1 GBP = 103.69
breaking news

ഫുൾ എ സ്റ്റാറുമായി കാർഡിഫിൽ നിന്നൊരു മിടുക്കൻ; ജെസ്‌വിൻ ഇനി കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥി

ഫുൾ എ സ്റ്റാറുമായി കാർഡിഫിൽ നിന്നൊരു മിടുക്കൻ; ജെസ്‌വിൻ ഇനി കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥി

കാർഡിഫ്: എ ലെവൽ പരീക്ഷയിൽ മലയാളി വിദ്യാർത്ഥികളുടെ ജൈത്രയാത്ര തുടരുന്നു. ഇന്നലെ ഫലം വന്നതിന് ശേഷം നിരവധി വിദ്യാർത്ഥികളാണ് മികച്ച വിജയം നേടിയിട്ടുള്ളത്. മികച്ച ഗ്രേഡുകളുമായാണ് മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യൂണിവേഴ്‌സിറ്റി പ്രവേശനങ്ങൾ നേടിയെടുത്തിരിക്കുന്നത്. കോവിഡ് പാൻഡെമിക് കാരണം രണ്ട് വർഷത്തെ പരീക്ഷകൾ റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പൊതു പരീക്ഷകളുടെ അടിസ്ഥാനത്തിൽ എ-ലെവൽ ഗ്രേഡുകൾ നൽകുന്നത്.

എ ലെവലിൽ ഫുൾ എ സ്റ്റാറുമായി കാർഡിഫിൽ നിന്നുള്ള മിടുമിടുക്കൻ ജെസ്‌വിൻ സണ്ണി ജോസഫ് താരമാകുകയാണ്. ഇ പി ക്യൂ, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്‍സ് തുടങ്ങിയ വിഷയങ്ങളിൽ എ സ്റ്റാർ കരസ്ഥമാക്കിയാണ് ജെസ്‌വിൻ മിന്നും വിജയം നേടിയത്. കാർഡിഫ് കത്തീഡ്രൽ സ്‌കൂൾ വിദ്യാർത്ഥിയായ ജെസ്‌വിൻ സ്‌കൂളിൽ നിന്നുള്ള ടോപ് സ്‌കോറർ കൂടിയാണ്. ഉന്നതവിദ്യാഭ്യാസത്തിനായി കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിൽ മെഡിസിന് പ്രവേശനം ലഭിച്ചിരിക്കുകയാണ്.

ഈ വർഷമാദ്യം റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിസ് യുകെ ഒളിമ്പ്യാഡ് ഗോൾഡ് മെഡൽ നേടുന്ന ആദ്യ സിഎസ്എൽ സ്റ്റുഡന്റ് കൂടിയായി ജെസ്‌വിൻ. 8500 ഓളം കെമിസ്റ്റുകൾ പങ്കെടുത്ത മത്സരത്തിലെ ആദ്യ പത്തിലായിരുന്നു ജെസ്‌വിന്റെ സ്ഥാനം. കഴിഞ്ഞ വർഷം ബയോളജിയിലും ജെസ്‌വിൻ ഗോൾഡ് മെഡൽ നേടിയിരുന്നു.

വയലിനിലും ട്രംപെറ്റിലും മിടുക്കനായ ജെസ്‌വിൻ കാർഡിഫ് കൗണ്ടി ആൻഡ് വെയ്ൽ ഓഫ് ഗ്‌ളാമോർഗൻ ഓർക്കസ്ട്ര ടീമിലും സ്‌കൂൾ ഓർക്കസ്ട്ര ടീമിലും അംഗമാണ്. സിറോമലബാർ ബൈബിൾ കലോത്സവത്തിൽ ഉപന്യാസ രചനയിലും സമ്മാനം നേടി ജെസ്‌വിൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിൽ ജോലിചെയ്യുന്ന പാലാ കൊല്ലപ്പള്ളി സ്വദേശികളായ സണ്ണിമോൻ ജോസഫിന്റെയും ഷൈനിമോൾ ജോസഫിന്റെയും മൂത്ത മകനാണ് ജെസ്‌വിൻ. ഏഴാം ക്‌ളാസ്സുകാരിയായ ഇസബെൽ ഏക സഹോദരിയാണ്.

ജെസ്‌വിന്റെ വിജയത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more