1 GBP = 103.70

ജോസ് കെ. മാണി കേരളാ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി

ജോസ് കെ. മാണി കേരളാ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി

കോട്ടയം: കേരള കോൺഗ്രസി​​െൻറ രാജ്യസഭ സ്​ഥാനാർഥിയായി പാർട്ടി വൈസ്​ ചെയർമാനും കോട്ടയം എം.പിയുമായ ജോസ്​ കെ. മാണിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും പാലായിലുമായി വിവിധ കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ്​ തീരുമാനം​. ലോക്​സഭ കാലാവധി ഒരുവർഷം കൂടിയേ ഉള്ളൂവെന്നതിനാൽ ഉപതെരഞ്ഞെടുപ്പിന്​ സാധ്യതയില്ല എന്നതാണ്​ ജോസ്​ കെ. മാണിയെ സ്​ഥാനാർഥിയാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്​.

അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തുനിന്ന്​ പി.ജെ. ജോസഫ്​ പക്ഷത്തെ പ്രമുഖനും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ്​ ജോസഫിനെ മത്സരിപ്പിക്കാൻ ധാരണയായതായാണ്​ സൂചന. കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ ജോസ്​ കെ. മാണിയുടെ ഭാര്യ നിഷയെയോ പാർട്ടി ജനറൽ സെക്രട്ടറി സ്​റ്റീഫൻ ജോർജിനെയോ മത്സരിപ്പിക്കുമെന്നാണ്​ സൂചന.

പി.ജെ. ജോസഫ്​ സീറ്റിന്​ വേണ്ടി തുടക്കത്തിൽ അവകാശവാദം ഉന്നയിച്ചതോടെയാണ്​ പാർട്ടിക്കുള്ളിൽ രാജ്യസഭ സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കം ഉടലെടുത്തത്​. ഇതാണ്​ സ്ഥാനാർഥി തീരുമാനം സമവായത്തിലെത്താതെ നീളാൻ കാരണമായത്​. വെള്ളിയാഴ്ച തിരുവനന്തപുരത്ത്​ എം.എൽ.എമാർ പ​െങ്കടുത്ത പാർലമ​െൻററി പാർട്ടി യോഗം ചേർന്നിരുന്നു. ഇതിൽ തീരുമാനമാകാതെ വന്നതോടെ ജോസഫും മാണിയും രഹസ്യമായി ചർച്ച നടത്തി. തുടർന്ന്​ മാണിയും ജോസഫും ജോസ്​ കെ. മാണിയും ഒന്നിച്ചിരുന്ന്​ ചർച്ച നടത്തി.

പാലാ ചേർപ്പുങ്കലിലെ റിസോർട്ടിലായിരുന്നു ​രഹസ്യ ചർച്ച. മാണിയോ ജോസ് കെ. മാണിയോ സ്ഥാനാർഥിയാകുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നായിരുന്നു ജോസഫി​​െൻറ നിലപാട്. ഇതിന് ​ശേഷം രാത്രി വൈകി കെ.എം. മാണിയുടെ വസതിയിൽ സ്​റ്റിയറിങ്​ കമ്മിറ്റി യോഗം ചേർന്നാണ്​ അന്തിമ തീരുമാനമെടുത്തത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more