1 GBP = 103.12

സെക്രട്ടറിയേറ്റ് യോഗം തുടങ്ങി; ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു

സെക്രട്ടറിയേറ്റ് യോഗം തുടങ്ങി; ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇ.പി. ജയരാജന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച് ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാവുമെന്ന് സൂചന. ജയരാജനെതിരെ ത്വരിത പരിശോധന നടത്താനുള്ള വിജിലന്‍സ് തീരുമാനം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, അന്വേഷണത്തിനു നില്‍ക്കാതെ ജയരാജന്‍ സ്വയം സന്നദ്ധനായി രാജി പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് കരുതുന്നത്.

വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര നേതൃത്വം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രി ജയരാജനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചതോടെ ഇ.പി ജയരാജന്‍ രാജി വയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലേയ്ക്ക് സിപിഎം നേതൃത്വം എത്തിച്ചേര്‍ന്നിരുന്നു.

വകുപ്പുമാറ്റമെന്ന നിര്‍ദേശം പരിഗണിച്ചിരുന്നെങ്കിലും വിജിലന്‍സ് അന്വേഷണം നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. കെ.എം. മാണിയുടെയും കെ. ബാബുവിന്റെയും കാര്യത്തില്‍ സമാനമായ ആവശ്യം ഉന്നയിച്ചിരുന്നത് സിപിഎമ്മിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

ജയരാജന്‍ രാജിവെച്ചാല്‍ പകരം മന്ത്രി ഉടന്‍ ഉണ്ടാകാനിടയില്ല. വ്യവസായ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മന്ത്രി ബാലന് ചുമതല നല്‍കുകയോ ചെയ്യാമെന്ന നിലയിലാണ് ആലോചനകള്‍ പുരോഗമിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റവിമുക്തനായാല്‍ ജയരാജനുതന്നെ മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള സാധ്യത ഒഴിച്ചിടുന്നതിനാണ് ഇത്.

വ്യാഴാഴ്ച രാവിലെ മന്ത്രിസഭായോഗത്തിനുമുമ്പ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മന്ത്രിക്കെതിരായ പരാതിയില്‍ ത്വരിതാന്വേഷണം നടത്താമെന്ന നിയമോപദേശം അദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

തുടര്‍ന്ന് മുഖ്യമന്ത്രി എ.കെ.ജി. സെന്ററിലെത്തി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിയെ നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലാണ് ഈ ചര്‍ച്ചകളിലുണ്ടായത്. പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളുമായി നടത്തിയ അനൗദ്യോഗിക കൂടിയാലോചനകളിലും രാജിയാണ് ഉചിതമെന്ന അഭിപ്രായമാണ് ഉയര്‍ന്നുവന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more