിച്ചു.)
നോക്ക് മമ്മീ… വല്യപ്പച്ഛനും വിഷമമുണ്ടല്ലേ…. നിസാര കാര്യമാണോ… ഇനി ഇതുവല്ലതും നടക്കുന്ന കാര്യമാണോ…?
(ചാണ്ടി ഒരു നിമിഷം ചമ്മിനിന്നു. ശേഷം ദേഷ്യത്തോടെ റോസിക്കടുത്തേക്കു നടന്നെത്തി. അവളോട് ചോദിച്ചു)
ചാണ്ടി    :    ചാര്‍ളിം നീയുംകൂടെ, ഭക്ഷണം കഴിക്കുന്നതിനുപകരമാണോടീ, ഇവനു ജന്മം കൊടുത്തത്..
(തിരിഞ്ഞു സണ്ണിയെ നോക്കി)
കുടുംബത്തിനു പേരുദോഷം കേള്‍പ്പിക്കാനായി ഓരോന്നു ജനിച്ചോളും…
(അവന്റെ അടുത്തുചെന്ന് ദേഷ്യത്തോടെ…)
ആനക്കാര്യത്തിനിടക്കാണോടാ ചേനക്കാര്യം.
(അയാള്‍ ദേഷ്യം തീര്‍ക്കുന്ന മട്ടില്‍ അവനോട്)
(ചെറുക്കന്‍ നിസാരമായി നില്‍ക്കുകയാണ്. അയാള്‍ ചലിച്ചുമാറി… തിരിഞ്ഞുവന്നു)
എടാ ഈ കുടുംബം ഏതാണെന്നറിയാമോ… എന്റെ അപ്പനാരാണന്നറിയാമോ…
സണ്ണി    :    അപ്പോള്‍ വല്യപ്പച്ഛനറിയില്ലേ…. വല്യപ്പച്ഛനറിയാന്‍ മേലാത്ത കാര്യമെങ്ങനാ ഞാനറിയുന്നത്…
(അയാള്‍ നാക്കു കടിച്ചവനെ ഇടിക്കാനോങ്ങിയിട്ട് ഒരു പ്രയോജനവുമില്ലെന്ന മട്ടില്‍ മാറി ഇരുന്നു.)
റോസി    :    സണ്ണിയേ… മിണ്ടാണ്ടിരിക്കുന്നുണ്ടോ നീയ്യ്…
ചാണ്ടി    :    എവിടെങ്കിലും പോയി ആത്മഹത്യ ചെയ്താലോ എന്നാലോചിക്കുകാ ഞാന്‍…
സണ്ണി    :    വേണ്ടാ…. ചത്തുപോകുമേ…..
ചാണ്ടി    :    നീയെന്നെ ചാകാനും സമ്മതിക്കില്ല.
(അയാളതു ഉള്ളുലഞ്ഞ മട്ടിലാണ് പറഞ്ഞത്. റോസി അയാള്‍ക്കടുത്തെത്തി)
റോസി    :    അപ്പച്ഛന്‍ എന്തു പോഴത്തരമൊക്കെയാ ഈ പറയുന്നത്…
ചാണ്ടി    :    പിന്നെ ഞാനെങ്ങനെ മനുഷ്യന്റെ മുഖത്തുനോക്കും… നീയും കേട്ടതല്ലേ അവരെന്റെ മുഖത്തുനോക്കി തന്തയ്ക്കു പറയുന്നത്. ആരും ഇതുവരെ ധൈര്യം കാണിച്ചിട്ടില്ല. ഞാനിനി എങ്ങനെ മെത്രാന്റെ മുഖത്തുനോക്കും.. ബന്ധുക്കളുടെ മുഖത്തുനോക്കും… ഈ കുടുംബത്തില്‍ എത്ര അച്ഛന്‍മാരുണ്ടെന്നറിയാമോ…
സണ്ണി    :    എനിക്കെന്റെ അച്ഛനെപ്പറ്റി മാത്രമേ അറിയത്തൊള്ളൂ… നമ്മളെന്തിനാ വല്യപ്പച്ചാ കുടുംബത്തൊള്ള മുഴുവന്‍ അച്ഛന്‍മാരേംപറ്റി തിരക്കുന്നത്…
ചാണ്ടി    :    ഒന്നുകിലീ ചെറുക്കനോട് മിണ്ടാതിരിക്കാന്‍ പറയണം.. ഇല്ലെങ്കില്‍ ഞാനിറങ്ങി എന്റെ പാട്ടിനുപോകും… പറഞ്ഞേക്കാം…
സണ്ണി    :    ഞാനു വരാം വല്യപ്പച്ഛാ… എനിക്ക് വല്യപ്പച്ചന്റെ പാട്ട് കേള്‍ക്കാലോ…
റോസി    :    സണ്ണീ നീ എഴുന്നേറ്റുപോ… നിന്നോടകത്തേയ്ക്ക് പോകാനാ പറഞ്ഞത്…
സണ്ണി    :    അതിഥി ആന്റി തെറ്റു ചെയ്‌തെങ്കില്‍, ഇപ്പോള്‍ ഞാനെന്ത് പിഴച്ചു…
ചാണ്ടി    :    ഒരു വലിയ കുടുംബത്തിനാ അവളു പേരുദോഷം ഉണ്ടാക്കിയത്. ഒരു വലിയ പാരമ്പര്യത്തിന്റെ കടയ്ക്കലാ കത്തി വെച്ചത്..
