1 GBP = 103.82
breaking news

ചരിത്രത്തിൽ വരാത്ത ഒരു എഴുത്തുകാരനെ വായനക്കാർക്ക് പരിചയപ്പെടുത്തികൊണ്ട് ജ്വാല നവംബർ ലക്കം പ്രസിദ്ധീകരണത്തിലേക്ക്………..

ചരിത്രത്തിൽ വരാത്ത ഒരു എഴുത്തുകാരനെ വായനക്കാർക്ക് പരിചയപ്പെടുത്തികൊണ്ട് ജ്വാല നവംബർ ലക്കം പ്രസിദ്ധീകരണത്തിലേക്ക്………..

കാലയവനികക്കുള്ളിൽ മറഞ്ഞ പുനത്തിൽ കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു കൊണ്ട് ‘ജ്വാല’ നവംബർ ലക്കം പുറത്തിറങ്ങി. വാർദ്ധക്യകാല ജീവിതത്തെ കുറിച്ച് ഒരു പക്ഷെ നമ്മിൽ ആരും തന്നെ ചിന്തിച്ചുകാണില്ല. ചിലർക്ക് വാർദ്ധക്യം സങ്കീർണ്ണമാണ് ചിലർക്ക് സന്തോഷവും മറ്റുചിലർക്ക് തങ്ങൾ കൈയ്യടക്കിവെച്ചതെല്ലാം നഷ്ടപ്പെടുമെന്ന ആകുലതയും. ജീവിതം എരിഞ്ഞടങ്ങി ഉപയോഗശൂന്യമായി എന്ന് ചിന്തിക്കാതെ വാർദ്ധക്യത്തിലും സേവനപരമായ കാര്യങ്ങളിൽ വ്യാപൃതരായി സന്തോഷകരമാക്കുവാൻ ഉത്ബോധിപ്പിക്കുയാണ് ശ്രീ റെജി നന്തിക്കാട്ട് ഈ ലക്കത്തിലെ എഡിറ്റോറിയലിൽ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണമാണ് ഈ ചിന്തക്ക് ഇപ്പോൾ ബലമായത്.

എഴുത്തിന്റെ വ്യാകരണമല്ല സംസാരത്തിന്റെ വ്യാകരണമാണ് തൻ്റെ കൃതികളിൽ എന്ന് വ്യക്തമാക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുതുകളിലെ വ്യാകരണമില്ലായ്മയെപ്പറ്റിയുള്ള തർക്കത്തിൽ തന്റെ ഭാഗം വ്യക്തമാക്കുകയാണ് ‘സ്ഥലത്തെ പ്രധാന ദിവ്യന്മാരും മണ്ടൻ ബഷീറും’ എന്ന ലേഖനത്തിൽ പി. സോമനാഥൻ. “ബഷീറിന് വ്യാകരണമറിയില്ല എന്ന് പറയുന്നവർ സ്വന്തം അറിവില്ലായ്‍മയെ മലയാളത്തിലെ ഒരു വലിയ സാഹിത്യകാരന്റെ മേൽ ആരോപിക്കുകയാണ് ” എന്ന് മറയില്ലാതെ ലേഖകൻ പറയുന്നു.

“എനിക്ക് ഒന്നറിയാം, ഇവിടെ കഴിയുന്ന നിങ്ങളെക്കാൾ ക്രൂരരും അസ്വസ്ഥരുമാണ് പുറത്തു കഴിയുന്ന ഞങ്ങൾ. സാഹചര്യങ്ങൾ നിങ്ങളെ ഇവിടെയെത്തിച്ചു. ഭാഗ്യം കൊണ്ട് ഞങ്ങൾ പുറത്തു”. നിലക്കാത്ത കരഘോഷം. പിന്നെ ഞാൻ പറഞ്ഞതൊക്കെ സ്നേഹത്തിന്റെ വാക്കുകൾ ആയിരുന്നു. ജയിലിലെ ആഘോഷദിവസം തടവുകാർക്ക് മുന്നിൽ പ്രസംഗിക്കുവാൻ പോയ എഴുത്തുകാരി കെ എ ബീന എഴുതിയ അനുഭവക്കുറിപ്പ് ‘മതിലിനുള്ളിൽ’

