1 GBP =
breaking news

പ്രശസ്ത സംഗീതജ്ഞനും സുറിയാനി ഗവേഷകനുമായ ഫാ.ജോസഫ് പാലക്കൽ ഇംഗ്ലണ്ട് സന്ദർശിക്കുന്നു; അന്താരാഷ്‌ട്ര സുറിയാനി സംഗീത സമ്മേളനം ഗ്ലോസ്റ്ററിൽ.

പ്രശസ്ത സംഗീതജ്ഞനും സുറിയാനി ഗവേഷകനുമായ ഫാ.ജോസഫ് പാലക്കൽ ഇംഗ്ലണ്ട് സന്ദർശിക്കുന്നു; അന്താരാഷ്‌ട്ര സുറിയാനി സംഗീത സമ്മേളനം ഗ്ലോസ്റ്ററിൽ.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ:  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ജൂലൈ പതിനൊന്നാം  തിയതി മുതൽ നടക്കുന്ന ലോകോത്തര സുറിയാനി സമ്മേളനമായ ആറാം കോൺഫറൻസിൽ പങ്കെടുക്കുന്നതിനും, പ്രബന്ധം അവതരിപ്പിക്കുന്നതിനുമായി

ഫാ.ജോസഫ് പാലക്കൽ ഇംഗ്ലണ്ടിലെത്തുന്നു. മാർത്തോമ്മാ  നസ്രാണികളുടെ പരമ്പരാഗതമായ  ആരാധനാ ഭാഷയായ അരമായ സുറിയാനിയുടെ പ്രാധാന്യവും പ്രത്യേകതകളും ലോകത്തിനു മുൻപിൽ പ്രഘോഷിക്കുന്നതിൽ ഏറെ ശ്രദ്ധേയനാണ് ഫാദർ പാലക്കൽ.
ഭാരതത്തിലെ മാർത്തോമാ നസ്രാണികളുടെ അരമായ സുറിയാനി ഉച്ചാരണം മിശിഹായുടെ കാലത്തെയും അതിനു മുമ്പുള്ള കാലത്തേയും അരമായ ഭാഷയുടെ ഉച്ചാരണത്തിനു സദൃശ്യമാണ് എന്നത് മാർത്തോമാ നസ്റാണികളുടെ പൗരാണികതയുടെയും  നസ്രായ തനിമയുടെയും ശക്തമായ തെളിവാണ്. ആരാധനക്രമം മലയാളത്തിലാക്കിയപ്പോൾ ഫാദർ ആബേലിന്റെ ശുഷ്കാന്തിയിൽ പഴയ സുറിയാനി ഗീതങ്ങൾ അതിന്റെ തനിമയിലും ട്യൂണിലും നടപ്പാക്കിയെങ്കിലും കാലക്രമേണ വിവിധ കാരണങ്ങളാൽ പടിപടിയായി സുറിയാനി പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ചു പോവുകയായിരുന്നു.
സീറോ മലബാർ സഭയുടെ തനിമയും വ്യക്തിത്വവും വീണ്ടെടുക്കണം എന്നുള്ള രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആഹ്വാനം ആഗോള തലത്തിൽ സഭയുടെ  ആരാധനാ സാംസ്‌കാരിക സമ്പന്നതയെ പ്രശംസിക്കുന്നതും, പ്രഘോഷിക്കുന്നതുമാണ്. വിവിധ ആരാധനാ-സാംസ്‌കാരിക പാരമ്പര്യങ്ങൾ ആഗോള കത്തോലിക്ക സഭയുടെ സമ്പന്നമായ കത്തോലിക്കാ മുഖമാണ് ഇത് വെളിപ്പെടുത്തുന്നത്. സുറിയാനി ആരാധനാ സാംസ്‌കാരിക പാരമ്പര്യത്തിൽനിന്നുള്ള  വ്യതിചലനങ്ങളെ വിവിധ മാർപാപ്പാമാർ അതാതുകാലങ്ങളിൽ  ശക്തമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരുണത്തിൽ പാലക്കലച്ചന്റെ സേവനങ്ങളും ശ്രമങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നു.
