1 GBP = 103.84
breaking news

ആനമലയിലെ ആദിമ മനുഷ്യരും ഒരു കമ്പി വണ്ടിയും….

ആനമലയിലെ ആദിമ മനുഷ്യരും ഒരു കമ്പി വണ്ടിയും….

ജയകുമാർ നായർ  

കുസൃതികളുടെ കൂട്ടുകാരനായി വളർന്ന ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു. അച്ഛൻ വീട്ടിൽ തന്നെയായിരുന്നു കൂടുതലും, വഞ്ചി പാട്ടിൻ്റെ നാട്, ഓണവും മീനപ്പൂരവും, ഞങ്ങളുടെ ദേശീയ ഉത്സവങ്ങളായിരുന്നു. പക്ഷിമൃഗാദികളുടെ  ശബ്ദം അനുകരിക്കുന്ന അയൽ വീട്ടിലെ കുഞ്ഞുഞ്ഞു മാപ്പിളയും, വീണുതളർന്ന ഗോപാല കൃഷ്ണനും, ഭജന പാട്ടുകാരൻ ഭാസ്കരൻ ചേട്ടനും, വള്ളക്കാരൻ പാപ്പച്ചനും, മുതുകിനു മുഴയുള്ള പ്രധാന അധ്യാപകൻ  കരുണാകരൻ മാസ്റ്ററും, നാട്ടു പ്രമാണിയായ വലിയമ്മാവനും ഒക്കെയായിരുന്നു ചുറ്റുവട്ടത്തെ പ്രധാന പയ്യൻസ്.  സ്ത്രീജനങ്ങളും ഒട്ടും മോശമായിരുന്നില്ല ചെമ്പോന്തരത്തിലെ സന്യാസിനി അമ്മ,   ”പുലിമോത്തു  രാമനേ മുൻനിർത്തി” ആരെയും വെല്ലുവിളിക്കുന്ന  തുണ്ടുമണ്ണിലെ ഉന്മാദിയായ അമ്മയും, ഒക്കെയായിരുന്നു വനിതാനേതാക്കൾ. ആണ്ടിൽ ഒരിക്കൽ ചെറുകോൽപുഴ  മണക്ക്‌  (മണൽ  പുറത്തേക്ക് ) ഒരു പിക്‌നിക് നടത്തുന്ന ഞങ്ങൾക്ക്,  ആറന്മുള വള്ളംകളി  ഒളിമ്പിക്‌സ് ആയിരുന്നു എങ്കിൽ, തിരുവാഭരണ ഘോഷയാത്ര കാൽപ്പാത്തി  രഥോത്സവം തന്നെ. 

കേട്ടുവളന്നതോ പൂർവികരുടെ വീരസാഹസ കഥകൾ    വസൂരിവന്നു മരിച്ച വാലുമണ്ണിൽ അമ്മാവൻ, കിണ്ടിയിൽ കഞ്ചാവ് നിറച്ചു വലിക്കുന്ന വലിയപ്പൂപ്പൻ , കാവിനുളളിലേക്ക്  യക്ഷിയെത്തേടി പോയി അപ്രത്യക്ഷനായ പാലച്ചുവട്ടിലെ  കാർന്നോരും,  പൈതൃകമായി കിട്ടിയ മാന്ത്രിക ഗ്രന്ഥങ്ങൾ പരീക്ഷിച്ചു തിരിച്ചടി നേരിട്ട ബന്ധുവും,   കാവിലെ എഴുന്നെള്ളത്ത് കാലുകൊണ്ട് തട്ടിയ, ഭൗതീകവാദിയായ മറ്റൊരു  ബന്ധു പിറ്റേന്ന് പുലർച്ചെ സർപ്പ ദംശനമേറ്റു മരിച്ചതും ഒക്കെ കേട്ടു വളർന്ന എൻ്റെ ഹീറോ, പ്രേത വേഷം കെട്ടി കാവിലെ മരപ്പോട്ടിൽ  ഒളിച്ച കള്ളനെ കൈയോടെ പൊക്കിയ സ്വന്തം അപ്പൂപ്പൻ തന്നെ.  വീട്ടിലെ ശംഖൂ എന്ന ശ്വാനനും പിന്നീട് അയലത്തെ റോബിനുമായിരുന്നു എൻ്റെ ദേശീയ മൃഗങ്ങൾ.പിന്നീട് കൊട്ടാരത്തി ആനയെ വാങ്ങിയപ്പോൾ ഞാനും കൂറുമാറി. അമ്പലാത്തെ ”ശ്രീ അയ്യപ്പൻ ”ലോറിയായിരുന്നു  ദേശീയ വാഹനം. 

