കഴിഞ്ഞ മാസം 23 ന് ഓസ്ട്രിയയിലെ വിയന്നയിൽ കുടുംബമൊന്നിച്ച് അവധി ആഘോഷിക്കുന്നതിനിടയിൽ ഡാന്യൂഷ് തടാകത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ച മലയാളികളായ പത്തൊൻപതു വയസുകാരൻ ജോയൽ, പതിനഞ്ചു വയസുകാരൻ ജേസൺ എന്നിവർക്ക് ജനിച്ച് വളർന്ന മണ്ണ് അന്ത്യാഞ്ജലി അർപ്പിച്ചു. നാടിന്റെയും നാട്ടുകാരുടേയും കണ്ണിലുണ്ണികളായ ജോയലിന്റെയും, ജേസന്റെയും ദാരുണാന്ത്യത്തിൽ നടക്കം വിട്ടുമാറാത്ത നാട്ടുകാരുടെ മുന്നിലേക്ക് ചേതനയറ്റ അവരുടെ മൃതദേഹങ്ങൾ രാവിലെ 10 മണിക്ക് ഫ്യൂണറൽ ഡയറക്ടേഴ്സ് എത്തിച്ചപ്പോൾ ഒരു നാട് മുഴുവൻ ഒഴുകിയെത്തി കണ്ണീർ പുഷ്പങ്ങൾ അർപ്പിച്ചു. ബോൾട്ടണിലെ ഫാൻവർത്ത് ഔർ ലേഡി ഓഫ് ലൂർദ്സ് ആന്റ് സെന്റ്. ഗ്രിഗറി ദേവാലയവും പരിസരവും കനത്ത മഴയെ വകവയ്ക്കാതെ രാവിലെ തന്നെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ മരണമടഞ്ഞ കുട്ടികളുടെ നാട്ടിൽ നിന്നും ഓസ്ട്രിയയിൽ നിന്നുമെത്തിയ ബന്ധുക്കൾ, സഹപാഠികളും സുഹൃത്തുക്കളും അദ്ധ്യാപകരും, നാട്ടുകാരും ഒക്കെയായി നിറഞ്ഞ് കവിഞ്ഞിരുന്നു. തുടർന്ന് മാഞ്ചസ്റ്റർ സെന്റ്.ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ ഹാപ്പി ജേക്കബ്, മാഞ്ചസ്റ്റർ ടാബോർ മാർത്തോമാ ഇടവക വികാരി റവ.ഫാ.അജി ജോൺ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു. ദേവാലയത്തിലും മറ്റ് ഹാളുകളിലുമായാണ് ആളുകൾ സംബന്ധിച്ചത്.
ദേവാലയത്തിലെ ദിവ്യബലിക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷം വിവിധ സംഘടനാ പ്രതിനിധികളും, കുടുംബാംഗങ്ങളും കുട്ടികളെ അനുസ്മരിച്ച് സംസാരിച്ചു. ബോൾട്ടൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ജോണി കണിവലിൽ, മാർത്തോമാ ചർച്ചിന്റെ പ്രതിനിധി എജി, ഓർത്തഡോക്സ് ചർച്ച് പ്രതിനിധി സുരേഷ് ഡാനിയേൽ, കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് ജെൻസൻ ഷിബു, ജിസ്സി സോണി, ഷോൺ സോണി, ഏഞ്ചൽ രാജു തുടങ്ങിയവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യങ്ങൾ അനുസ്മരിച്ചു.
ഇതിനിടയിൽ തങ്ങളുടെ പ്രിയ മക്കൾക്ക് കുടുംബാംഗങ്ങളും, കൂട്ടുകാരും, നാട്ടുകാരും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. വിവിധ സംഘടനകൾക്ക് പുഷ്പ ചക്രങ്ങൾ അർപ്പിക്കപ്പെട്ടു. യുക്മയ്ക്ക് വേണ്ടി നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസ്, റീജിയണൽ പ്രസിഡൻറ് ഷീജോ വർഗ്ഗീസ്, സാംസ്കാരിക വേദി കൺവീനർ സിബി വേകത്താനം, അംഗം കുര്യൻ ജോർജ്, റീജിയണൽ ട്രഷറർ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് ട്രഷറർ എബി തോമസ് തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം രണ്ട് മണിയോടെ ബോൾട്ടണിലെ ഓവർഡെയിൽ സെമിത്തേരിയിലെത്തിച്ച് പ്രാർത്ഥനകൾക്ക് ശേഷം ബോൾട്ടണിലെ ഓവർ ഡെയിൽ സിമിത്തേരിയിലെ ആറടി മണ്ണിൽ പ്രിയ മക്കൾക്ക് അവസാന വിശ്രമമൊരുക്കി.
ബോൾട്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോണി കണിവേലിൽ, സെക്രട്ടറി റെജി മാത്യു, ബിനോയ്, സുരേഷ് ദാനിയേൽ, രാജൻ, ജയ്സൻ ജോസഫ്, വിനു ജേക്കബ്, സോണി, രാജു, ഷിബു പോൾ, ഷാരൺ പന്തല്ലൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോൾട്ടണിലെ മുഴുവൻ മലയാളികളും ഒറ്റക്കെട്ടായിട്ടാണ് ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. തങ്ങളുടെ കുട്ടികളുടെ സംസ്കാര ശുശ്രൂഷകൾ ഏറ്റവും ഉചിതമായി നടത്തുവാൻ ബോൾട്ടൻ മലയാളികൾ ഒരുമയോടെ പ്രവർത്തിച്ചത് തികച്ചും അഭിനന്ദനം അർഹിക്കുന്ന ഒന്നായിരുന്നു.
click on malayalam character to switch languages