റോസി    :    എന്തായാലും സംഭവിച്ചുപോയി… അവള്‍ പ്രായപൂര്‍ത്തിയായ പെണ്ണാ… ഇനി എന്താണിതിനൊരു പരിഹാരം എന്നാ നമ്മള്‍ ആലോചിക്കേണ്ടത്…
(അയാള്‍ അസ്വസ്ഥനായി നടന്നു. പുറത്തുനിന്നും വേഗം അവിടേക്കുവന്ന മാര്‍ത്താണ്ഡന്‍)
മാര്‍ത്താണ്ഡന്‍    :    ചാണ്ടിച്ചായോ… എന്തൊക്കെയാ ഈ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ… അയ്യയ്യേ നാണക്കേട്….
(ചാണ്ടി അസ്വസ്ഥനായി മാറി ഇരുന്നു…)
ചാണ്ടി    :    എല്ലാവരും അറിഞ്ഞോടാ…
മാര്‍ത്താണ്ഡന്‍    :    മോശം കാര്യം ആയതുകൊണ്ട് വേഗം അറിയും.. ചാണ്ടിമാപ്പിളയുടേയും കേശവന്‍നായരുടേയും സ്‌നേഹവും കൂട്ടുമൊക്കെ എല്ലാവരും കണ്ടുപഠിക്കണമെന്നല്ലേ … നിങ്ങളുടെ ജീവിതത്തില്‍ അതിരുകളില്ല… മക്കളതു പ്രാവര്‍ത്തികമാക്കി. അതിന് നിങ്ങളിങ്ങനെ വിഷമിച്ചിരുന്നാലോ.. ദേ അപ്പുറത്ത് ആഘോഷം നടക്കുകാ…
(സണ്ണി ചാടി എഴുന്നേറ്റു)
ചാണ്ടി    :    (ആകാംക്ഷയോടെ) ആഘോഷമോ…
മാര്‍ത്താണ്ഡന്‍    :    കൊപ്രാക്കളത്തില്‍ നില്‍ക്കുമ്പോഴാ ഞാന്‍ വിവരം അറിഞ്ഞത്. ഓടിച്ചെന്നപ്പോള്‍ ഞാനെന്തവാ കണ്ടത്… കേശവന്‍നായരും അംബികാമ്മയുംകൂടി മോനേ മരുമോളേം നിലവിളക്കു കൊളുത്തി ദേ ഇങ്ങനെ സ്വീകരിക്കുന്ന കാഴ്ച. (വിളക്കുഴിയുന്നവനെപ്പോലെ കാണിച്ച്)
ചാണ്ടി    :    അതുശരി… അവരുടെ രണ്ടിന്റേം പൂര്‍ണ്ണ സമ്മതത്തോടാ അപ്പോളവനിതു ചെയ്തത് അല്ലേ…
മാര്‍ത്താണ്ഡന്‍    :    കാര്യങ്ങളുടെ കിടപ്പുവശം വെച്ചു നോക്കുമ്പോള്‍ സംഗതി അങ്ങനാകാനാ വഴി.
ചാണ്ടി    :    അപ്പോള്‍ കേശവനെന്നെ ചതിക്കുകാരുന്നു..
സണ്ണി    :    അല്ല വല്യപ്പച്ചാ… ഈ അശോകേട്ടന്‍ അതിഥി ആന്റിയെ കല്യാണം കഴിച്ചാല്‍ എന്താ കുഴപ്പം?
ചാണ്ടി    :    (ദേഷ്യത്തോടെ അവനേയും റോസിയേയും നോക്കി.)
