1 GBP = 103.68
breaking news

ജോണ്‍ മാഷ് മെമ്മോറിയൽ ആൾ യുകെ വടംവലി മൽസരം, ബർമിംഗ്ഹാം ബിസിഎംസി ജേതാക്കൾ..

ജോണ്‍ മാഷ് മെമ്മോറിയൽ ആൾ യുകെ വടംവലി മൽസരം, ബർമിംഗ്ഹാം ബിസിഎംസി ജേതാക്കൾ..

തോമസുകുട്ടി ഫ്രാന്‍സീസ്

ലിവർപൂൾ: കായിക ശക്തികൾ അരമുറുക്കി തങ്ങളുടെ മെയ്ക്കരുത്തുമായി വന്ന്, നീണ്ട വടത്തിന്റെ ഇരുതുമ്പുകളിൽ ബലാബലം കാട്ടിയ വികാരഭരിതമായ മുഹൂർത്തങൾക്ക് ലിവർപൂളിലെ ബ്രോഡ് ഗ്രീൻ ഇന്റർനാഷണൽ ഹൈ സ്കൂളിന്റെ ഇൻഡോർ കോർട്ടിൽ സാക്ഷിയായി.

ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാർത്ഥം നടത്തപ്പെട്ട വടംവലി മൽസത്തിൽ, യുകെയുടെ വിവിധയിടങ്ങളിലുള്ള ശക്തരായ 10 ടീമുകൾ സമ്മാനിച്ച ആവേശഭരിതമായ മൂഹൂർത്തങ്ങൾക്ക് സാക്ഷിയാവുകയായിരുന്നു ചെമ്പടയുടെ നാടായ ലിവർപൂൾ.

വാശിയേറിയ മൽസരത്തിൽ ബർമിംഗ്ഹാം ബിസിഎംസി തങ്ങളുടെ എതിരാളിയായ കെന്റ് ടേൺ ബ്രിഡ്ജിനെ 2- 1 എന്ന സ്കോറിന് തോൽപ്പിച്ച് പ്രഥമ ജോണ്‍ മാഷ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയിൽ മുത്തമിട്ടു. കൂടാതെ OWL Insurance Company UK സ്പോണ്‍സര്‍ ചെയ്ത 1001പൗണ്ടും കരസ്ഥമാക്കി.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെന്റ് ടേൺ ബ്രിഡ്ജ് ലിവർപൂൾ മലയാളി കമ്യൂണിറ്റി സമ്മാനിച്ച 701 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹെരിഫോർഡ് അച്ചായൻസ് ശ്രീ. ലിജോ ജോസഫ് & ശ്രീ. ഫിലിപ് മാത്യു വിസ്റ്റൺ സ്പോണ്‍സര്‍ ചെയ്ത 401 പൗണ്ടും ട്രോഫിയും കരസ്ഥമാക്കുകയുണ്ടായി.

കൂടാതെ നാലാം സ്ഥാനത്തേക്ക് കടന്നു വന്ന ലെസ്റ്റർ ഫോക്സസ് 201 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി. കരുത്തുറ്റ ടീമുകളിലൂടെ കടന്നു വന്ന എല്ലാ ടീം അംഗങ്ങൾക്കും ജോണ്‍ മാഷിനോടുള്ള ആദരവ് സൂചകമായി മെഡലുകൾ സമ്മാനിച്ചു.

സീറോ മലബാർ സഭ ലിവർപൂൾ ഇടവക വികാരി ഫാദർ ജിനോ അരീക്കാട്ട്, OWL Insurence UK യുടെ അഡ്വൈസർ ശ്രീ. മാത്യു എബ്രഹാം, ശ്രീമതി. സെലിൻ ജോണ്‍ എന്നിവർ സമ്മാനദാനം നിർവ്വഹിക്കുകയുണ്ടായി.

വൂസ്റ്റർ തെമ്മാഡീസ്, കെന്റ് ടേൺ ബ്രിഡ്ജ്, ഹെരിഫോർഡ് അച്ചായൻസ്, ലെസ്റ്റർ ഫോക്സസ്, ബർമിംഗ്ഹാം, ബിസിഎംസി, ബേസിംഗ് സ്റ്റോക് എംസിഎ, കോവന്ററി സികെസി, ഹേവാർഡ്സ്ഹീത്ത് ടീം, വാറിംഗ്റ്റൺ വൂൾവ്സ്, വിഗൻ ടീം എന്നിവര്‍ക്കൊപ്പം ആതിഥേയ ടീം ആയ ലിവർപൂൾ ടൈഗേഴ്സും ലിവർപൂൾ ടൗൺ ക്ലബും ആണ് ഈ വലിയ കായിക മാമാങ്കത്തിനായി ഗോദായിൽ അണിനിരന്നത്.

