1 GBP = 103.68

വിവോയുടെ പിന്മാറ്റം: ജിയോ സ്പോൺസറാവില്ല; മറ്റ് ചൈനീസ് കമ്പനികളും ഐപിഎലിൽ നിന്ന് വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട്

വിവോയുടെ പിന്മാറ്റം: ജിയോ സ്പോൺസറാവില്ല; മറ്റ് ചൈനീസ് കമ്പനികളും ഐപിഎലിൽ നിന്ന് വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട്

വിവോയുടെ പിന്മാറ്റത്തിനു പിന്നാലെ മറ്റ് ചൈനീസ് കമ്പനികളും ഐപിഎലിൽ നിന്ന് വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട്. ഓപ്പോ, ഷവോമി, റിയൽമി തുടങ്ങിയ കമ്പനികളാണ് ഐപിഎൽ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇവർ ഐപിഎലിന് സ്പോൺസർഷിപ്പും ചാനൽ സംപ്രേഷണത്തിന് പരസ്യവും നൽകില്ലെന്നാണ് റിപ്പോർട്ട്. ഈ കമ്പനികൾ കൂടി പിൻവാങ്ങിയാൽ അത് ബിസിസിഐക്ക് കടുത്ത തിരിച്ചടിയാവും.

വിവോ പിന്മാറിയതിനു പിന്നാലെ ടൈറ്റിൽ സ്പോൺസർ സ്ഥാനത്തേക്ക് ബിസിസിഐ ജിയോയെ ക്ഷണിച്ചിരുന്നു. എന്നാൽ, ജിയോ ക്ഷണം നിരസിച്ചു. ഇന്ത്യൻ ദേശീയ ടീം ജഴ്സി സ്പോൺസർമാരായ ബൈജൂസ്​ ലേണിങ്​ ആപ്പ്, ഐപിഎൽ പാർട്​ണർമാരായ ​ടാറ്റാ മോട്ടോർസ്​, ഡ്രീം ഇലവൻ, ആമസോൺ എന്നിവരെയും ബോർഡ്​ സമീപിച്ചിട്ടുണ്ട്​. എന്നാൽ ഇവർ ആരും ബിസിസിഐയുടെ ക്ഷണത്തോട് പ്രതികരിച്ചിട്ടില്ല.

വിവോയും ഓപ്പോയും സ്റ്റാർ സ്പോർട്സിന് കഴിഞ്ഞ വർഷം വരെ പരസ്യങ്ങൾ നൽകിയിരുന്നു. 2019 സീസണിൽ മാത്രം ഇരു കമ്പനികളും പരസ്യത്തിനായി ചെലവഴിച്ചത് 240 കോടി രൂപ ആയിരുന്നു. ഇക്കൊല്ലം ഇരു കമ്പനികളും മാറി നിൽക്കുകയാണെങ്കിൽ ബിസിസിഐക്കും സ്റ്റാർ സ്പോർട്സിനും അത് കനത്ത നഷ്ടമാവും. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് കൂടി ഉള്ളതിനാൽ ഇരു കമ്പനികൾക്കും പകരക്കാരെ കണ്ടെത്തലും ബുദ്ധിമുട്ടാവും. 2100 കോടി രൂപയാണ് കഴിഞ്ഞ സീസണിൽ സ്റ്റാർ സ്പോർട്സിനു പരസ്യ വരുമാനമായി ലഭിച്ചത്. ഇക്കൊല്ലം 1500-1700 കോടി രൂപയായിരുന്നു പ്രതീക്ഷ.

ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിവോ ഐപിഎൽ ടൈറ്റിൽ സ്പോൺസർ സ്ഥാനത്തു നിന്ന് പടിയിറങ്ങിയത്.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more