ക്ഷമയ്ക്ക് ഒരതിരുണ്ട് റോസീ… ഇവനെ നീ വിളിച്ചോണ്ടുപോണോ അതോ ഞാനിവനെ കൊല്ലണോ…
റോസി    :    സണ്ണിയേ….
സണ്ണി    :    ഇനി സംശയം ചോദിക്കുന്നില്ല…. തീര്‍ന്നല്ലോ…
റോസി    :    കേശവനച്ഛനും അംബികാമ്മേം എന്തുവേണമെന്നാ പിന്നപ്പന്‍ പറയുന്നത്..
മാര്‍ത്താണ്ഡന്‍    :    റോസി പറഞ്ഞതാ അതിന്റെശരി… അവരെനന്ത് ചെയ്യും…
ചാണ്ടി    :    അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചെത്തിയ മുറ്റത്തു കേറ്റത്തില്ല.
റോസി    :    അവര്‍ക്കൊറ്റ മോനല്ലേ…
ചാണ്ടി    :    എനിക്കും പത്തും പലതുമൊന്നുമില്ല. ഒരു മോനും മോളുമേയുള്ളൂ… ഒന്നായാലും ഒന്‍പതായാലും തെണ്ടിത്തരം കാണിച്ചാല്‍ ക്ഷമിക്കില്ല ചാണ്ടി..
മാര്‍ത്താണ്ഡന്‍    :    ഒന്നേ ഉള്ളെങ്കിലും ഒലക്കയ്ക്കടിക്കണം എന്നാ പ്രമാണം…
സണ്ണി    :    ഇപ്പോള്‍ ഒലക്കയ്ക്ക് എവിടെപ്പോകും പിള്ളേച്ചാ… ഒന്നുള്ളത് എന്നെ അടിയ്ക്കാന്‍ വേണ്ടി വല്യപ്പച്ഛന്‍ മാറ്റിവച്ചേക്കുകാ…
മാര്‍ത്താണ്ഡന്‍    :    മിക്കവാറും ഒന്നുകൂടി വാങ്ങേണ്ടിവരും..
ചാണ്ടി    :    എനിക്കീ കാര്യത്തില്‍ ഒരു തീരുമാനമേയുള്ളൂ.. ചാണ്ടി മരണംവരെ മറക്കില്ല… ക്ഷമിക്കില്ല… എനിക്കിങ്ങനൊരു മോളില്ല.. എന്റെ ജീവിതത്തില്‍നിന്നും അവളു മരിച്ചു… ദേ എല്ലാവരും കേള്‍ക്കാന്‍വേണ്ടി പറയുകയാ…ഇനി ആരും അവളെ കാണാന്‍ പാടില്ല, അപ്പുറത്തേയ്ക്ക്‌പോകാന്‍ പാടില്ല… അങ്ങനെങ്ങാനും സംഭവിച്ചാല്‍…
സണ്ണി    :    വല്യപ്പച്ചാ…..
ചാണ്ടി    :    അനുസരണയില്ലാത്ത തൊന്നും ചാണ്ടിയുടെ ജീവിതത്തില്‍ വേണ്ട… അത് കൊച്ചുമോനാണെങ്കില്‍പ്പോലും ….. (സണ്ണിയും റോസിയും അകത്തേക്ക്)
മാര്‍ത്താണ്ഡന്‍    :    പോകാനുള്ളതു പോയി… അതിന്… ഇങ്ങനെയിരുന്നിട്ട് കാര്യമുണ്ടോ…
ചാണ്ടി    :    എന്റെ സ്വപ്നമാടോ… അല്ല ജീവിതം തന്നെ… എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു. ഒരു വിശ്വാസി ആയിപ്പോയി… അല്ലെങ്കില്‍ (അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു) ചാണ്ടിമാപ്പിള ഒരുമുഴം കയറില്‍ തീര്‍ന്നു എന്നൊരു പേരുദോഷം എന്റെ കുടുംബക്കാരെ കേള്‍പ്പിച്ചേനെ.. (അവിടേക്കു പുറത്തുനിന്നും വരുന്ന കേശവന്‍നായര്‍)
കേശവന്‍നായര്‍    :    ചാണ്ടീ…
(ചാണ്ടിയുടെ ആ പറച്ചില്‍ അയാളും കേട്ടു.. ഒരുനിമിഷം ആരും ഒന്നും മിണ്ടിയില്ല.. നിശബ്ദത സംഗീതംപോലെ അവര്‍ക്കിടയില്‍ മരവിച്ചുകിടന്നു.. കുറേക്കഴിഞ്ഞു ചാണ്ടി മുഖമുയര്‍ത്തി കേശവന്‍നായരെ നോക്കി ചോദിച്ചു…)
ചാണ്ടി    :    ചത്തോ എന്നറിയാന്‍ വന്നതായിരിക്കും….