അക്കാലത്തെ ജീവിത അഭിലാഷ മായിരുന്നു  ഒരു വള്ളിനിക്കറും കമ്പി വളച്ചുണ്ടാക്കിയ ഒരു കമ്പി വണ്ടിയും. ആദ്യമൊന്നും ആരും ഗൗനിക്കാതിരുന്നതോടെ ഞാൻ നിർബന്ധം പിടിക്കുവാൻ തുടങ്ങി. ഒടുവിൽ കോപ്രായവും കെട്ടി വലിയമ്മാവന്റെ മുന്നിൽ ചെന്നുപെടില്ല എന്ന കരാറിൽ, ആവശ്യങ്ങൾ അംഗീകരിച്ചു.  ചാമക്കാവിലെ വാണിഭത്തിനുപോയ അപ്പുപ്പൻ നീലനിറമുള്ള വള്ളിനിക്കർ വാങ്ങി കൊണ്ടുവന്നു. ലക്ഷം വീട്ടിലെ കൊല്ല  പണിക്കാരൻ കമ്പിവണ്ടിയും ശരിയാക്കി തന്നു. മഴ പെയ്തൊഴിഞ്ഞ  വൈകുന്നേരം പുതിയ വസ്ത്രവും (വള്ളി നിക്കർ) സ്വപ്ന വാഹനവുമായി ഞാൻ റോഡിലേക്കിറങ്ങി, ആനമലയിൽ നിന്നും ആറ്റിൻ ഭാഗത്തേക്കുള്ള ഒരു സവാരി ഗിരി ഗിരി, കുറച്ചുദൂരം പിന്നിട്ടപ്പോൾ റോഡിൽ ഒരിടത്ത് നാലഞ്ചു കറുത്ത വലിയ വട്ടങ്ങൾ കാണുവാനിടയായി.  കൗതുക പൂർവം പരിശോധിച്ചപ്പോൾ  അത് കറുത്ത കളിമണ്ണിൽ ഉണ്ടാക്കി , ചുട്ടെടുത്ത വലിയ മൺപാത്ര കളുടെ ഭാഗമാണ് എന്നുറപ്പിച്ചു.  പലരോടും ചോദിച്ചു എല്ലാവരും കൈമലർത്തി ഒടുവിൽ ഞാനും. റോഡ് ടാർ ചെയ്തതോടുകൂടി അവ എന്നേക്കുമായി മറഞ്ഞു.


 കേരളത്തിലെയും തമിഴ്നാട്ടിലെയും പല ഗ്രാമങ്ങളിൽ നിന്നും പുരാതന ശിലായുഗത്തിലെ കളിമൺ അവശിഷ്ടങ്ങൾ കണ്ടെടുത്ത് പഠനം നടത്തുന്ന ഈ  കാലഘട്ടത്തതിൽ, ആനമലയിലും  ഒരു പഠനം നടത്തിയാൽ നമ്മുടെ പൂർവികരുടെ ജീവിതത്തെ  കുറിച്ചുള്ള ചില അറിവുകൾ കിട്ടുക തന്നെ ചെയ്യും. 

 
പത്തനംതിട്ട ജില്ലയിൽ അയിരൂർ പഞ്ചായത്തിൽ,  ഇടപ്പാവൂർ ആനമല കോട്ടയും, സുഗതൻ്റെ വീടിനു ചേർന്നുള്ള  ഭാഗവും ആർക്കിയോളജിക്കൽ സർവ്വേ   പഠന വിധേയമാക്കേണ്ടതാണ്.  പൂർവികർ  പറയുവാൻ ബാക്കിവെച്ച പലതും അവിടെ കണ്ടെത്തിയേക്കാം….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more