1 GBP = 104.17

ക്ഷണ കത്ത്… യുക്മ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്

ക്ഷണ കത്ത്… യുക്മ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്

ചരിത്രത്തിന്റെ താളുകളില്‍, അതെ യു കെ മലയാളികളുടെ മാത്രമല്ല, പ്രവാസിമലയാളികളുടെ ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണലിപികളില്‍ കൊത്തിവയ്ക്കപ്പെടുന്ന ചരിത്രമുഹൂര്‍ത്തം ഇതാ പടിവാതിലിലെത്തിക്കഴിഞ്ഞു. കേരളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളില്‍ നിറച്ചാര്‍ത്തും ആവേശവും നിറയ്ക്കുന്ന സ്വന്തം ചുണ്ടന്‍വള്ളംകളി മത്സരം പുനരാവിഷ്‌കരിക്കപ്പെടുന്ന ചരിത്ര മുഹൂര്‍ത്തം. ഒരു വിദേശരാജ്യത്ത് ഇദംപ്രഥമമായി പുന്നമടക്കായലിലെ നെഹ്രൂട്രോഫി മത്സരം ആവിഷ്‌കരിക്കപ്പെടുകയാണ്, ആവര്‍ത്തിക്കപ്പെടുകയാണ്.

നാട്ടില്‍പ്പോയി വള്ളംകളി കാണാനാകാത്തവര്‍ക്ക് യുകെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ അത് കൈയ്യെത്തുംദൂരത്ത് റഗ്ബിയിലെ ഡ്രേക്കോട്ട് തടാകത്തില്‍ നാളെ, 2017 ജൂലായ് 29നു ശനിയാഴ്ച, കൃത്യം പത്തുമണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ പ്രവാസിമലയാളികളുടെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം ചേര്‍ക്കപ്പെടും. ചരിത്രത്തിലിടംപിടിക്കുന്ന ആവേശ വേളയ്ക്ക് സാക്ഷിയാകാന്‍, എല്ലാ യുകെ മലയാളികളേയും വാര്‍വിക്ക്ഷയറിലെ ഡ്രെയ്ക്കോട്ട് വാട്ടര്‍ തടാകത്തിലേക്ക് യുക്മ നാഷണല്‍ കമ്മറ്റി സ്വാഗതം ചെയ്ത് കൊള്ളുന്നു.

650 ഏക്കര്‍ വലിപ്പത്തില്‍ വിശാലമായ ഡ്രേകോട്ട് വാട്ടര്‍ തടാകത്തില്‍ ആദ്യമായി നടത്തപ്പെടുന്ന മലയാളികളുടെ ഈ കാര്‍ണിവലില്‍ പ്രവാസച്ചൂടിലും മലയാണ്മ മറക്കാത്ത മലയാളിയുടെ ഇടനെഞ്ചില്‍ സൂക്ഷിക്കുന്ന ഓര്‍മ്മക്കൂട്ടിന്റെ നേര്‍ക്കാഴ്ച്ചയായി 22 ടീമുകള്‍ കുട്ടനാടന്‍ കരുത്തും മലയോരക്കരുത്തും തമ്മിലേറ്റുമുട്ടും. മത്സരവള്ളംകളിയോടൊപ്പം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ തനതു കലാരൂപങ്ങളും അണിനിരക്കുന്ന വര്‍ണ്ണക്കാഴ്ചകളുടെയും നാടന്‍ തനിമയുടെയും മായിക പ്രപഞ്ചം തന്നെയാണ്. നാനാജാതിമതസ്ഥര്‍ക്കും വര്‍ണ്ണ-വര്‍ഗ്ഗ, മത-ജാതി തുടങ്ങിയ യാതൊരു വ്യത്യാസങ്ങളും കൂടാതെ കലയും വിനോദവും ഒപ്പം ഒരു ജനതയുടെ ആവേശമായ ജലകായികമാമാങ്കവും ആസ്വദിക്കാനുള്ളത്ര നിറവോടെ തന്നെ എല്ലാ സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഈ മഹാമേള ഏവര്‍ക്കും തികച്ചും സൗജന്യമാണെന്ന പ്രത്യേകതയും എടുത്തു പറയേണ്ടതായുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബമായിത്തന്നെ ആസ്വദിക്കത്തക്കവണ്ണം വിശാലമായ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. 2000 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും കുട്ടികളുടെയുംമുതിര്‍ന്നവരുടെയും പാര്‍ക്കും ഒപ്പം രുചികരമായ നാടന്‍, വിദേശ ഭക്ഷണത്തിനുള്ള സൗകര്യങ്ങളും വള്ളം കളിയുടെ ഒരു ആവേശവും കാണികള്‍ക്ക് നഷ്ടമാകാതിരിക്കാനായി ഭീമന്‍ ടെലിവിഷനില്‍ തത്സമയ പ്രക്ഷേപണവും ഒരുക്കിയിട്ടുണ്ട്.

