1 GBP = 104.06

കൊറോണയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് നടന്നു കയറിയ ജിനിയ്ക്കും റോയ്ച്ചനും ഹൃദ്യമായ വരവേൽപ്പ് നൽകി ആൻഡോവർ മലയാളികൾ

കൊറോണയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് നടന്നു കയറിയ ജിനിയ്ക്കും റോയ്ച്ചനും ഹൃദ്യമായ വരവേൽപ്പ് നൽകി ആൻഡോവർ മലയാളികൾ

രാജേഷ് നടേപ്പിള്ളി, യുക്മ ന്യൂസ് ടീം

ആൻഡോവർ: കൊറോണ വൈറസ് ഭീതി യുകെയിലെങ്ങും അലയടിച്ചപ്പോൾ ഒട്ടേറെ ഭീതിയോടെയാണ് മലയാളികളും ദിവസങ്ങൾ തള്ളിനീക്കുന്നത്. നൂറിലധികം മലയാളി കുടുംബങ്ങൾ താമസിക്കുന്ന ആൻഡോവറിലും പരിസരപ്രദേശങ്ങളിലും നിരവധിപേർക്കാണ് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ തന്നെ പല മലയാളി കുടുംബങ്ങളിലും വൈറസ് ബാധയെത്തിയെങ്കിലും പലരും അതിജീവിച്ചിരുന്നു.

എന്നാൽ ഏറെ ആശങ്ക ജനിപ്പിച്ചതായിരുന്നു ജിനി വർക്കിയുടെയും റോയ്‌ച്ചൻ ചാക്കോയുടെയും രോഗ വിവരങ്ങൾ. 29 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ജിനി രോഗം മൂർച്ഛിച്ച അവസ്ഥയിൽ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിറുത്തിയിരുന്നത്. എന്നാൽ റോയ്ച്ചൻ ആശുപത്രിയിൽ കഴിഞ്ഞത് 58 ദിവസമായിരുന്നു. നിരവധി തവണയാണ് റോയിയുടെ നില വഷളായത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് വേണ്ടി പോരാടിയത് ദിവസങ്ങളോളമായിരുന്നു.

ജിനിയുടെ ഭാര്യ സാറ ജിനിയുടെയും ഏക മകളുടെയുടെയും റോയിയുടെ ഭാര്യ ലിജിമോൾ പീറ്ററുടെയും രണ്ടു മക്കളുടെയും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ആൻഡോവർ മലയാളികളുടെയും നിരന്തര പ്രാർത്ഥനകളും ആരോഗ്യ പ്രവർത്തകരുടെ അശ്രാന്ത പരിശ്രമവുമാണ് ഇരുവരും ജീവിതത്തിലേക്ക് പതിയെ നടന്നു തുടങ്ങിയത്.

വിൻചെസ്റ്ററിലെ എൻ എച്ച് എസ് ആശുപത്രിയിലായിരുന്ന ഇരുവരും ഇന്നലെയാണ് ഡിസ്ചാർജ്ജ് ആയത്. ആശുപത്രിയിലും വീടുകളിലും ഇരുവർക്കും സുഹൃത്തുക്കളും ആൻഡോവർ മലയാളികളും ഹൃദയം നിറഞ്ഞ വരവേൽപ്പാണ് നൽകിയത്. ആൻഡോവർ മലയാളി അസോയിയേഷൻ പ്രസിഡന്റായ ജിനിയെയും നേരത്തെ ട്രഷററും എക്സിക്യു്ട്ടീവ് അംഗവുമായി പ്രവർത്തിച്ചിട്ടുള്ള റോയിയേയും കരഘോഷം മുഴക്കിയാണ് വീടുകളിലേക്ക് ആനയിച്ചത്.

ആവശ്യഘട്ടത്തിൽ പൂർണ്ണ പിന്തുണ നൽകിയ മുഴുവൻ യുകെ മലയാളികൾക്കും ഇരുവരും നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more