കേശവന്‍നായര്‍    :    ചാണ്ടി മാപ്പിളേ…
ചാണ്ടി    :    (തുടരുവാനനുവദിക്കാതെ) അതേടാ, ഞാനിപ്പോഴും ചാണ്ടിമാപ്പിള തന്നെയാ.. ഇയാളും മോനും ചേര്‍ന്ന് എന്നെ വല്ലാതങ്ങ് തോല്‍പ്പിച്ചുകളഞ്ഞു…
കേശവന്‍നായര്‍    :    കുട്ടികളങ്ങനൊക്കെ ചെയ്തു… പുതിയ തലമുറയല്ലേ… നമ്മളൊക്കെ ചിന്തിക്കുന്നതിനപ്പുറമാ അവരുടെയൊക്കെ തീരുമാനം..
ചാണ്ടി    :    അത് വളര്‍ത്തുദോഷം…
കേശവന്‍നായര്‍    :    താന്‍ തന്റെ മോളെ വളര്‍ത്തിയതു ഇങ്ങനാരെങ്കിലും വിളിച്ചാല്‍ അവരുടെ കൂടെ ഇറങ്ങിപ്പോണം എന്നുപറഞ്ഞുപഠിപ്പിച്ചുകൊണ്ടാണോ….
(ആ ചോദ്യത്തിനു മുന്നില്‍ അയാളൊന്നു പതറി… ചലിച്ചു.)
ഞാനെന്റെ മകനെ വളര്‍ത്തിയതും ഇങ്ങനൊന്നും പറഞ്ഞുപഠിപ്പിച്ചല്ല..
ചാണ്ടി    :    എനിക്കൊരു ന്യായീകരണവും കേള്‍ക്കണ്ട.
കേശവന്‍നായര്‍    :    ന്യായീകരണത്തിനല്ല ഞാന്‍വന്നത്… (ചാണ്ടി നോക്കി)
ചാണ്ടി    :    പിന്നെ…
കേശവന്‍നായര്‍    :    എന്താണിനി ഇതിനൊരു പരിഹാരം എന്നറിയാനാ…
ചാണ്ടി    :    ഞാനോലിചിച്ചിട്ട് ഒരു പരിഹാരമേയുള്ളൂ….
(എന്തേ എന്നെല്ലാവരും ശ്രദ്ധിച്ചു…)
രണ്ടാളിനേംകൂടി അങ്ങ് കൊന്നുകളയുകാ….
(കേശവന്‍നായര്‍ അസ്വസ്ഥനായി ചലിച്ചു)
താന്‍ ചെയ്യുമോ…അതോ ഞാന്‍ ചെയ്യണോ…
മാര്‍ത്താണ്ഡന്‍    :    ചാണ്ടിമാപ്പിളേ… ഇങ്ങനെ വികാരപരമായി പ്രതികരിച്ചിട്ടു കാര്യമില്ല.
ചാണ്ടി    :    പ്രായം കുറേ ആയെടോ ഇനി പ്രത്യേകിച്ചു വികാരമൊന്നുമില്ല…         ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. പുകഞ്ഞകൊള്ളി പുറത്ത്…
മാര്‍ത്താണ്ഡന്‍    :    ഇവിടിപ്പം വികാരമല്ല, ചാണ്ടിമാപ്പിളേ ആവശ്യം… വിചാരമാ… നിനക്കെന്താ ഞങ്ങടെ കാര്യത്തിലെന്ന് ചോദിക്കാം. ഞാന്‍ നിങ്ങളുടെ രണ്ടു കുടുംബത്തിലും തിരിച്ചറിവായ കാലം മുതല്‍ പണിയെടുത്തു പുലരുന്ന ആളാ… രണ്ടു വീട്ടിലും എനിക്ക് ഒരേ സ്വാതന്ത്ര്യമാ… അതുകൊണ്ടു പറഞ്ഞതാ…
കേശവന്‍നായര്‍    :    ഞാനെന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാ…
ചാണ്ടി    :    എന്റെ മോള് നഷ്ടപ്പെട്ടു… സമൂഹത്തിലും സമുദായത്തിലുമുണ്ടായിരുന്ന വില പോയി..
