1 GBP =

അയര്‍ലണ്ടില്‍ നിന്നും തുഴയെറിയാന്‍ കുട്ടനാട്ടുകാര്‍, അമേരിക്കയില്‍ നിന്നും കോര്‍പറേറ്റ് ടീം; യുക്മ വള്ളംകളി ലോകമലയാളികള്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കുന്നു

അയര്‍ലണ്ടില്‍ നിന്നും തുഴയെറിയാന്‍ കുട്ടനാട്ടുകാര്‍, അമേരിക്കയില്‍ നിന്നും കോര്‍പറേറ്റ് ടീം; യുക്മ വള്ളംകളി ലോകമലയാളികള്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കുന്നു
ബാലസജീവ് കുമാര്‍ (യുക്മ പി.ആര്‍.ഒ) 
യുക്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 30 ശനിയാഴ്ച്ച ഓക്​സ്​ഫഡിലെ ഫാര്‍മൂര്‍ തടാകത്തില്‍ അരങ്ങേറുന്ന മത്സരവള്ളംകളിയ്ക്ക് ലോകമലയാളികള്‍ക്കിടയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഈ മത്സരം കാണുന്നതിനും അന്നേ ദിവസം തടാകക്കരയില്‍ അരങ്ങേറുന്ന സ്റ്റേജ് പ്രോഗാമുകളും മറ്റ് പ്രദര്‍ശനങ്ങളുമെല്ലാം വീക്ഷിക്കുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യമായി നടന്ന വള്ളംകളി കാണുന്നതിനായി എത്തിച്ചേര്‍ന്ന ഏതാനും ചില മലയാളികള്‍ ഇത്തവണ “കേരളാ പൂരം 2018″ന്റെ പങ്കാളികളായി മാറുകയാണ്. ബ്രിട്ടണ് പുറത്ത് നിന്നുമുള്ള മലയാളികള്‍ക്കിടയിലും അത്രെയധികം ആവേശമാണ് വള്ളംകളി സൃഷ്ടിച്ചിരിക്കുന്നത്.
റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ വാട്ടര്‍ഫോര്‍ഡ് നിവാസി ജോര്‍ജ്​കുട്ടി പുത്തന്‍പുരയ്ക്കല്‍ കുട്ടനാട്ടുകാരായ മറ്റ് നാല് സുഹൃത്തുക്കളേയും കൂട്ടിയാണ് ഇത്തവണ തുഴയുന്നതിനായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ആദ്യമായി വള്ളംകളി സംഘടിപ്പിക്കപ്പെടുന്നു എന്നു കേട്ടതിന്റെ കൗതുകത്തില്‍ എന്താണ് നടക്കുന്നതെന്ന് കാണുന്നതിനാണ് എത്തിച്ചേര്‍ന്നതെന്ന് ജോര്‍ജ്​കുട്ടി പറഞ്ഞു. വള്ളംകളി യഥാര്‍ത്ഥത്തില്‍ നടന്നില്ലെങ്കിലും കവന്‍ട്രിയിലെ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനുള്ള അവസരമായെങ്കിലും പ്രയോജനപ്പെടുത്താമെന്നാണ് അന്നു കരുതിയിരുന്നത്. എന്നാല്‍ ഡ്രേക്കോട്ട് തടാകത്തില്‍ നടന്ന ആവേശകരമായ വള്ളംകളി മത്സരം മനസ്സിലുയര്‍ത്തിയ അനുഭൂതി വാക്കുകള്‍ കൊണ്ട് വിവരിക്കാനാവുന്നതിലും അധികമായിരുന്നു. ചെറുപ്പം മുതല്‍ നെഹ്റു ട്രോഫി വള്ളംകളി മത്സരം കണ്ട് വളര്‍ന്ന തനിക്ക് യൂറോപ്പില്‍ ഇത് സംഘടിപ്പിച്ച യുക്മയുടെ ദേശീയ നേതൃത്വത്തോട് അഭിനന്ദനങ്ങളറിയിക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണയും കുടുംബസമേതം എത്തിച്ചേരുന്ന ജോര്‍ജ്​കുട്ടിയ്ക്കൊപ്പം കുട്ടനാട്ടുകാരായ നാല് സുഹൃത്തുക്കളും അയര്‍ലണ്ടില്‍ നിന്നും എത്തിച്ചേരുന്നുണ്ട്. മത്സരിക്കാനിറങ്ങുന്ന ഒരു ടീമില്‍ തുഴയുന്നതിനായും ഈ കുട്ടനാട്ടുകാര്‍ ഇറങ്ങുന്നുണ്ട്.