ഭാഷക്കുള്ളിൽ പുതുഭാഷ സൃഷ്ടിച്ച ജീവിതത്തോട് സർഗ്ഗാത്മകമായ കവിതയുടെ വർത്തമാനത്തിൽ പുതിയ ജനുസ്സായി വരവറിയിക്കുന്ന ഇ- ഇടത്തിലെ ഇ – കവിതകളെ പറ്റി വിശദമായി പ്രതിപാദിക്കുന്നു ‘ഇ -കവിതയുടെ രുപഘടന’ എന്ന ലേഖനത്തിലൂടെ ഡോ. വി. അബ്ദുൽ ലത്തീഫ്.

രണ്ടാം ലോകമഹായുദ്ധകാലത്തു എഴുതപെട്ട, കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെ കുറിച്ചുള്ള മുന്നറിയിപ്പെന്ന നിലയിൽ മുതലാളിത്തരാജ്യങ്ങളിലെ സർക്കാരുകൾ സ്‌കൂൾ പാഠപുസ്തക രൂപത്തിലും മറ്റും വാൻ പ്രചാരം കൊടുത്തിരുന്ന, ‘ആനിമൽ ഫാ൦’ എന്ന നോവൽ അര നൂറ്റാണ്ടിനു ശേഷം വീണ്ടും വായിക്കുമ്പോൾ വായനക്കാർക്ക് അസ്വാസ്ഥതയുണ്ടാവാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു ‘ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ആനിമേൽഫാ൦ വായിക്കുമ്പോൾ’ എന്ന ലേഖനത്തിലൂടെ രാജേഷ് ആർ വർമ്മ.

എഴുപതുകളുടെ തുടക്കത്തിൽ അല്പം മാത്രമെഴുതി അപ്രത്യക്ഷനായ എ രവീന്ദ്രനെപ്പറ്റി വി സി ശ്രീജൻ എഴുതിയ ലേഖനം ചരിത്രത്തിൽ വരാത്ത ഒരാൾ, “സ്മരണകളിലേക്ക് ഒരു മടക്ക യാത്ര” എന്ന പക്തിയിൽ ജോർജ് അറങ്ങാശ്ശേരിൽ എഴുതിയ “സുഗന്ധം പരത്തുന്ന മെഴുകുതിരികൾ,ഉമാ രാജീവിന്റെ കവിത ‘കുമ്പസാരം’ അജീഷ് ബേബി എഴുതിയ കഥ ‘അപ്പോൾ ഞാൻ ഇങ്ങനെ ആയിരുന്നില്ലേ’, ജ്വാല മാനേജിങ് എഡിറ്റർ സജീഷ് ടോം എഴുതിയ കവിത ‘പിൻവിളി’ ജയേഷിന്റെ കഥ ‘മറിയാമ്മയും അവിശുദ്ധ ബന്ധങ്ങളും’ 2017 യുക്മ നാഷണൽ കലാമേളയുടെ ഓർമ്മ പങ്കുവെച്ചുകൊണ്ട് എം ഡൊമനിക് എഴുതി കലാമേള സമാപന സമ്മേളന വേദിയിൽ ആലപിച്ച കവിത ‘നാഷണൽ കലാമേള ഒരു സ്നേഹതീരം’ എന്നിവയാണ് ഈ ലക്കത്തിലെ മറ്റുവിഭവങ്ങൾ.

യുക്മ സാംസ്കാരിക വിഭാഗം എല്ലാമാസവും പ്രസിദ്ധികരിക്കുന്ന ജ്വാല ഇ – മാഗസിന് യുകെയിലെ സാഹിത്യാഭിരുചിയുള്ള വായനക്കാർക്കാരുടെ ഇടയിൽ നല്ല പ്രചാരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ കൃതികൾ ഉൾപ്പെടുത്തണം എന്നുള്ള വായനക്കാരുടെ ആവശ്യം പരമാവധി പാലിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി ചീഫ് എഡിറ്റർ റെജി നന്തിക്കാട് അറിയിച്ചു.

ഈ ലക്കം ജ്വാല മാഗസിൻ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more