ശനിയാഴ്ച രാവിലെ 11 മണിക്ക് ചിങ്കാരമേളത്തിന്റെയും ദേശീയ പതാകകളുടെയും വർണ്ണ കൊടികളുടെയും അകമ്പടിയോടു കൂടി മൽസാരാർത്ഥികളായി കടന്നു വന്ന ടീമുകളുടെ നിറപ്പകിട്ടാർന്ന ഘോഷയാത്ര വർണ്ണാഭമായി നടത്തപ്പെടുകയുണ്ടായി. ഉത്‌ഘാടനവേളയിൽ സംഘാടക സമിതിക്കു വേണ്ടി തോമസുകുട്ടി ഫ്രാൻസീസ് ഏവർക്കും സ്വാഗതമരുളി.

ആദരണീയനായ ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട പത്നി ശ്രീമതി. സെലിൻ ജോണ്‍ ഉത്‌ഘാടന കർമ്മം നിർവ്വഹിക്കുകയുണ്ടായി. തുടർന്ന് ടീം അംഗങളെ പരിചപ്പെടലും ഫോട്ടോ സെഷനും നടത്തപ്പെട്ടു. ശ്രീ മാമച്ചൻ സ്ട്രോക്ക് ഓൺ ട്രെന്റ്, ടൈറ്റസ് ജോസഫ് എന്നിവർ ഈ കടുത്ത മൽസരങ്ങൾക്കായി റഫറിമാരായി വിസിലൂതിക്കൊണ്ട് നീതിയുക്തമായ വിധി നിർണ്ണയം നടത്തി.

ശ്രീ. ഡൂയി ഫിലിപ്പ് തന്റെ ചിട്ടയായ ക്രമീകരണങ്ങളിലൂടെ മൽസരത്തെ ആദ്യാന്ത്യം നിയന്ത്രിക്കുകയുണ്ടായി. കൂടാതെ ബിനോയ് ജോര്‍ജ്, ബിനു മൈലപ്ര, ഡോ. നിഥിൻ, മാത്യു അലക്സാണ്ടർ എന്നിവര്‍ ലൈൻ അമ്പയർമാരായി വർത്തിച്ചു.

കേവലം ഒരു കടുത്ത മൽസരത്തിനപ്പുറം, ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട ശിക്ഷ്യഗണങ്ങളുടെ കരുത്തുറ്റ പ്രകടനങ്ങളും അതിലൂടെ ഒരു ഒരു ചാരിറ്റി ഇവവന്റും കൂടിയാണ് ഈ വടംവലി മൽസര മഹാമഹം മലയാളി സമൂഹത്തിന് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ഈ മഹത്തായ സംരംഭത്തിന് ബ്രോഡ് ഗ്രീൻ ഇന്റർനാഷണൽ ഹൈ സ്കൂൾ മാനേജ്മെന്റ് ഫ്രീയായിട്ടാണ് ഈ വലിയ കായികമാമാങ്കത്തിനായി വേദി നൽകപ്പെട്ടത് അഭിനന്ദാർഹമാണ്.

വടംവലി മൽസരത്തിന്റെ ഭാഗമായി സമാഹരിക്കപ്പെട്ട ഒരു ലക്ഷം രൂപ ആദരണീയനായ ജോണ്‍ മാഷിന്റെ പേരില്‍ തിരുവനന്തപുരം ശ്രീ ചിത്തിര ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന് നൽകപ്പെടുന്നു.

ലിവർപൂൾ സെന്റ്. ഹെലെൻസിൽ നിന്നുള്ള ജോണ്‍ മാഷ്‌ റഫറി മാത്രമായിരുന്നില്ല നല്ലൊരു പരിശീലകൻ കൂടിയായിരുന്നു. തന്റെ മികവാർന്ന പരിശീലനത്തിലൂടെ യുകെയിലെ വിവിധ ഇടങ്ങളിൽ ഒരു ഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാർഷികത്തിന് ശ്രാദ്ധാഞ്ജലിയർപ്പിച്ചു കൊണ്ട് ലിവർപൂൾ മലയാളി സമൂഹത്തിന്റെയും ലിവർപൂൾ ടൈഗേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി മൽസരം നടത്തപ്പട്ടത്.

തോമസുകുട്ടി ഫ്രാന്‍സീസ്, ഹരികുമാർ ഗോപാലൻ, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ലിവർപൂളിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഒരു വലിയ കമ്മിറ്റിയാണ് ഈ വലിയ സംരംഭത്തെ വിജയത്തിലെത്തിക്കാനായി യത്നിച്ചത്.

 

 

 

 

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more