1 GBP = 103.38

ജയലളിതയെ എന്തുകൊണ്ട് വിദഗ്ധചികിത്സയ്ക്ക് വിദേശത്ത് കൊണ്ടുപോയില്ലെന്ന് അന്വേഷണക്കമ്മിഷൻ

ജയലളിതയെ എന്തുകൊണ്ട് വിദഗ്ധചികിത്സയ്ക്ക് വിദേശത്ത് കൊണ്ടുപോയില്ലെന്ന് അന്വേഷണക്കമ്മിഷൻ

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയലളിതയെ വിദഗ്ധ ചികിത്സയ്ക്കായി എന്തുകൊണ്ട് വിദേശത്തേക്ക് കൊണ്ടുപോയില്ലെന്ന് അന്വേഷണക്കമ്മിഷൻ.

ജയലളിതയുടെ പേഴ്‌സണൽ ഡോക്ടറായ കെ.എസ്. ശിവകുമാറിനോടാണ് ജസ്റ്റിസ് അറുമഖസ്വാമി കമ്മിഷൻ ചോദ്യമുന്നയിച്ചത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് തമിഴ്‌നാട് സർക്കാർ ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷനെ നിയോഗിച്ചത്. ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ ബന്ധുകൂടിയാണ് ശിവകുമാർ. ജയലളിത അസുഖം ഭേദപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചുവരികയും എന്തുകൊണ്ട് തന്നെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയില്ലെന്ന്‌ ചോദിച്ചിരുന്നെങ്കിൽ എന്ത് ഉത്തരം നൽകുമായിരുന്നുവെന്നും അന്വേഷണക്കമ്മിഷൻ ശിവകുമാറിനോട് ചോദിച്ചു. എന്തുകൊണ്ടാണ് ശിവകുമാർ ജയലളിതയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് നിർദേശിക്കാതിരുന്നത്. പകരം ആൻജിയോഗ്രാമിനു മാത്രം നിർദേശിച്ചതിനു പിന്നിലുള്ള കാരണമെന്താണ് -കമ്മിഷൻ ആരാഞ്ഞു. പറ്റാവുന്നത്രയും മികച്ച ചികിത്സ ജയലളിതയ്ക്ക് നൽകി എന്നായിരുന്നു ഡോ. ശിവകുമാറിന്റെ മറുപടി.

അതേസമയം ജയലളിതയ്ക്ക് വിദേശയാത്ര ഭയമായിരുന്നു എന്നാണ് അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവർ പറയുന്നത്. വിദേശയാത്ര ഒഴിവാക്കണമെന്ന് അവരുടെ ജോത്സ്യൻ വർഷങ്ങൾക്കുമുമ്പ് നിർദേശിച്ചിരുന്നുവത്രെ. അതിനാൽ വർഷങ്ങളോളം ജയലളിതയ്ക്ക് പാസ്പോർട്ട് പോലും ഉണ്ടായിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ടുതന്നെയാണ് അബോധാവസ്ഥയിലായിരുന്നിട്ടുകൂടി ജയലളിതയെ വിദേശത്തേക്ക് കൊണ്ടുപോകാതിരുന്നത് എന്നാണ് പറയപ്പെടുന്നത്.

ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ശിവകുമാറോ ശശികലയോ മന്ത്രിമാരുമായി ചർച്ചനടത്തിയിരുന്നോ എന്നും കമ്മിഷൻ ആരാഞ്ഞു. 1984-ൽ മുൻ മുഖ്യമന്ത്രി എം.ജി.ആറിനെ വിദഗ്ധ ചികിത്സയ്ക്ക് വിദേശത്തേക്കു കൊണ്ടുപോകാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ടതിന്റെ പത്രറിപ്പോർട്ട് പകർപ്പുകളും കമ്മിഷൻ തെളിവെടുപ്പുവേളയിൽ കാട്ടി. 2016 സെപ്റ്റംബർ 22-നാണ് പോയസ് ഗാർഡനിലെ വസതിയിൽനിന്ന് ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. 25-ന് ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബയ്യ വിശ്വനാഥൻ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more