1 GBP = 103.87

കായിക കാമം കാലനായ കാലം

കായിക കാമം കാലനായ കാലം

കാരൂര്‍ സോമന്‍, ലണ്ടന്‍

നമ്മുടെ പാര്‍ലമെന്റ് മന്ദിരത്തിന് അതുല്യ സൗന്ദര്യം കൈവന്ന വേളയിലാണ് രാജ്യത്തിന്റെ അഭിമാനമായ ലോകമെങ്ങും മിന്നിമിന്നി പ്രകാശിച്ചു നിന്ന വനിതാ താരങ്ങള്‍ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നതുപോലെ മൂടിക്കെട്ടിയ ന്യൂഡല്‍ഹിയുടെ ആകാശച്ചെരുവിലിരുന്ന് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി. എം.പിയും റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ എഫ് ഐ) പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ സരണ്‍ സിംഗിനെതിരെ ലൈംഗീക പീഡന പരാതിയുമായി മുന്നോട്ട് വന്നത്. പാര്‍ലമെന്റിലെ ചെങ്കോല്‍ചാര്‍ത്തല്‍ ആഹ്‌ളദമൊക്കെ ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങളായിരിന്നു.ലോകമാകെ നിരാശ ജനിപ്പിച്ച, ഇന്ത്യയെ നാണംകെടുത്തിയ ഒരു സംഭവമാണ് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴു ഗുസ്തിതാരങ്ങളാണ് പരാതിപ്പെട്ടത്. കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുത്തതുപോലെ കാമനും കാലനും ചങ്ങാതികളായിരിക്കുന്നു. കായിക രംഗത്ത് മാത്രമല്ല എല്ലാ രംഗങ്ങളിലും കാമഭ്രാന്തന്മാര്‍ ധാരാളമായിട്ടുണ്ട്. ഇന്ത്യന്‍ ജനതയ്ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഉണ്ടാക്കി തന്ന ലോക വേദികളില്‍ ത്രിവര്‍ണ്ണ പതാകയുര്‍ത്തിയ ഗുസ്തി താരങ്ങളോടു കാട്ടിയത് ഹീനമാണ്. അവര്‍ നീതിക്കായി വാതില്‍ക്കല്‍ മുട്ടുമ്പോള്‍ കതകടയ്ക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. ഇങ്ങനെ ഹൃദയമില്ലാത്ത ഭരണകൂടങ്ങള്‍ ആര്‍ക്കുവേണ്ടിയാണ്?

ഇന്ത്യന്‍ ജനതയുടെ മനം കവര്‍ന്ന വനിതാ കായിക താരങ്ങളോട് ദയാലുവാകേണ്ടവര്‍, അവരുടെ ഈറനണിഞ്ഞ കണ്ണുകളില്‍ നിന്ന് ഒഴുകി വന്ന കണ്ണുനീര്‍ കാണുന്നതിന് പകരം അവര്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ വലിച്ചെറിയാന്‍ അവരെ പറഞ്ഞയച്ചത് ഗംഗ നദിയിലേക്കാണ്. നിര്‍മ്മലവും വിശുദ്ധവുമായ ആ നദിയില്‍ മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്നതുപോലെ കായിക താരങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ അതില്‍ അന്ത്യ വിശ്രമം കൊള്ളട്ടെയെന്ന് സജ്ജനങ്ങളുടെ ഗുണമുള്ള ആരെങ്കിലും തീരുമാനിക്കുമോ? ഈ ആരോപണവിധേയന്‍ വ്യത്യസ്തങ്ങളായ 38 കേസുകള്‍ നേരിടുന്ന വ്യക്തിയാണ്. ഒരു കൊലപാതകംവരെ ചെയ്തുവെന്ന് തുറന്നുപറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചെളിപുരണ്ട ഇത്തരം ക്രിമിനലുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉജ്ജലശോഭയോടെ തിളങ്ങുന്നു. കായിക രംഗത്ത് മാത്രമല്ല സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ അവിടുത്തെ സ്ത്രീകളോട് കാട്ടുന്ന നീതിനിഷേധങ്ങള്‍, മാനസിക – ശാരീരിക പീഡനങ്ങള്‍ ഭൂലോകര്‍ അറിയുന്നില്ല. ഇതില്‍ പലതും നോവലകളിലും, കഥകളിലും പൊങ്ങി വരാറുണ്ട്. തൊഴില്‍ രംഗത്തെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍, അവര്‍ നേരിടുന്ന ഭീഷണികളെ അതിജീവിക്കാന്‍ അതിനെ അടിച്ചമര്‍ത്താന്‍ ഇത്തരത്തിലുള്ള കാമഭ്രാന്തന്മാരെ തുറുങ്കിലടക്കാന്‍ ശക്തമായ ഭരണകൂടങ്ങള്‍ക്ക് മാത്രമേ സാധിക്കു. ഇങ്ങനെയുള്ള അപകടകാരികളായ ജനപ്രതിനിധികളെ വികസിത രാജ്യങ്ങളില്‍ കാണില്ല. അവരുടെ അന്ത്യം ജയിലിലാണ്. മൈതാന പ്രസംഗങ്ങള്‍ നടത്തി നമ്മള്‍ ജനാധിപത്യത്തെ പുകഴ്ത്താറുണ്ട്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വീട്ടിലും നാട്ടിലും എന്ത് സുരക്ഷയാണുള്ളത്? സ്ത്രീകളെ ആദരപൂര്‍വ്വം പ്രണമിക്കാന്‍ ഇന്ത്യക്കാരന്‍ എന്നാണ് പഠിക്കുക? സ്ത്രീകളുടെ ഇച്ഛക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവന്‍ അകത്താകാന്‍ അധികസമയം വേണ്ടിവരില്ല. പാശ്ചാത്യരില്‍ നിന്ന് പലതും കോപ്പി ചെയ്യുന്ന ഇന്ത്യക്കാരന്‍ ഇവിടുത്തെ സ്ത്രീകളുടെ സ്വാതന്ത്യം എന്തെന്നുകൂടി പഠിച്ചുകൂടെ?