അമേരിക്കയില്‍ നിന്നും കഴിഞ്ഞ വര്‍ഷം യുക്മയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേര്‍ന്ന തോമാര്‍ ​ കണ്‍സ്ട്രക്ഷന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കലാണ് ഇത്തവണ കോര്‍പറേറ്റ് വിഭാഗത്തില്‍ ടീമുമായി എത്തുന്നത്. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള സ്വദേശിയായ അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ് കമ്പനി അമേരിക്കയിലും ഗള്‍ഫ് നാടുകളിലും കേരളത്തിലുമെല്ലാം സജീവസാന്നിധ്യമാണ്. ബിസ്സിനസ്സിനൊപ്പം പൊതുരംഗത്തും സജീവമായ അദ്ദേഹം നിരവധി സംഘടനകളുടെ അമരക്കാരനാണ്. ആറന്മുള വള്ളംകളിയുടേയും വള്ളസദ്യയുടേയുമെല്ലാം ഓര്‍മ്മകളാണ് തന്നെ യു.കെയില്‍ ഈ പരിപാടി കാണുന്നതിനായി എത്തിച്ചതെന്ന് പറഞ്ഞ അദ്ദേഹം ഈ വര്‍ഷം വീണ്ടുമെത്തുമെന്ന വാഗ്ദാനത്തോടെയാണ് യു.എസിന് മടങ്ങിയത്. ടീം രജിസ്ട്രേഷനുള്ള അപേക്ഷ ക്ഷണിച്ചപ്പോള്‍ തന്നെ തന്റെ ദീര്‍ഘകാല സുഹൃത്തും ബ്രിട്ടണിലെ സാമൂഹിക-ചാരിറ്റി രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിയുമായ ജഗദീഷ് നായരെ ക്യാപ്റ്റനാക്കി ഒരു ടീം കോര്‍പറേറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. തോമാര്‍ ആറന്മുള എന്ന പേരില്‍ കോര്‍പറേറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീം അമ്പലപ്പുഴ എന്ന പേരിലാണ് മത്സരത്തിനിറങ്ങുന്നത്.
കൂടാതെ ജര്‍മ്മനിയില്‍ നിന്നും കഴിഞ്ഞ തവണ വള്ളംകളി കാണുന്നതിനായെത്തിയ ഷ്വേര്‍ട്ടെ നിവാസിയായ മോഹന്‍ കണ്ണംപാലയ്ക്കല്‍ ഇത്തവണയും എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത് രാമപുരം സ്വദേശിയായ അദ്ദേഹം പറയുന്നത് വള്ളംകളിയും കലാപരിപാടികളും ആസ്വദിക്കുന്നതിനൊപ്പം പഴയ പരിചയങ്ങള്‍ പുതുക്കുന്നതിനുള്ള ഒരു അവസരം കൂടിയായിട്ടാണ് ഇതിനെ കാണുന്നതെന്നാണ്. യു.കെയില്‍ കക്ഷിരാഷ്ട്രീയ -ജാതിമത ഭേദമന്യേ ഇത്രെയധികം മലയാളികള്‍ ഒത്തുചേരുന്ന ഒരു പരിപാടി ഒരിക്കലും നഷ്ടമാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫ്രാന്‍സ്, ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇത്തവണ ആളുകള്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. “കേരളാ പൂരം 2018” ഒരു യൂറോപ്യന്‍ മലയാളി സംഗമമായി തീരുമെന്ന് പ്രതീക്ഷയിലാണ് സംഘാടകരും.
“കേരളാ പൂരം 2018”: കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more