കേശവന്‍നായര്‍    :    എന്റെ മോനെപ്പറ്റിയും, അയാളുടെ വിവാഹത്തെപ്പറ്റിയും ഞങ്ങള്‍ക്കും ചില സ്വപ്നങ്ങളൊക്കെ ഉണ്ടായിരുന്നു. നമ്മള്‍ സ്വപ്നം കാണുന്നതുപോലൊക്കെത്തന്നെ ജീവിതത്തില്‍ നടക്കണം എന്നു ശാഠ്യം പിടിക്കാന്‍ പറ്റുമോ… കുട്ടികളങ്ങനൊക്കെ ചെയ്തു… ഞാനോചിച്ചിട്ടു ഇനി ഒരു മാര്‍ഗ്ഗമേയുള്ളൂ… പത്ത് മാളോരെ അറിയിച്ച് അവരുടെ വിവാഹം മാന്യമായി നമ്മള്‍ നടത്തിക്കൊടുക്കുന്നു.
ചാണ്ടി    :    അപ്പോള്‍ കേശവന്‍നായര് കല്യാണാലോചനയുമായിട്ടു വന്നതാ… അല്ലേ… ശരി…
(അയാളൊരു നിമിഷം ആലോചിച്ചു… ചലിച്ചിട്ട്)
ഞാന്‍ വികാരിയച്ഛനോടും ഇടവകക്കാരോടുമൊക്കെ സംസാരിക്കാം. പിന്നിങ്ങനൊരു നാണം കെട്ട കാര്യമായതുകൊണ്ട് മെത്രാനേയും കാണേണ്ടിവരും.. തന്റെ മകന്‍ അശോകന്‍ മാമോദീസാ മുങ്ങി ക്രിസ്തുമതം സ്വീകരിക്കണം.. പള്ളിയില്‍ വച്ച് കല്യാണം… എന്താ സമ്മതമാണോ…
(അതുകേട്ടപ്പോള്‍ മാര്‍ത്താണ്ഡനും കേശവന്‍നായരും അസ്വസ്ഥരായി)
മാര്‍ത്താണ്ഡന്‍    :    അതെന്തിനാ ചാണ്ടിമാപ്പിളേ കുടുംബത്തില്‍ പിറന്നൊരു നായര് അങ്ങോട്ടു മുങ്ങുന്നത്…
ചാണ്ടി    :    ഇങ്ങോട്ടു ചേരുന്നതും ഞങ്ങളുടെ പെണ്ണിനെ കെട്ടുന്നതും നിങ്ങള്‍ക്കൊരന്തസ്സാ…
നമ്പൂരി മുങ്ങിയൊ നായാടിമുങ്ങിയോ എന്നതൊന്നും ഒരു കാര്യമല്ല… ഒരു നായരു ചെറുക്കനാ പെണ്‍കൊച്ചിനെ വിളിച്ചോണ്ടുപോയതു കുടുംബത്തില്‍ പിറന്ന നായരു കൊച്ചന്‍..
ചാണ്ടി    :    എന്റെ ചോദ്യത്തിനു കേശവന്‍നായര് മറുപടി പറയട്ടെ… നിനക്കിതിലെന്തുകാര്യം..
മാര്‍ത്താണ്ഡന്‍    :    സമുദായത്തിന്റെ കാര്യം വരുമ്പോള്‍ ഞങ്ങളൊന്നാ… അല്ലേ കേശവന്‍നായരേ  ചാണ്ടിമാപ്പിളയേക്കാള്‍ കുറഞ്ഞ പുള്ളിയാണോ കേശവന്‍നായര്…. അതെന്നുമുതല്? ഞങ്ങളുടെ സമുദായക്കാര്‍ വെറുതെ വിടുമെന്ന ചാണ്ടിമാപ്പിള കരുതണ്ട… (ചാണ്ടിയെ രൂക്ഷമായി നോക്കി മാര്‍ത്താണ്ഡന്‍ പുറത്തേയ്ക്ക് പോകുന്നു)
കേശവന്‍നായര്‍    :    ജാതിയും മതവും ഒന്നും നോക്കിയല്ല കുട്ടികള്‍ പരസ്പരം ഇഷ്ടപ്പെട്ടതും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചതും. ഞാന്‍ തന്റെ മകളെ ഹിന്ദുവാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇന്നലെവരെ അവളെന്റെ മോളാ… ഇന്നും അങ്ങനെതന്നാ… നമ്മളൊരുമിച്ചു ജീവിച്ചതും ജാതിയും മതവും ഒന്നും നോക്കിയല്ല.. ആണോ…
ചാണ്ടി    :    മെത്രാനച്ഛന്റെ കുടുംബത്തില്‍ കല്യാണം ആലോചിച്ചിരുന്ന പെണ്ണാ…
കേശവന്‍നായര്‍    :    ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവളെ എന്റെ മകന്‍ അശോകന്‍ കല്യാണം കഴിച്ചു കൂട്ടിക്കൊണ്ടുവന്നു. ഞങ്ങള്‍ സ്വീകരിച്ചു… ഞാന്‍ മാന്യനായതുകൊണ്ടും മനുഷ്യനായതുകൊണ്ടും ഇങ്ങനൊരാലോചനുമായിട്ടിവിടെ വന്നു.