യുകെയിലെ എല്ലാമലയാളികളെയും ഡ്രേകോട്ട് വാട്ടര്‍ തടാകത്തിലേക്ക് യുക്മ ക്ഷണിക്കുന്നു, ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. നമ്മുടെ സ്വന്തം വള്ളംകളിയും മറ്റുകലാവിരുന്നുകളും ആവോളം ആസ്വദിക്കുകയും കൂടെ ജോലിചെയ്യുന്നവരായ എല്ലാ സുഹൃത്തുക്കളെയും ഭാരതീയരെന്നോ വിദേശികളായവരെന്നോ വ്യത്യാസമില്ലാതെ, എല്ലാവരെയും അഭിമാനത്തോടെ തന്നെ കൂട്ടിക്കൊണ്ടു വന്ന് പരിപാടി ഒരു ഗംഭീര വിജയമാക്കി തീര്‍ക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു . നമ്മുടെ നാടിന്റെ, ദൈവത്തിന്റെ സ്വന്തം നാടിന്റെ തനതു കലാരൂപങ്ങള്‍ ഏല്ലാവര്‍ക്കും തികച്ചും സൗജന്യമായി കാട്ടിക്കൊടുക്കാന്‍ കിട്ടുന്ന ഈ അസുലഭാവസരം വിനിയോഗിക്കണമെന്നും, അതുവഴി നമ്മുടെ നാടിന്റെ കലാ സാംസ്‌കാരിക പൈതൃകം മറ്റുള്ളവരിലേക്കും എത്തിക്കണമെന്ന് ഈ അവസരത്തില്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

കേരള സര്‍ക്കാരിന്റെ ടൂറിസം സാംസ്‌കാരിക വകുപ്പുകളും ഇന്‍ക്രെഡിബിള്‍ ഇന്ത്യയില്‍ തിളങ്ങുന്ന ഇന്ത്യാടൂറിസവും സഹകരിച്ചാണ് ഇത് നടത്തപ്പെടുന്നത്. യുക്മയുടെയും സാംസ്‌കാരികവേദിയുള്‍പ്പടെയുള്ള എല്ലാ പോഷകസംഘടനകളുടെയും മാസങ്ങളോളമുള്ള അശ്രാന്ത പരിശ്രമത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ മഹാമേളയിലേക്ക് ഓരോ യുകെ മലയാളിയുടെയും സാന്നിദ്ധ്യം സവിനയം ആഗ്രഹിക്കുന്നു. മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ആവേശം പകരാന്‍ എല്ലാവരുടെയും സര്‍വാത്മനായുള്ള സഹകരണവും മഹനീയ സാന്നിദ്ധ്യവും സാദരം അഭ്യര്‍ത്ഥിക്കുന്നു. വീണ്ടും ഈ വള്ളംകളിയും മറ്റിതുപോലെയുള്ള പദ്ധതികളും വര്‍ഷംതോറും നടത്തുവാനുള്ള ഊര്‍ജ്ജം നല്‍കാന്‍, ആവേശമായി, അനുഗ്രഹമായി എല്ലാവരും സമയത്ത് തന്നെ എത്തിച്ചേരുമല്ലോ.

സസ്‌നേഹം,
റോജിമോന്‍ വര്‍ഗീസ്
യുക്മ നാഷണല്‍ സെക്രട്ടറി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more