1 GBP = 103.33
breaking news

പുരസ്കാര നിറവിൽ യുക്മ പ്രേക്ഷകരോട് ഹൃദയം തുറന്ന് മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട്….. കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകൾ നേർന്ന് നടത്തിയ അഭിമുഖത്തിന്റെ മനോഹരമായ വീഡിയോ…..

പുരസ്കാര നിറവിൽ യുക്മ പ്രേക്ഷകരോട് ഹൃദയം തുറന്ന് മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട്….. കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകൾ നേർന്ന് നടത്തിയ അഭിമുഖത്തിന്റെ മനോഹരമായ വീഡിയോ…..

കുര്യൻ ജോർജ്ജ്

(യുക്മ ദേശീയ സമിതി അംഗം)

നവംബർ ഒന്നിന് യുക്മ സംഘടിപ്പിച്ച  കേരളപ്പിറവി ദിനാഘോഷം  യുക്മയുടെ ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളിൽ പുതിയൊരദ്ധ്യായം കൂടി എഴുതിച്ചേർത്തു. ഏറ്റവും നല്ല നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടി അഭിനയ ജീവിതത്തിൽ കൂടുതൽ ഉയരങളിലേക്കെത്തുന്ന മലയാളികളുടെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട്, യുക്മ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഇവന്റ് കോ ഓർഡിനേറ്ററും ലൈവ് ഷോ ഹോസ്റ്റുമായിരുന്ന ദീപ നായരുമായി നടത്തിയ ടെലിഫോൺ ഇന്റർവ്യൂ ഏറെ ആസ്വാദ്യകരമായിരുന്നു.

സുരാജ് വെഞ്ഞാറമൂടുമായി നടത്തിയ അഭിമുഖം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക:-

മിമിക്രിയിലൂടെ കലാ ജീവിതം ആരംഭിച്ച്  ടെലിവിഷൻ ഷോകളിലൂടെ വെള്ളിത്തിരയിലെത്തിയ സുരാജ് നൂറ് കണക്കിന് ഹാസ്യ കഥാ പാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറി. 2013 ലെ നല്ല നടനുള്ള ദേശീയ അവാർഡിന് അർഹമായ ‘പേരറിയാത്തവർ’ (സംവിധാനം – ഡോ. ബിജു ) എന്ന ചിത്രത്തിലെ  പേരില്ലാത്ത നായക കഥാപാത്രം മുൻസിപ്പാലിറ്റി തൂപ്പുകാരന്റെ വേഷത്തിലൂടെ തന്റെ അഭിനയ മികവ് പുറത്തെടുത്ത സുരാജ്, ആക്ഷൻ ഹീറോ ബിജുവിലെ പവിത്രൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പ്രസാദ് എന്നീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സ്വഭാവ നടനായും മാറി. ഹാസ്യ വേഷങ്ങളോടൊപ്പം ശക്തമായ ക്യാരക്ടർ റോളുകളും ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സുരാജ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2019 ലെ നല്ല നടനുള്ള അവാർഡും കരസ്ഥമാക്കി മുന്നേറുകയാണ്.

 മുൻ വൈസ് ചാൻസലറും ഉജ്ജ്വല വാഗ്മിയുമായ ഡോ. സിറിയക് തോമസ്, മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. മധുസൂദനൻ നായർ, ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് മിനിസ്റ്റർ മൻമീത് സിംഗ് നാരംഗ് ഐ.പി.എസ്സ്, മലയാളികളുടെ ഇഷ്ട താരം സുരാജ് വെഞ്ഞാറമൂട് എന്നീ വിശിഷ്ടാതിഥികളോടൊപ്പം ഗായകരും  നർത്തകരും അഞ്ചംഗ കാവ്യകേളി ടീമും ഉൾപ്പടെ ഇരുപത് കലാപ്രതിഭകളും പങ്കെടുത്ത മൂന്നര മണിക്കൂർ നീണ്ട് നിന്ന യുക്മ കേരളപ്പിറവി ലൈവ് ഷോ അത്യന്തം ഹൃദയഹാരിയായിരുന്നു. മലയാള ഭാഷയ്ക്കും കേരളത്തിനും പ്രാമുഖ്യം നൽകി നമ്മുടെ കലാപ്രതിഭകൾ അവതരിപ്പിച്ച കലാ പ്രകടനങ്ങൾ പ്രേക്ഷകരുടെ മനം നിറഞ്ഞ പ്രശംസകൾ ഏറ്റ് വാങ്ങി.

യുക്മ കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകൾ നേർന്ന സുരാജ് വെഞ്ഞാറമൂടുമായി ദീപ നായർ നടത്തിയ ടെലിഫോൺ അഭിമുഖം വീഡിയോ രൂപത്തിൽ തയ്യാറാക്കിയത് ഈ വാർത്തയോടൊപ്പം യുക്മ ന്യൂസ് പുറത്ത് വിടുകയാണ്. യുകെയിലെ പ്രമുഖ ഗ്രാഫിക്സ് ഡിസൈനറായ ബാസിൽഡണിലെ സിജോ ജോർജ്ജാണ് അതി മനോഹരമായ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 2019 ൽ മാഞ്ചസ്റ്ററിൽ നടന്ന പത്താമത് യുക്മ ദേശീയ കലാമേള ലോഗോ രൂപ കൽപ്പന ചെയ്ത് സമ്മാനാർഹനായ സിജോ, യുക്മ സാംസ്കാരിക വേദി ദേശീയ തലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ സീനിയർ വിഭാഗം ഒന്നാം സമ്മാനാർഹനായിരുന്നു.

സുരാജ് വെഞ്ഞാറമൂടുമായി നടത്തിയ അഭിമുഖം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക:-

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more