1 GBP = 103.87
breaking news

കലാഭവൻ ലണ്ടൻ്റെ ഇൻ്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ ഞായറാഴ്ച പ്രസ്ത സിനിമാ താരം രചന നാരായണൻകുട്ടി എത്തുന്നു…

കലാഭവൻ ലണ്ടൻ്റെ ഇൻ്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ ഞായറാഴ്ച പ്രസ്ത സിനിമാ താരം രചന നാരായണൻകുട്ടി എത്തുന്നു…

സാജു അഗസ്റ്റിൻ

ലണ്ടൻ :- പ്രശസ്ത സിനിമാ താരം രചന നാരായണന്‍കുട്ടി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ പത്താം വാരമായ ജനുവരി 17 ഞായറാഴ്ച 3 PM (ഇൻഡ്യ 8.30 PM) പ്രൗഢഗംഭീരമായ വേദിക്ക് വിഴിവേകാനെത്തുന്നു. പ്രശസ്ത മലയാള ചലച്ചിത്രനടിയും അറിയപ്പെടുന്ന കുച്ചിപ്പുടി നര്‍ത്തകിയും മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയുടെ അവതാരകയുമാണ് രചന നാരായണന്‍കുട്ടി. 

അഭിനയ രംഗത്ത് സജീവമാകുന്നതിന് മുന്‍പ്  നൃത്ത രംഗത്ത് ഏറെ ശ്രദ്ധേയയായിരുന്നു രചന. ഗുരുവായ ആചാര്യ ശ്രീമതി ഗീത പത്മകുമാര്‍, രചനയെ നൃത്തരംഗത്ത് സജീവമായി തുടരുന്നതിന് ഏറെ പ്രോത്സാഹിപ്പിച്ചു. ഗുരുവിന്റെ ഉപദേശപ്രകാരം ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. വസന്ത കിരണിന്റെ കീഴില്‍ അഭ്യസിച്ച് കുച്ചിപ്പുടിയില്‍ ബിരുദാനന്തര ബിരുദം നേടി. കലാമണ്ഡലം ശ്രീദേവി, തൃശൂര്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ എന്നിവരുടെ കീഴിലും നൃത്തം അഭ്യസിച്ചിരുന്നു.  സൂര്യ ഫെസ്റ്റിവല്‍, ബാല ത്രിപുരസുന്ദരി കുച്ചിപ്പുടി നൃത്സോത്സവം, കലാഭാരതി നൃത്തോത്സവം, ചിദംബരം ഫെസ്റ്റിവല്‍, ശ്രീ കാളഹസ്തീവര ക്ഷേത്രോത്സവം, ത്രിപ്രായര്‍ ഏകാദശി ഉത്സവം, ഇടപ്പള്ളി നൃത്താസ്വാദക സദസ്സ് നൃത്തോത്സവം, ഗുരുവായൂര്‍ ഉത്സവം, ശ്രീ വടക്കുംനാഥ മഹാശിവരാത്രി ഉത്സവം, സംക്രമണ ഉത്സവം, സ്വാതി തിരുനാള്‍ ഫെസ്റ്റിവല്‍ – വസായ്, ശാസ്ത്രം ഉത്സവം, ഐ.ഡി.എ നൃത്തോത്സവം, ഗുരു ഗോപിനാഥ് ഫെസ്റ്റിവല്‍, ഋതു’17, ഏറ്റുമാനൂര്‍ മഹാദേവ ഉത്സവം, ശങ്കരംകുളങ്ങര ഉത്സവം, കൊടുങ്ങൂര്‍ ഉത്സവം, റാപ്‌സോഡി ഉത്സവം – യു.എ.ഇ, നാട്യഭാരതി ഫെസ്റ്റിവല്‍ എന്നിങ്ങനെ നിരവധി പ്രശസ്ത വേദികളില്‍ രചന നാരായണന്‍കുട്ടി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കുച്ചിപ്പുടിയില്‍ ബിരുദാനന്തരബിരുദം നേടി പ്രാവീണ്യം തെളിയിക്കുമ്പോള്‍ തന്നെ ഭരതനാട്യം, മോഹിനിയാട്ടം, കര്‍ണ്ണാടിക് വോക്കല്‍ എന്നിവയിലും രചന ഡിപ്ലോമ നേടിയിട്ടുണ്ട്. കൂടാതെ ‘ഇന്‍ഡോളജി’യിലും ബാംഗ്ലൂര്‍ രേവ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിപ്ലോമ നേടി. സംസ്‌കൃത സാഹിത്യത്തെയും ഹിന്ദുമതത്തെയും കുറിച്ചുള്ള പഠനത്തിനൊപ്പം മറ്റ് ഇന്ത്യന്‍ മതങ്ങളായ ജൈനമതം, ബുദ്ധമതം, സിഖ് മതം, പാലി സാഹിത്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നതാണ് ‘ഇന്‍ഡോളജി’. രണ്ട് പതിറ്റാണ്ടോളുമായി ‘സൃഷ്ടി – സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്ട്സ്’ എന്ന പേരില്‍ തൃശൂരിലും എറണാകുളത്തുമായി നിരവധി കുട്ടികളെ നൃത്തകലയിലേയ്ക്ക് ആനയിച്ചു. 

