1 GBP = 103.68

തീമിന്നലായി ഉമ്രാൻ മാലിക്ക്; ഇടിമിന്നലായി തെവാട്ടിയയും റാഷിദും; ത്രില്ലറിൽ ഗുജറാത്തിന് അവിശ്വസനീയ ജയം

തീമിന്നലായി ഉമ്രാൻ മാലിക്ക്; ഇടിമിന്നലായി തെവാട്ടിയയും റാഷിദും; ത്രില്ലറിൽ ഗുജറാത്തിന് അവിശ്വസനീയ ജയം

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് അവിശ്വസനീയ ജയം. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ജയം കുറിച്ചത്. ഹൈദരാബാദ് മുന്നോട്ടുവച്ച 196 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഗുജറാത്ത് മറികടന്നു. ജയത്തോടെ ഗുജറാത്ത് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 68 റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. രാഹുൽ തെവാട്ടിയ 40 ഉം റാഷിദ് ഖാൻ 38ഉം റൺസെടുത്ത് പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിൻ്റെ ഐപിഎൽ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇത്.

ആക്രമണ മൂഡിലാണ് സാഹ എത്തിയത്. ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിച്ച താരം ഗുജറാത്തിന് തകർപ്പൻ തുടക്കം നൽകി. സഹ ഓപ്പണർ ശുഭ്മൻ ഗിലിൻ്റെ മെല്ലെപ്പോക്ക് ഗുജറാത്ത് സ്കോറിൽ പ്രതിഫലിച്ചുകണ്ടെങ്കിലും സാഹ മാരക ഫോമിലായിരുന്നു. 69 റൺസ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവിൽ ഗിൽ മടങ്ങി. ഗില്ലിനെ ഉമ്രാൻ മാലിക്ക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 24 പന്തുകൾ നേരിട്ട താരം 22 റൺസെടുത്താണ് പുറത്തായത്. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയ്ക്കും അധികം ആയുസുണ്ടായില്ല. 10 റൺസെടുത്ത ഹാർദ്ദികിനെ ഉമ്രാൻ മാർക്കോ ജാൻസനിൻ്റെ കൈകളിൽ എത്തിച്ചു. ഇതിനിടെ 28 പന്തുകളിൽ വൃദ്ധിമാൻ സാഹ ഫിഫ്റ്റി തികച്ചു. ഡേവിഡ് മില്ലറെ കാഴ്ചക്കാരനാക്കി സാഹ കത്തിക്കയറവേ വീണ്ടും ഉമ്രാൻ എത്തി. 38 പന്തുകളിൽ 11 ബൗണ്ടറിയും ഒരു സിക്സറും സഹിതം 68 റൺസെടുത്ത സാഹ ക്ലീൻ ബൗൾഡ്. ഡെവിഡ് മില്ലർ (17), അഭിനവ് മനോഹർ (0) എന്നിവരും ഉമ്രാൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. 4 ഓവറിൽ വെറും 25 റൺസ് വഴങ്ങിയാണ് ഉമ്രാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും ചില കൂറ്റനടികൾ നടത്തിയതോടെ ഗുജറാത്തിനു പ്രതീക്ഷയേറി. മാർക്കോ ജാൻസൻ എറിഞ്ഞ അവസാന ഓവറിൽ 22 റൺസായിരുന്നു വിജയലക്ഷ്യം, അവസാന പന്തിൽ 3 റൺസും. അവസാന പന്തിൽ സിക്സറടിച്ച റാഷിദ് ഗുജറാത്തിന് അവിസ്മരണീയ ജയം സമ്മാനിച്ചു. ആറാം വിക്കറ്റിൽ അപരാജിതമായ 59 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more