നാം കാലാകാലങ്ങളായി കൈവിട്ടു കളഞ്ഞ നസ്രാണി വ്യക്തിത്വവും സുറിയാനി പാരമ്പര്യങ്ങളും വീണ്ടെടുക്കണമെന്നുള്ള നിരവധി മാർപാപ്പാമാരുടെ ആഹ്വാനങ്ങളെ ഊട്ടി ഉറപ്പിച്ചുകൊണ്ടു ജോസഫ് പാലക്കൽ അച്ചൻ അന്യം നിന്നുപോയ പഴയ സുറിയാനി ഗീതങ്ങളും ട്യൂണുകളും പ്രചരിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ശുഭോദർക്കമാണ്. അതിനർഹമായ പിന്തുണയും,  പ്രോത്സാഹനവും സഭയും, സഭാമക്കളും നൽകേണ്ടത് അനിവാര്യമാണ്.
അനായാസം ഏവർക്കും പാടുവാൻ സാധിക്കുന്ന ഗീതങ്ങൾ ആരാധനാക്രമത്തിൽ ഉൾപ്പെടുത്തി ജോസഫ് അച്ചൻ നയിക്കുന്ന ഈ സഭാ നവീകരണ ശുശ്രൂഷ മാർത്തോമാ നസ്രാണി കത്തോലിക്കരായ സിറോ മലബാർ സഭയുടെ  വ്യക്തിത്വത്തെ വീണ്ടെടുക്കും എന്ന് തീർച്ച.
ബ്രിട്ടണിലെ സിറോ മലബാർ എപ്പാർക്കിയുടെ ആഭ്യമുഖ്യത്തിൽ ഒരു അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ഗ്ലോസ്റ്ററിൽ ഈ മാസം പതിനാലാം തീയതി  ഉച്ചകഴിഞ്ഞു  ഇതോടൊപ്പം  സംഘടിപ്പിക്കുന്നുണ്ട്.  ബ്രിട്ടനിലെ സീറോ മലബാർ എപ്പാർക്കിയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന  പ്രസ്തുത സമ്മേളനത്തിൽ പാലക്കൽ അച്ചനോടൊപ്പം സുറിയാനി ഭാഷയുടെ ജന്മ സ്ഥലവും, പിതാവായ അബ്രാഹത്തിന്റെ നാടുമായ ഇറാക്കിൽ നിന്നും വിശിഷ്‌ട വ്യക്തികൾ  പങ്കെടുക്കുന്നു. കൂടാതെ ഇറ്റലിയിൽ നിന്നും സ്വിറ്റസർലണ്ടിൽ  നിന്നുമുള്ള  പ്രതിനിധികളും  പങ്കുചേരും.
സുറിയാനി ഭാഷയോടുള്ള മമതയും,താൽപ്പര്യവും ഏവരിലും എത്തിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി  സമ്മേളനത്തോടൊപ്പം ഒരു സുറിയാനി ഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്.  ദൈവ ശാസ്ത്രജ്ഞനും ഗാനരചയിതാവുമായിരുന്ന കടവിൽ ചാണ്ടി കത്തനാരുടെ നാമത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കു ചേരുവാൻ താൽപ്പര്യം ഉള്ളവർ സംഘാടകരുമായി ഉടൻതന്നെ ബന്ധപ്പെടേണ്ടതാണ്.
സിറോ മലബാർ സഭയുടെ ആരാധന-സാംസ്‌കാരിക പാരമ്പര്യത്തിന്റെ സമ്പന്നതയെ മനസിലാക്കുവാൻ  സുവർണ്ണാവസരം പ്രയോജനപ്പെടുത്തുവാനായി ഈ  സാംസ്‌കാരിക സമ്മേളനത്തിൽ പങ്കുചേരുവാൻ  ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ സഭയുടെ സഭാ പഠന വിഭാഗത്തിന്റെ ഡയറക്ടറായ ഫാദർ ജോയി വയലിൽ ഏവരെയും  സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .
സമ്മേളനം നടക്കുന്ന സ്ഥലം: ഗ്ലോസ്റ്ററിലെ മാറ്റസൺ അവന്യൂ  മാറ്റസൺ ബാപ്റ്റിസ്റ്റ്  ചർച്ച്  ഹാൾ ( ജിഎൽ4  6എൽഎ).

Post Your Comments Here ( Click here for malayalam )

Press Esc to close
show more