നൃത്തത്തോടൊപ്പം നൃത്തസംവിധാനത്തിലും രചന സജീവമാണ്. അഭിനയത്തോളം തന്നെ തനിക്ക് പ്രിയപ്പെട്ടതാണ്  നൃത്തവും എന്ന് എപ്പോഴും ആവര്‍ത്തിക്കുന്ന രചനയെ തേടി 2019ല്‍ മുംബൈയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്കാരമെത്തി. ദേവദാസി സമ്പ്രദായം മുന്‍നിര്‍ത്തിയുള്ള ‘നിത്യസുമംഗലി’ എന്ന തമിഴ് ചിത്രത്തിലെ നൃത്ത സംവിധാനത്തിനാണ് അംഗീകാരം ലഭിച്ചത്. “നൃത്തത്തിനായുള്ള ആദൄ അംഗീകാരം…. അതും അന്താരാഷ്ട്ര തലത്തില്‍ നൃത്തസംവിധാനത്തിന്. ഈ അംഗീകാരം ആനന്ദ നടരാജനുള്ള സമര്‍പ്പണമാണ്”. പുരസ്കാര ചിത്രം പങ്കുവച്ച്  ഫേസ്ബുക്കില്‍ കുറിച്ച ഈ വാക്കുകള്‍ തന്നെ നൃത്തരംഗത്തെ രചനയുടെ സമര്‍പ്പണത്തിന്റെ തെളിവാണ്.

നാരായണന്‍ കുട്ടിയുടേയും നാരായണിയുടേയും രണ്ടു മക്കളില്‍ ഒരാളായിട്ട് തൃശ്ശൂര്‍ ജില്ലയില്‍ ആണ് രചനയുടെ ജനനം. വടക്കാഞ്ചേരി ഗവ. ഗേള്‍സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കമ്പോള്‍ സ്ക്കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്ത് വിജയം നേടി. നാലാം ക്‌ളാസുമുതല്‍ പത്തുവരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് വടക്കാഞ്ചേരി  ശ്രീ വ്യാസ എന്‍‌എസ്‌എസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ അവസരത്തില്‍ 2003-2004ല്‍ കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1998ലെ സംസ്ഥാന കേരളോത്സവത്തിലും കലാതിലകമായിരുന്നു. മോഹിനിയാട്ടത്തില്‍ സൗത്ത് സോണ്‍ വിജയിയായി കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുത്തു.

തൃശൂര്‍ ദേവമാത സിബിഎസ്ഇ സ്കൂളിലെ  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തില്‍ മിനിസ്ക്രീനില്‍ അഭിനയ രംഗത്തെത്തി. ‘റേഡിയോ മാംഗോ’യില്‍ ആര്‍.ജെയായും തിളങ്ങിയിട്ടുണ്ട്. എം. ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, ജയറാം, സുഹാസിനി എന്നിവരഭിനയിച്ച ‘തീര്‍ത്ഥാടനം’ എന്ന സിനിമയിലൂടെ 2001ലാണ് സിനിമയിലേയ്ക്ക് എത്തുന്നത്. ജയറാം നായകനായ ലക്കിസ്റ്റാര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. പുണ്യാളന്‍ അഗര്‍ബത്തീസ്, ആമേന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ‘ആറാട്ട്’ ആണ് രചനയുടെ ഏറ്റവും പുതിയ ചിത്രം. രചന ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. 

വ്യക്തിജീവിതത്തിലും വളരെ കരുത്തുറ്റ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് രചന.  ദിവ്യഉണ്ണി,മിയ ജോര്‍ജ്ജ്, രചന നാരായണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ‘കാത്തിടാം കേരളത്തെ’ എന്ന കോവിഡിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായിട്ടുള്ള നൃത്താവിഷ്‌കാരം ഏറെ അഭിനന്ദനം നേടിയിരുന്നു. രചനയുടെ ജാതി ഏതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയായിലൂടെ എത്തിയ ആളെ വളരെ നയപരമായി നേരിട്ട് ‘മനുഷ്യനായാണ് ജനിച്ചതും വളര്‍ന്നതും’ എന്ന് മറുപടി നല്‍കിയത് വൈറലായിരുന്നു. പ്രായം എത്രയെന്ന ചോദ്യത്തിന് ഗൂഗിള്‍ പറയുന്നതാണ് താനും വിശ്വസിക്കുന്നതെന്ന രചനയുടെ ഉത്തരവും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഗ്ലാമര്‍ ലുക്കില്‍ താനും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച് 2021ന്റെ തുടക്കത്തില്‍ രചന നാരായണന്‍കുട്ടി മോഡേണ്‍ ലുക്കിലെ വസ്ത്രം ധരിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. 

യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ്  ദീപ നായരാണ് കലാഭവന്‍ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിക്കുന്നത്.  കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്സൺ ജോർജ്, കോഡിനേറ്റർമാരായ റെയ്‌മോൾ നിധിരി, ദീപാ നായർ, സാജു അഗസ്റ്റിൻ, വിദ്യാ നായർ തുടങ്ങിയവരടങ്ങിയ  കലാഭവൻ ലണ്ടൻ സംഘമാണ്  ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നൽകുന്നത്.

യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ട്യൂട്ടര്‍ വേവ്സ് , അലൈഡ് ഫൈനാന്‍സ് , ഷീജാസ് ഐടിമാള്‍ കൊച്ചി , മെറാക്കി ബോട്ടിക്‌ എന്നിവരാണ് ഈ രാജ്യാന്താര നൃത്തോത്സവം സ്പോണ്‍സര്‍ ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക്  www.kalabhavanlondon.com സന്ദർശിക്കുക.

കലാഭവൻ ലണ്ടൻ അണിയിച്ചൊരുക്കുന്ന ഇൻ്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more