1 GBP = 104.00
breaking news

നോട്ടിംഗ്ഹാമിൽ നടന്ന ചാരിറ്റി ബോക്‌സിംഗ് മത്സരത്തിനിടെ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർത്ഥി മരണമടഞ്ഞു; ജുബൽ റെജി വിട പറയുന്നത് പലർക്കും പുതുജീവൻ നൽകി

<strong>നോട്ടിംഗ്ഹാമിൽ നടന്ന ചാരിറ്റി ബോക്‌സിംഗ് മത്സരത്തിനിടെ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർത്ഥി മരണമടഞ്ഞു; ജുബൽ റെജി വിട പറയുന്നത് പലർക്കും പുതുജീവൻ നൽകി</strong>

നോട്ടിംഗ്‌ഹാം: നോട്ടിംഗ്ഹാമിൽ നടന്ന ചാരിറ്റി ബോക്‌സിംഗ് മത്സരത്തിനിടെ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ നോട്ടിംഗ്ഹാം എൻഎച്ച്എസ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർത്ഥി മരണമടഞ്ഞു. നോട്ടിംഗ്‌ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന 23 വയസ്സുള്ള മലയാളി വിദ്യാർത്ഥി ജുബൽ റെജിയാണ് മരണമടഞ്ഞത്.

മാർച്ച് 25 ശനിയാഴ്ച വൈകുന്നേരം ഹാർവി ഹാഡൻ സ്‌പോർട്‌സ് വില്ലേജിൽ നടന്ന ചാരിറ്റി ബോക്‌സിംഗ് മത്സരത്തിൽ പങ്കെടുത്ത നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ ജുബൽ റെജി രണ്ടു റൗണ്ടിൽ വിജയിച്ചിരുന്നു. മൂന്നാമത്തെ റൗണ്ടിൽ ഒരു മിനിറ്റ് മുപ്പത് സെക്കൻഡ് ആയതോടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റയുടനെ അബോധാവസ്ഥയിലായ ജൂബലിനെ നോട്ടിംഗ്ഹാം ക്വീൻസ് മെഡിക്കൽ സെന്ററിലേക്ക് എത്തിക്കുകയായിരുന്നു. മസ്തിഷ്കാഘാതം സംഭവിച്ച ജുബൽ ഇതുവരെയും വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഇന്നലെ അബുദാബിയിൽ നിന്ന് ജുബൽ റെജിയുടെ മാതാപിതാക്കൾ എത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

അതേസമയം നിരവധിപേർക്ക് പുതുജീവൻ നൽകിയാണ് ജുബൽ റെജി യാത്രയാകുന്നത്. അവയവങ്ങൾ ദാനം ചെയ്യുന്നതിന് മാതാപിതാക്കളും ബന്ധുക്കളും അനുമതി നൽകിയിരുന്നു. കോട്ടയം സ്വദേശികളാണ് കുടുംബം. നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ ഫിസിയോ തെറാപ്പി മാസ്റ്റേഴ്സ് വിദ്യാർത്ഥിയായിരുന്നു ജുബൽ റെജി. യുക്മ ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജിന്റെ നേതൃത്വത്തിൽ നോട്ടിങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകർ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഡിക്സ് ജോർജ്ജ് അറിയിച്ചു.

“ശനിയാഴ്‌ച വൈകുന്നേരം ഹാർവി ഹാഡൻ സ്‌പോർട്‌സ് വില്ലേജിൽ ഒരു ചാരിറ്റി ബോക്‌സിംഗ് മത്സരം സംഘടിപ്പിച്ചു, അവിടെ ഒരു ഉദ്ഘാടന മത്സരത്തിനിടെ പങ്കെടുത്തവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആംബുലൻസിൽ ക്വീൻസ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഓൺ-സൈറ്റ് പാരാമെഡിക്കുകൾ അദ്ദേഹത്തെ പരിചരിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകൾ അവന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ്.” നോട്ടിംഗ്ഹാം സിറ്റി കൗൺസിൽ വക്താവ് പറഞ്ഞു. പരിക്കിനെ തുടർന്ന് പരിപാടി നിർത്തിയതായി അൾട്രാ വൈറ്റ് കോളർ ബോക്‌സിംഗ് പറയുന്നു.

ജുബൽ റെജിയുടെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, നാഷണൽ കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ജോബി പുതുക്കുളങ്ങര, നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more