ചാണ്ടി    :    എന്നുപറഞ്ഞാന്‍ ഞാന്‍ മനുഷ്യനല്ലെന്ന്….
കേശവന്‍നായര്‍    :    എന്ന് ഞാന്‍ പറയില്ല, ഞങ്ങളവളെ പൊന്നുപോലെ നോക്കും. എന്റെ കുടുംബത്തിലവള്‍ അന്തസ്സായി ജീവിക്കും. കാരണം അവളെന്റെ മോന്റെ ഭാര്യയാ… വരട്ടെ ചാണ്ടിമാപ്പിളേ….
(അയാളിറങ്ങാന്‍ തുടങ്ങുമ്പോള്‍)
ചാണ്ടി    :    ഒന്നു നിന്നേ…എനിക്കൊരു തീരുമാനമുണ്ട്.. ചത്ത് മണ്ണടിഞ്ഞാല്‍ പോലും മാറാത്ത തീരുമാനം. എന്റെ മകളു മരിച്ചു.. നമ്പൂരിമാരിരിക്കപിണ്ഡം വെക്കില്ലെ… അതിനു വകുപ്പില്ല.. പക്ഷേ തീരുമാനം തീരുമാനമാ…
കേശവന്‍നായര്‍    :    താന്‍ കാലഹരണപ്പെട്ട നമ്പൂരീടെ കൗപീനോം  പൂണൂലുമൊക്കെ എടുത്തു തോളേലിട്ടോണ്ടു നടന്നോ… ഞാനിറങ്ങുന്നു…
ചാണ്ടി    :    ഒരു ബന്ധം ഇവിടെ മുറിക്കുകാ… ഏതു മനുഷ്യനും അവനേറ്റവും പ്രിയപ്പെട്ടത്.. മണ്ണും പെണ്ണുമാ… പെണ്ണിനെ നീയൊക്കെ മോട്ടിച്ചു… ഇനി മണ്ണ് കൈവശപ്പെടുത്തുന്നതിനു മുന്‍പ് ഞാന്‍വിവേകത്തോടെ പെരുമാറണ്ടെ… നമ്മുടെ വസ്തുക്കളുടെ അതിരുകള്‍ തിരിച്ചു എത്രയും വേഗം മതിലുകള്‍ കെട്ടണം.
കേശവന്‍നായര്‍    :    നമ്മുടെ മനസ്സുകളിലും മതിലുകളില്ല ചാണ്ടീ…
ചാണ്ടി    :    ഞാനെന്റെ മനസ്സില്‍ മതിലുകെട്ടി നിന്നെ പുറത്താക്കി… അളന്നു തിരിക്കാന്‍ അപേക്ഷ കൊടുക്കുന്നു.. ഇനി നമ്മള്‍ ഒന്നല്ല.. രണ്ടാ… ഇനി ഒരിക്കലും ഈ വീട്ടിലേയ്ക്ക് വരരുത് എന്നാവശ്യപ്പെട്ടുകൊണ്ടുപറയുന്നു… ഇറങ്ങുക….
(കേശവന്‍നായര്‍ അന്തംവിട്ടുനോക്കി.. അയാള്‍ താക്കീതുപോലെ പറഞ്ഞു)
ഇറങ്ങിപ്പോകാന്‍….
(ഇവിടെ അതിശക്തമായ കവിത. ബന്ധവിച്ഛേദത്തിന്റെ മനസ്സുകളില്‍ മതിലു പണിഞ്ഞ് സൗഹൃദത്തെ കുടിയിറക്കുന്നതിന്റെ കാവ്യബിംബം.)

(തുടരും)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more