1 GBP = 99.49
breaking news

യുകെയിൽ നിര്യാതനായ ജെജോ ജോസിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

യുകെയിൽ നിര്യാതനായ ജെജോ ജോസിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

അപ്പച്ചൻ കണ്ണഞ്ചിറ

നോർത്ത് വെയിൽസിലെ ബാങ്കോറിൽ കഴിഞ്ഞ ക്രിസ്തുമസ്സ് ദിനത്തിൽ ചികിത്സയിലിരിക്കെ മരിച്ച ജെജോ ജോസ് കാളാംപറമ്പിലിന്റെ മൃതദേഹം നാട്ടിലെത്തിച്ച്, കരയാംപറമ്പു സെന്റ് ജോസഫ്‌സ് ദേവാലയ സിമത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.

മാഞ്ചസ്റ്ററിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച   മൃതദേഹം കുടുംബാംഗങ്ങളും,ബന്ധു മിത്രാദികളും ഏറ്റുവാങ്ങി  കരയാംപറമ്പിൽ സ്വവസതിയിൽ എത്തിക്കുകയും തുടർന്ന് വീട്ടിൽ പൊതുദർശനത്തിനു അവസരം ഒരുക്കുകയും ചെയ്തു.

കഴിയുന്ന എല്ലാ ചികിത്സകളും നടത്തിയിട്ടും, പ്രതീക്ഷകളും, സ്വപ്നങ്ങളും തല്ലിക്കെടുത്തിയ മരണത്തിൽ ഹൃദയം തകർന്നു വിതുമ്പി നിൽക്കുന്ന ഭാര്യയെയും മക്കളെയും സമാശ്വസിപ്പിക്കുവാനാവാതെ മാതാപിതാക്കളും,സഹോദരരും    വ്യസനിക്കുന്ന അവസ്ഥ ഭവനത്തിലും, പള്ളിയങ്കണത്തിലും  ഏറെ വേദനചാലിച്ചു.

തുടർന്ന് ഫാ.ആൻറ്റോ കാളാംപറമ്പിൽ ഒപ്പീസു ചൊല്ലി. വികാരി ഫാ. കുര്യാക്കോസ്‌ വർഗ്ഗീസിന്റെ നേതൃത്വത്തിൽ പ്രാരംഭ ശുശ്രുഷകൾ ഭവനത്തിൽ നടത്തി. തുടർന്ന് കരയാംപറമ്പ് സെന്റ് ജോസഫ് ദേവാലയത്തിൽ മൃതദേഹം എത്തിച്ചു അന്ത്യോപചാര തിരുക്കർമ്മങ്ങൾ നടത്തി കുടുംബ കല്ലറയിൽ സംസ്ക്കരിച്ചു. 

ഫാ.പോൾ കാരാച്ചിറ, ഫാ.സെബാസ്റ്റ്യൻ കൂട്ടുങ്ങൽ, ഫാ.കുരിയൻ കട്ടക്കയം, ഫാ.പോൾ അമ്പൂക്കൻ, ഫാ.പോൾ പമ്പറായി, ഫാ.ബേബി CSSR , ഫാ. ജെൻസൺ കൂട്ടുങ്ങൽ, ഫാ.ജോയ് പൂനോലി, ഫാ. മാർട്ടിൻ കുരുവിലമാക്കൽ, ഫാ.ജോമോൻ സങ്കുരിമാക്കൽ, ഫാ. അനിൽ കല്ലറക്കൽ, ഫാ.ജോബി കാച്ചപ്പള്ളി തുടങ്ങിയ വൈദികർ ശുശ്രുഷകളിൽ പങ്കു ചേർന്നു. 

എംഎംവി ബ്രദേഴ്‌സ് (ജീവോദയ വൃദ്ധ സദനം), സിസ്റ്റേഴ്സ്  (കൃപാസദൻ വൃദ്ധ സദനം) തുടങ്ങിയവർ സംസ്ക്കാര ശുശ്രുഷകളിൽ ഭാഗഭാക്കായി.

എക്സ് എംഎൽഎ  പീ ജെ ജോയി, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് അടക്കം വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ ഭവനം സന്ദർശിച്ചു അനുശോചനം അറിയിക്കുകയും, ശുശ്രുഷകളിൽ പങ്കു ചേരുകയും ചെയ്തു.

യു കെ യിൽ നിന്നും ഭാര്യ നിഷ ജെജോ, മക്കളായ ജോഷ്വാ (13) ജൊഹാൻ (9) ജ്യുവൽ മരിയ (7 )എന്നിവരോടൊപ്പം സ്റ്റീവനേജിൽ താമസിക്കുന്ന സഹോദരൻ സിജോ ജോസും തലേദിവസം തന്നെ നാട്ടിൽ എത്തിയിരുന്നു.

ജെജോ ക്യാൻസർ രോഗം ഭേദമായി എന്ന് കരുതിയിരിക്കെയാണ് നോർത്ത് വെയിൽസിൽ പ്രിയ പത്നിയോടൊപ്പം കുടുംബ ജീവിത സ്വപ്നവുമായി മൂന്നു മക്കളെയും കൂട്ടി മൂന്നു മാസം മുമ്പ് എത്തിയത്. വീണ്ടും രോഗ ലക്ഷണം കാണുകയും, ബാങ്കോറിൽ  ചികിത്സയിലിരിക്കവേയാണ് ക്രിസ്തുമസ് ദിനത്തിൽ മരണത്തിനു കീഴടങ്ങിയത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തീയതിവരെ നിശ്ചയിച്ചിരിക്കെയാണ് ജെജോയുടെ മരണം സംഭവിച്ചത്.

മറ്റത്തൂർ  പാലാട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകളാണ് നിഷ ജെജോ. അങ്കമാലിക്കടുത്ത് കരയാംപറമ്പിൽ, കാളാംപറമ്പിൽ വർക്കി ജോസ്, ജെസ്സി ജോസ്  എന്നിവരുടെ മകനാണ്  ജെജോ ജോസ് (46). സിജോ ജോസ് (സ്റ്റീവനേജ്,യു കെ), സുജ റോബിൻ എന്നിവർ സഹോദരരാണ്.  

അകാലത്തിൽ പൊലിഞ്ഞുപോയ ജെജോയുടെ ശവസംസ്ക്കാര ചടങ്ങിൽ പങ്കു ചേരുവാനും, അനുശോചനം അറിയിക്കുവാനും യു കെ യിൽ നിന്നടക്കം നിരവധിപേർ സന്നിഹിതരായിരുന്നു.   

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more