ഈ എം.പി ക്കെതിരെ കോമണ്‍വെല്‍ത്ത് ് ഏഷ്യന്‍ ഗെയിംസിലെ ഗുസ്തി ഗോള്‍ഡ് മെഡല്‍ ജേതാവ് വിനേഷ് ഫോഗാട്ട് വരെ പരാതി പറഞ്ഞു. ഗുസ്തി താരങ്ങള്‍ കായിക മന്ത്രാലയത്തിനും പോലീസിനും പരാതികൊടുത്തിട്ടും അവരൊന്നും ചെവികൊണ്ടില്ല. ഒരു കായിക താരത്തിന് ഈ അവസ്ഥയെങ്കില്‍ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥയെന്താണ്? ഈ വിഷയം ഇത്രയും വഷളാക്കിയത് ഈ രണ്ട് കൂട്ടരാണ്. പല സംസ്ഥാന സര്‍ക്കാരുകളിലും സ്ത്രീപീഡകരെ, അഴിമതിക്കാരെ സംരക്ഷിക്കുന്നത് കാണാറുണ്ട്. അധികാരം കിട്ടിയാല്‍ ഓട്ടമരത്തിലെ കുരങ്ങുപോലെയാണ് കാര്യങ്ങള്‍ നടത്തുക. എന്തൊക്കെ നെറികേടുകള്‍ കാട്ടിയാലും ഒരോട്ടയുണ്ടാക്കി മറ്റൊരോട്ടകൊണ്ടടയ്ക്കും. അതിനുള്ള തുറുപ്പുചീട്ടുകളൊക്കെ നിയമത്തിലുണ്ട്. നിയമങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ രക്ഷകനായി എത്തിയത് സുപ്രിം കോടതിയാണ്. എഫ് ഐ ആര്‍ ഇടാന്‍ ഉത്തരവുണ്ടായി. പാര്‍ലിമെന്റ് ഉദ്ഘാടന ദിവസം രാജ്യത്തിന്റെ അഭിമാന കായിക താരങ്ങളെ വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തതും ആവശ്യമില്ലാത്ത വകുപ്പുകള്‍ ചാര്‍ത്തി കേസ് കൊടുത്തതും അവര്‍ സമരത്തിലിരുന്ന ജന്തര്‍ മന്ദിര്‍ നിരോധിച്ചതും ജനാധിപത്യ ധ്വംസനങ്ങളാണ്. ഇതൊക്കെ ദേശാഭിമാനികളായ ഇന്ത്യക്കാര്‍ മറക്കുന്ന കാര്യമല്ല. ഹരിയാന ഗുസ്തി താരങ്ങളുടെ കേന്ദ്രമെങ്കിലും അവരെ പിന്തുണയ്ക്കുന്ന കര്‍ഷകരെ കുറ്റപ്പെടുത്താനും സാധിക്കില്ല.

കുടുപൊളിച്ച് പുറത്തുവന്ന കായിക മന്ത്രി അനുരാഗ് ഠാക്കുര്‍ പറഞ്ഞിരിക്കുന്നത് അന്വേഷണം തീരുന്നതുവരെ കാത്തിരിക്കണമെന്നാണ്. ലോക ഗുസ്തി ഫെഡറേഷന്‍വരെ ഈ പീഡനകഥകള്‍ അറിഞ്ഞ് തക്കതായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) പുതിയ മേധാവിയും അതിന്റെ ആദ്യ വനിതാ പ്രസിഡന്റുമായ പി.റ്റി.ഉഷയുടെ പ്രതികരണത്തെ പലരും വിമര്‍ശിക്കുകയുണ്ടായി. അധികാരത്തിലിരിക്കുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ ശബ്ദിക്കുമോ? കസേര തെറിക്കില്ലേ? ഉഷയും നിരാശ പങ്കുവച്ചു. സാഹിത്യത്തിലും ഇങ്ങനെ അധികാരവും ചെങ്കോലുമായി കഴിയുന്നവരില്ലേ? ഗുസ്തി താരങ്ങളുടെ വിഷയം ഗൗരമുള്ളതാണ്. അവരെയല്ല വലിച്ചിഴക്കേണ്ടത്, അവരുടെ പേരിലല്ല കേസ് എടുക്കേണ്ടത്, അതിലുപരി ബിജെപി സര്‍ക്കാരിനെ നാണംകെടുത്തിയ കാമവീരനെ വലിച്ചിഴക്കണം, കേസെടുക്കണം, ബിജെപിയില്‍ നിന്ന് പുറത്താക്കണം. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ എം.പി.ആയാലും അയാളുടെ കര്‍മ്മഫലം അനുഭവിക്കേണ്ടതല്ലേ?

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more