1 GBP = 103.69

ബർമിങ്ഹാംകാരുടെ പ്രിയപ്പെട്ട ജെയ്സമ്മ എബ്രഹാമിന് എർഡിംങ്ടൺ കണ്ണീരോടെ യാത്രാമൊഴിയേകി; ഭൗതികാവശിഷ്ടം അരുവിത്തറയിൽ ഞായറാഴ്ച അടക്കം ചെയ്യും….

ബർമിങ്ഹാംകാരുടെ പ്രിയപ്പെട്ട ജെയ്സമ്മ എബ്രഹാമിന് എർഡിംങ്ടൺ കണ്ണീരോടെ യാത്രാമൊഴിയേകി; ഭൗതികാവശിഷ്ടം അരുവിത്തറയിൽ ഞായറാഴ്ച അടക്കം ചെയ്യും….

എർഡിംങ്ങ്ടണിലും പരിസര പ്രദേശങ്ങളിലുള്ളവരുടെ പ്രിയപ്പെട്ട ജെയ്സമ്മ എബ്രഹാം എന്ന ജെയ്സമ്മ ചേച്ചിക്ക് വലിയ ഹൃദയവേദനയോടെ ജീവിച്ചിരുന്ന നാടും നാട്ടുകാരും  യാത്രാമൊഴിയേകി. ഭൗതികാവശിഷ്ടം ഞായറാഴ്ച ഭർത്താവ് ടോമി ലൂക്കോസും, മകൻ അലൻ എബ്രഹാമും നാട്ടിൽ എത്തിച്ച് രാവിലെ 11 മണിക്ക് ജന്മനാടായ അരുവിത്തറ സെൻ്റ്.ജോർജ് ഫൊറോനാ ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്. 

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിൻെറ ഭാര്യ ജെയ്സമ്മ (56) ഒക്ടോബർ 29നാണ് ഏവരേയും വേദനിപ്പിച്ച് കോവിഡ് ബാധിതയായി നിര്യാതയായത്. അലൻ എബ്രഹാം ഏകമകനാണ്. 
ബർമിങ്ഹാമിലും, യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികളാണ് ഇന്നലെ നടന്ന യുകെയിലെ സംസ്കാര ശുശ്രൂഷകളിലും, ചൊവ്വാഴ്ച നടന്ന പൊതുദർശനത്തിലും പങ്കെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിയെ അവസാനമായി കണ്ട് സ്നേഹത്തിൽ പൊതിഞ്ഞ യാത്രയയപ്പ് നൽകിയത്.

 മുൻനിശ്ചയപ്രകാരം കൃത്യം 11. 15 ന്  ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷകൾ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത്.രൂപതാ ചാൻസലർ ഫാ. മാത്യു പിണക്കാട്ട്, ഫാ. ഷൈജു നടുവതാനിയിൽ, ഫാ. ജോബിൻ കോശക്കൽ വിസി തുടങ്ങിയവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.  ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സീറോ മലബാർ രൂപതാ  ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അന്ത്യകർമ്മങ്ങൾ നടന്ന സാൾട്ടലി കാത്തലിക് ചര്‍ച്ച ഓഫ് ഔര്‍ ലേഡി ഓഫ് ദി റോസറി ആന്‍ഡ് സെന്റ് തെരേസ ദേവാലയത്തിലെത്തി പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുമിത്രാദികളെ രൂപതയുടെ അനുശോചനം അറിയിക്കുകയും ചെയ്തു.

യുക്മയ്ക്ക് വേണ്ടി മിഡ്ലാൻഡ്സ് റീജിയൻ വൈസ് പ്രസിഡൻ്റ് വീണാ പ്രശാന്ത്, ജെറി സിറിയക് തുടങ്ങിയവരും, പാറ്റ്ന  ഹോളി ഫാമിലി സ്കൂൾ ഓഫ് നഴ്സിംഗിന് വേണ്ടി  (ജെയ്സമ്മ ചേച്ചിയുടെ നഴ്‌സിംഗ് സ്കൂൾ) റോസ് തോമസ്, ബെറ്റി ടോം എന്നിവരും, എർഡിംങ്ടൺ മലയാളി അസോസിയേഷന് വേണ്ടി എബി ജോസഫ് എന്നിവരും അന്തിമോപചാരമർപ്പിച്ചു.

ദേവാലയത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൃതശരീരം ദഹിപ്പിക്കുന്നതിനായി പെറിബാർ ക്രിമിറ്റോറിയത്തിലേയ്ക്ക് നിരവധിപേരുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.

കോവിഡ് ബാധിതയായി മരണമടഞ്ഞതിനാലാണ് മൃതശരീരം നാട്ടിൽ കൊണ്ടുപോകാൻ സാധിക്കാതെ വന്നത്. സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകയായിരുന്ന ജെയ്സമ്മ എബ്രഹാം. എല്ലാവർക്കും മാതൃകയായി ഏറ്റവും വിശുദ്ധമായ ജീവിതം നയിച്ചു പോന്ന വ്യക്തി കൂടിയായിരുന്നു ജെയ്സമ്മയെന്ന് അടുത്തറിയാവുന്നവരെല്ലാം സാക്ഷിപ്പെടുത്തുന്നു. ബർമിങ്ഹാം സെന്റ് ബെനഡിക് മിഷൻ ഇടവകാംഗമാണ്.

പല്ലു വേദനയ്ക്ക് ചികിത്സ തേടിയെത്തിയ ജെയ്സമ്മ ചേച്ചിക്ക് വിദഗ്ദ പരിശോധനയിൽ ലുക്കീമിയ എന്ന ഗുരുതര ക്യാന്‍സർ രോഗമാണെന്ന് തിരിച്ചറിയുകയായിരിന്നു.  ഇതിനിടയിൽ കോവിഡ് കൂടി ബാധിച്ചതോടെ മരണത്തിന് പെട്ടെന്ന് കീഴടങ്ങുകയായിരുന്നു. തൻ്റെ വേദനയും സഹനങ്ങളും ഈശോയ്ക്കും മാതാവിനും കാഴ്‌ച വെച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും പോസിറ്റീവ് എനർജി കൊടുക്കുവാനും ജെയ്സമ്മ ചേച്ചി എപ്പോഴും ശ്രദ്ധിച്ചിരുന്നു. എല്ലാവരേയും വളരെയധികം സങ്കടത്തിലാഴ്ത്തി ജെയ്സമ്മ പൊന്നോമന പുത്രൻ അലനേയും ഭർത്താവ് ടോമിയേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും വിട്ട് ഒക്ടോബർ 29 നാണ് സർവ്വേശ്വരൻ്റെ തിരുസന്നിധിയിലേക്ക് വിളിക്കപ്പെട്ടത്.

ഫോട്ടോസ് :- ജോ ഐപ്പ് ഫോട്ടോഗ്രാഫി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more