1 GBP = 103.38

ജിഷ വധം: അമീറുൾ ഇസ്ളാം കുറ്റക്കാരൻ, ശിക്ഷ ഇന്ന്

ജിഷ വധം: അമീറുൾ ഇസ്ളാം കുറ്റക്കാരൻ, ശിക്ഷ ഇന്ന്

കൊച്ചി: കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അസാം സ്വദേശി മുഹമ്മദ് അമീറുൾ ഇസ്ളാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. എന്ത് ശിക്ഷ നൽകണമെന്ന വാദം കേട്ടശേഷം ജഡ്‌ജി എൻ. അനിൽകുമാർ ഇന്ന് വിധി പറയും. കൊലക്കുറ്റവും പീഡനവുമടക്കം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി വിലയിരുത്തി. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷ പ്രോസിക്യൂഷനും ജിഷയുടെ അമ്മ രാജേശ്വരിയും പങ്കുവച്ചു.
2016 ഏപ്രിൽ 28 നാണ് പെരുമ്പാവൂർ കുറുപ്പുംപടി വട്ടോളിപ്പടി പെരിയാർവാലി കനാൽബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടത്. ജൂൺ 16ന് പ്രത്യേക അന്വേഷണ സംഘം അമീറുൾ ഇസ്ളാമിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. ലൈംഗികാസക്തിയോടെ തന്നെ സമീപിച്ച പ്രതിക്ക് വഴങ്ങാതിരുന്ന ജിഷയെ ക്രൂരമായി ആക്രമിച്ച് മൃതപ്രായയാക്കിയശേഷം പീഡിപ്പിച്ചെന്നും തുടർന്ന് ജിഷ മരിച്ചെന്നുമാണ് കേസ്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുൾ ഇസ്ളാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊല നടന്ന 2016 ഏപ്രിൽ 28ന് വൈകിട്ട് 5.30 നും ആറിനുമിടയ്‌ക്ക് ജിഷയുടെ വീട്ടിൽ അമീറുൾ ഇസ്ളാം ഉണ്ടായിരുന്നുവെന്നതിന് ഡി.എൻ.എ റിപ്പോർട്ട് മുഖ്യ തെളിവായി കോടതി സ്വീകരിച്ചു. ജിഷ തനിച്ചായിരുന്നപ്പോൾ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നത്

സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രതിയെ പല്ലും നഖവും ഉപയോഗിച്ച് ജിഷ ചെറുത്തെങ്കിലും അന്യായമായി തടഞ്ഞുവച്ച് ക്രൂരമായി ആക്രമിച്ച് മൃതപ്രായയാക്കി പീഡിപ്പിക്കുകയായിരുന്നു. അമീറുളിനെതിരെ കൊലക്കുറ്റം, മാനഭംഗം, മാരകമായി മുറിവേല്പിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ഭവനഭേദനം എന്നീ കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി കണ്ടെത്തി.

പട്ടികജാതി – പട്ടികവർഗക്കാർക്കെതിരായ അക്രമം തടയൽ നിയമപ്രകാരം ചുമത്തിയ കുറ്റങ്ങളും പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ കോടതി ഒഴിവാക്കി.

ഡി.എൻ.എ നിർണായകമായി
ജിഷയുടെ ശരീരത്തിൽ നിന്ന് ലഭിച്ച ഉമിനീരിലും നഖത്തിനടിയിൽ നിന്ന് കിട്ടിയ രക്തത്തിലും അമീറുൾ ഇസ്ളാമിന്റെ ഡി.എൻ.എ സ്ഥിരീകരിച്ചു
എന്തിനാണ് ജിഷയുടെ വീട്ടിൽ പോയതെന്ന ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം നൽകാൻ പ്രതിക്ക് കഴിഞ്ഞില്ല. ഇതിലൂടെ സംഭവസമയത്ത് പ്രതി സ്ഥലത്തുണ്ടായിരുന്നെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു
ഏക ദൃക്‌സാക്ഷി
കുറ്റകൃത്യത്തിനുശേഷം അമീറുൾ വീടിന്റെ പിന്നിലൂടെ കനാൽബണ്ടിലേക്ക് പോകുന്നത് കണ്ടെന്ന് അയൽവാസിയായ ശ്രീലേഖയുടെ മൊഴിയുണ്ട്. പ്രതിയെ നേരിട്ട് കണ്ടെന്ന ഏക സാക്ഷിമൊഴിയും ഇതാണ്. ജൂൺ 20ന് പ്രതിയെ കാക്കനാട് ജയിലിൽ എത്തി ശ്രീലേഖ തിരിച്ചറിഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more