1 GBP = 103.12

ജറുസലേമിനെച്ചൊല്ലി പശ്ചിമേഷ്യ പുകയുന്നു, ലോകം ട്രംപിനെതിരെ

ജറുസലേമിനെച്ചൊല്ലി പശ്ചിമേഷ്യ പുകയുന്നു, ലോകം ട്രംപിനെതിരെ

യു. എൻ: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ ഐക്യരാഷ്‌ട്ര രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. അതേസമയം, ട്രംപിന്റെ നിലപാട് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് പശ്ചിമേഷ്യ വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചന പോലെ വെസ്റ്റ് ബാങ്കിൽ ഇന്നലെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. യേശുക്രിസ്‌തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ പാലസ്‌തീനികൾ പ്രതിഷേധ സൂചകമായി ക്രിസ്‌മസ് വിളക്കുകൾ അണച്ചു. അവർ ഇസ്രയേലി പട്ടാളത്തിന് നേരെ കല്ലെറിഞ്ഞു. പട്ടാളം കണ്ണീർ വാതകം പ്രയോഗിച്ചു.ട്രംപ് നരകവാതിൽ തുറന്നു എന്ന് വിശേഷിപ്പിച്ച പാലസ്‌തീൻ സംഘടനായ ഹമാസ് പുതിയ പ്രക്ഷോഭത്തിന് ( ഇന്തിഫാദ )ആഹ്വാനം ചെയ്‌തു. ഹമാസിന്റെ എതിർ സംഘടനയായ ഫത്താ രക്ഷാസമിതിയിൽ പരാതി നൽകും.

ഇന്ന് വെള്ളിയാഴ്ച പാലസ്‌തീനികൾ വൻ പ്രക്ഷോഭത്തിന് തെരുവിൽ ഇറങ്ങുമെന്ന സൂചനയിൽ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കൂടുതൽ സേനയെ വിന്യസിക്കാൻ തുടങ്ങി.അമേരിക്കയുടെ പരമ്പരാഗത സഖ്യരാഷ്‌ട്രങ്ങളും ട്രംപിന്റെ തീരുമാനത്തെ എതിർത്തു. അന്യായവും നിരുത്തരവാദപരവും എന്നാണ് സൗദി അറേബ്യ വിശേഷിപ്പിച്ചത്. തീരുമാനത്തെ പിന്തുണയ്‌ക്കില്ലെന്ന് ഫ്രാൻസും ബ്രിട്ടനും വ്യക്തമാക്കി.

ട്രംപിന്റെ പ്രഖ്യാപനം ഇന്ന് രക്ഷാസമിതി ചർച്ച ചെയ്യും. സ്ഥിരാംഗങ്ങളായ ബ്രിട്ടനും, ഫ്രാൻസും, താൽക്കാലിക അംഗങ്ങളായ ബൊളീവിയ, ഈജിപ്‌റ്റ്, ഇറ്റലി, സെനഗൾ, സ്വീഡൻ, ഉറുഗ്വേ എന്നീ രാജ്യങ്ങളും ചേർന്നാണ് രക്ഷാസമിതിയുടെ പ്രത്യേക യോഗം ചേരണമെന്ന് ആവശ്യപ്പെട്ടത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് യോഗത്തിൽ സംസാരിക്കും. അങ്ങേയറ്റത്തെ ഉൽക്കണ്ഠയുടെ സമയമാണിതെന്നും വിഷയം നേരിട്ട് ചർച്ച ചെയ്യുമെന്നും ഗുട്ടെറസ് പറഞ്ഞു.

പാലസ്തീൻ വിഷയത്തിൽ സ്വതന്ത്ര നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത് നമ്മുടെ വീക്ഷണങ്ങളും താത്പര്യങ്ങളും അനുസരിച്ചാണ്. മൂന്നാമതൊരാൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ന്യൂഡൽഹിയിൽ പറഞ്ഞു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന്റെ തീരുമാനത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു. കൂടുതൽ രാജ്യങ്ങൾ പിന്തുണയ്‌ക്കുമെന്നും അവർ എംബസികൾ ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് യു. എൻ രക്ഷാസമിതി യുടെയും അരബ് ലീഗിന്റെയും പിന്തുണ തേടി. ടർക്കി തലസ്ഥാനമായ ഇസ്‌താംബുളിലും ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിലും അമേരിക്കൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ട്രംപ് ഈ മേഖലയെ അഗ്നി വലയത്തിൽ എറിഞ്ഞിരിക്കയാണെന്ന് ടർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എർദ്ദോഗൻ പറഞ്ഞു.

ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ ട്രംപ് വ്രണപ്പെടുത്തിയെന്ന് ഇറാനിലെ മഹാപുരോഹിതൻ അയത്തൊള്ള അലി സിസ്താനി പറഞ്ഞു.
അമേരിക്കൻ നീക്കത്തെ പിന്തുണയ്‌ക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണും ജർമ്മൻ ചാൻസലർ ഏംഗല മെർക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും വ്യക്തമാക്കി. ട്രംപിന്റെ നീക്കം ഉൽക്കണ്ഠയോടെയാണ് കാണുന്നതെന്ന് റഷ്യ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more