1 GBP = 103.69

വാഹനാപകടത്തിൽ 18കാരനായ വില്യം കൊല്ലപ്പെട്ട കേസിൽ മലയാളി യുവാവിന് ആറു വർഷവും ഒൻപത് മാസവും കോടതി ശിക്ഷ വിധിച്ചു

വാഹനാപകടത്തിൽ 18കാരനായ വില്യം കൊല്ലപ്പെട്ട കേസിൽ മലയാളി യുവാവിന് ആറു വർഷവും ഒൻപത് മാസവും കോടതി ശിക്ഷ വിധിച്ചു

ടൈനിസൈഡിലെ വിറ്റ്‌ലിബേയിൽ 18 കാരനായ വില്യം കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ മലയാളിയായ ജോഷ്വാ ചെറുകരക്കും സുഹൃത്ത് കേബിളിനും കോടതി ശിക്ഷ വിധിച്ചു. ജോഷ്വാ ചെറുകരക്ക് ആറു വർഷവും ഒമ്പത് മാസവും കേബിളിന് നാലര വർഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇരുവരെയും നാല് വർഷം വാഹനമോടിക്കുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു.  പ്രായത്തിന്റെ ചോരത്തിളപ്പില്‍ വിവേകരഹിതമായി കാര്‍ പായിച്ച് ജോഷ്വ ചെറുകരയും, സുഹൃത്ത് കേബിളും നടത്തിയ കാറോട്ടമത്സരമാണ് ദുരന്തത്തില്‍ കലാശിച്ചത്. ജോഷ്വയും, സുഹൃത്ത് ഹാരി കേബിളും കുറ്റം സമ്മതിച്ചതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

ജോഷ്വ ഓടിച്ചിരുന്ന റെനോൾട്ട് മെഗാൻ കാർ ഇടിച്ചാണ് വില്യം കൊല്ലപ്പെട്ടത്. മറ്റൊരു വാക്‌സാൽ കോർസ ഓടിച്ചിരുന്ന കേബിളുമായി നടത്തിയ കാറോട്ടമാണ് വഴിവക്കിലെ പാതയിലൂടെ ജോഗിങ് നടത്തുകയായിരുന്ന വില്യമിന്റെ ജീവനെടുത്തത്. വീട്ടിന് അല്പമകലെ മാത്രം നടന്ന അപകടം മകന്റെ ജീവനെടുത്തത് പിതാവ് ഹ്യൂഗിനും സഹിക്കാനാവുമായിരുന്നില്ല.

ശിക്ഷ വിധിക്കപ്പെട്ട് പോലീസ് വാഹനത്തില്‍ ഇരിക്കവെ ജോഷ്വ ദൈവത്തെ വിളിച്ച് പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൗമാരക്കാര്‍ തമാശയ്ക്കും വാശിക്കും വേണ്ടി നടത്തുന്ന കാറോട്ട മത്സരങ്ങള്‍ റോഡില്‍ നിരപരാധികളുടെ ജീവനാണ് കവരുന്നത്. നമ്മുടെയൊക്കെ പ്രിയപ്പെട്ടവര്‍ ഇത്തരം അപകടങ്ങളില്‍ പെടുമ്പോള്‍ മാത്രമാണ് ഇതിന്റെ വേദന വ്യക്തമായി മനസ്സിലാക്കുക. കുറച്ച് നേരത്തെ ഒരു രസത്തിന് വേണ്ടി റോഡ് വേദിയാക്കരുത് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.

ബ്രിട്ടനില്‍ ശോഭനമായ ഭാവി കൊതിച്ചെത്തുന്ന മലയാളി സമൂഹത്തിനും ഈ വിധി ഓര്‍മ്മപ്പെടുത്തലാണ്. മക്കളെ സകല നിയന്ത്രണങ്ങളും വിട്ട് സ്വാതന്ത്ര്യം നല്‍കുമ്പോള്‍ മറ്റാരുടെയെങ്കിലുമൊക്കെ പ്രിയപ്പെട്ടവര്‍ ഇഹലോകവാസം വെടിഞ്ഞിരിക്കും. പിന്നെ ഇതുപോലെ ജയിലിലേക്ക് പോകുമ്പോള്‍ വേദനയോടെ കാത്തിരിക്കാന്‍ മാത്രമേ രക്ഷിതാക്കള്‍ക്ക് സാധിക്കൂ.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more