1 GBP = 103.12

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം തേടി കേരള ബ്ലാസ്റ്റേഴ്സ് 

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം തേടി കേരള ബ്ലാസ്റ്റേഴ്സ് 

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം തേടി കേരള ബ്ലാസ്റ്റേഴ്സ് ഫറ്റോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നിറങ്ങുന്നു. ഹൈദരാബാദ് എഫ്.സിക്കെതിരെ വൈകീട്ട് 7.30നാണ് കലാശക്കളിയുടെ കിക്കോഫ്.

ബ്ലാസ്റ്റേഴ്സിനിത് മൂന്നാം ഫൈനലാണ്.ഹൈദരാബാദിന് ആദ്യ കലാശപ്പോരും. സീസണിൽ മുമ്പ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ കളി വീതം ജയിച്ചു. ലീഗ് റൗണ്ടിൽ ഹൈദരാബാദ് രണ്ടാമതായും ബ്ലാസ്റ്റേഴ്സ് നാലാമതായുമാണ് ഫിനിഷ് ചെയ്തത്. ദ്വിപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 2-1ന് ജാംഷഡ്പുർ എഫ്.സിയെ കീഴടക്കിയപ്പോൾ ഹൈദരാബാദ് 3-2ന് എ.ടി.കെ മോഹൻ ബഗാനെ മറികടന്നു.

അസുഖ ബാധിതനായ സൂപ്പർ താരം അഡ്രിയാൻ ലൂന ഫൈനലിൽ കളിച്ചേക്കില്ലെന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും. സെമി രണ്ടാം പാദത്തിൽ പരിക്കുമുലം ഇറങ്ങാതിരുന്ന മലയാളി താരം സഹൽ അബ്ദുസ്സമദ് ഫൈനലിലും ഇറങ്ങില്ലെന്നാണ് സൂചന. 

സഹലിനൊപ്പം ലൂനയും കൂടിയില്ലെങ്കിൽ മൈതാനമധ്യത്തിൽ ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നഷ്ടമാവും. കോച്ച് ഇവാൻ വുകോമാനോവിച് ഇതിനൊരുക്കുന്ന മറുതന്ത്രമാവും നിർണായകമാവുക.

ഒപ്പത്തിനൊപ്പം മഞ്ഞപ്പടകൾ 

ഏറക്കുറെ ഒപ്പത്തിനൊപ്പം നിൽക്കുന്ന ടീമുകളാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും. രണ്ടു ടീമുകളുടെയും ഹോം ജഴ്സി മഞ്ഞയാണ്. എന്നാൽ, ലീഗ് റൗണ്ടിലെ പോയന്റ് മുൻതൂക്കത്തിൽ ഹൈദരാബാദിനാവും ഫൈനലിൽ മഞ്ഞയണിയാനുള്ള അവസരം. ബ്ലാസ്റ്റേഴ്സ് എവേ ജഴ്സിയിലിറങ്ങും. 

മനോഹരമായ അറ്റാക്കിങ് ഫുട്ബാൾ കളിക്കുന്ന ടീമുകളാണ് രണ്ടും. പരിചയസമ്പന്നതയുടെയും യുവത്വത്തിന്റെയും സമന്വയമാണ് ഇരുസംഘങ്ങളിലും. വിദേശ താരങ്ങൾ ഒന്നിനൊന്ന് മികച്ചവർ. ബ്ലാസ്റ്റേഴ്സ് നിരയിൽ അഡ്രിയാൻ ലൂനയും അൽവാരോ വാസ്ക്വസും മാർകോ ലെസ്കോവിചും ജോർഹെ പെരേര ഡയസുമടക്കമുള്ള വിദേശ താരങ്ങൾ തിളങ്ങുമ്പോൾ ഹൈദരാബാദ് നിരയിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ബർതലോമിയോ ഒഗ്ബെചെ, ജാവോ വിക്ടർ, യുവാനൻ, ജോയൽ ചിയാനീസ്, ഹാവിയർ സിവേരിയോ തുടങ്ങിയവരുണ്ട്. യുവതാരങ്ങളായ മുഹമ്മദ് യാസിർ, ആകാശ് മിശ്ര, സൗവിക് ചക്രവർത്തി, അനികേത് ജാദവ് തുടങ്ങിയവർ ഹൈദരാബാദിന്റെയും ഹോർമിപാം റുയിവ, പ്രഭ്സുഖൻ സിങ് ഗിൽ, പ്യൂട്ടിയ, ജീക്സൺ സിങ്, സഞ്ജീവ് സ്റ്റാലിൻ, ആയുഷ് അധികാരി, സഹൽ തുടങ്ങിയവർ ബ്ലാസ്റ്റേഴ്സിന്റെയും നിരയിൽ മിന്നുന്ന യുവതാരങ്ങളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more