1 GBP = 104.26
breaking news

ഇറ്റലിയോട് പൊരുതിത്തോറ്റ് ഓസ്ട്രിയ; മാന്‍ചീനിയും സംഘവും ക്വാര്‍ട്ടറിലേക്ക്

ഇറ്റലിയോട് പൊരുതിത്തോറ്റ് ഓസ്ട്രിയ; മാന്‍ചീനിയും സംഘവും ക്വാര്‍ട്ടറിലേക്ക്

ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റലി യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നു. ആദ്യമായി ഒരു വന്‍കര ചാമ്പ്യന്‍ഷിപ്പിന്റെ നോക്ക് ഔട്ട് റൗണ്ടിലെത്തിയ ഓസ്ട്രിയ തകര്‍പ്പന്‍ പ്രകടനമാണ് കരുത്തരായ ഇറ്റലിക്കെതിരെ കാഴ്ച വെച്ചത്. നിശ്ചിത സമയത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. രണ്ടാം പകുതിയില്‍ മാന്‍ചീനി കളത്തിലിറക്കിയ രണ്ട് സബ്ബുകളാണ് ഇറ്റലിക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഓസ്ട്രിയയ്ക്ക് വേണ്ടി കാലെസിച്ചാണ് സ്‌കോര്‍ ചെയ്തത്.

തോല്‍വി അറിയാത്ത 31ആം മത്സരമാണ് ഇറ്റലി ഇന്ന് ‘ഫുട്‌ബോളിന്റെ മക്ക’ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് കെല്ലീനി ഇന്ന് ഇറങ്ങിയിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം തനത് പ്രതിരോധ സ്വഭാവം വിട്ട് ആക്രമണ ഫുട്ബോളിന് പ്രാധാന്യം നല്‍കിയ ഇറ്റാലിയന്‍ ടീം ഇന്നത്തെ മത്സരത്തിലും സമാന ശൈലിയായിരുന്നു പിന്തുടര്‍ന്നത്. മത്സരത്തിന്റെ തുടക്കം മുതലേ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍മാര്‍ ഓസ്ട്രിയന്‍ ഗോള്‍ മുഖത്തേക്ക് തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഓസ്ട്രിയന്‍ ഗോളി ഡാനിയല്‍ ബച്ച്മാന്റെ സമയോചിത ഇടപെടലുകളില്‍ അതെല്ലാം നിര്‍വീര്യമായി. 32ആം മിനിട്ടില്‍ ഇമ്മൊബിലേ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് പായിച്ച ഒരു തകര്‍പ്പന്‍ കിക്ക് ബച്ച്മാനെ കാഴ്ചക്കാരനാക്കിക്കൊണ്ട് പോസ്റ്റില്‍ തട്ടി മടങ്ങി. എന്നാല്‍ ആദ്യ പകുതിയില്‍ ഇറ്റാലിയന്‍ നിരയെ വലിഞ്ഞുമുറുക്കികൊണ്ട് ഡേവിഡ് അലാബയും സംഘവും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

ആദ്യമായി ഒരു വന്‍കര ചാമ്പ്യന്‍ഷിപ്പിന്റെ നോക്ക് ഔട്ട് സ്റ്റേജില്‍ എത്തിയ ഓസ്ട്രിയ അവരുടെ ചരിത്രപ്രാധാന്യമുള്ള പ്രവേശനം അവിസ്മരണീയമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യപകുതിയില്‍ നിന്ന് വ്യത്യസ്തമായി ഓസ്ട്രിയ കൂടുതല്‍ ആക്രമിച്ചാണ് രണ്ടാം പകുതിയില്‍ കളിച്ചത്. 65ആം മിനിട്ടില്‍ അര്‍ണോട്ടോവിച്ചിന്റെ തകര്‍പ്പന്‍ ഹെഡറിലൂടെ ഓസ്ട്രിയ മത്സരത്തില്‍ ആദ്യം വല കുലുക്കിയെങ്കിലും മാച്ച് റെഫറി വാറിന്റെ സഹായത്തോടെ ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇറ്റലി വെറാട്ടിയെ പിന്‍വലിച്ച് ലൊക്കാറ്റലിയെ കളത്തിലിറക്കി. ശേഷം തുടരെത്തുടരേ ഇറ്റാലിയന്‍ സംഘം ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും തന്നെ ലക്ഷ്യം കണ്ടില്ല. നിശ്ചിത 90 മിനിട്ടിലും ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ തുടരുകയായിരുന്നു. ഇഞ്ചുറി ടൈമിലും മത്സരത്തില്‍ ഗോളുകളൊന്നും നേടാന്‍ കഴിയാതെ വന്നതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.

എക്‌സ്ട്രാ ടൈമിന്റെ അഞ്ചാം മിനിട്ടില്‍ ഫെഡറിക്കോ കിയെസയിലൂടെ ഇറ്റലി മത്സരത്തില്‍ ലീഡ് നേടി. പെനാല്‍റ്റി ബോക്‌സിന് വലതുഭാഗത്തേക്ക് സ്പിനാന്‍സോള നല്‍കിയ ഒരു വൈഡ് ക്രോസ് കിയെസ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഓസ്ട്രിയന്‍ ഗോള്‍ വല കുലുക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിട്ടില്‍ ഇറ്റലി പെസീനയിലൂടെ ലീഡ് ഉയര്‍ത്തി. ഫ്രാന്‍സെസ്‌കോ അസെര്‍ബിയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയില്‍ ഓസ്ട്രിയ കൂടുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. എന്നാല്‍ മത്സരം അവസാനിക്കാന്‍ ആറ് മിനിട്ട് ശേഷിക്കെ ഓസ്ട്രിയ ഒരു ഗോള്‍ മടക്കി. തങ്ങള്‍ക്ക് ലഭിച്ച ഒരു കോര്‍ണര്‍ അവസരം തകര്‍പ്പന്‍ ഹെഡറിലൂടെ കാലെസിച്ച് വലയില്‍ എത്തിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more