1 GBP = 103.12

വരള്‍ച്ചാ ദുരിതാശ്വാസവും വായ്പ എഴുതിത്തള്ളലും അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുത്: ഇന്‍ഫാം

വരള്‍ച്ചാ ദുരിതാശ്വാസവും വായ്പ എഴുതിത്തള്ളലും അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുത്: ഇന്‍ഫാം

ഫാ. ആന്റണി കൊഴുവനാല്‍

കോട്ടയം: കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 24,000 കോടിയുടെ വരള്‍ച്ചാദുരിതാശ്വാസവും വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പ എഴുതിത്തള്ളലും കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന രാഷ്ട്രീയനാടകമായി മാറരുതെന്നും പ്രഖ്യാപനങ്ങള്‍ക്കപ്പുറം തുടര്‍നടപടികള്‍ക്ക് റിസര്‍വ് ബാങ്കും വിവിധ ദേശസാല്‍കൃതബാങ്ക് മേധാവികളും തടസ്സവാദമുന്നയിച്ചിരിക്കുമ്പോള്‍ പദ്ധതിവിഹിതം അര്‍ഹതയുള്ള കര്‍ഷകരുടെ കൈകളിലെത്താതെ അട്ടിമറിക്കപ്പെടുവാന്‍ അനുവദിക്കരുതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ തൊഴിലുറപ്പുപദ്ധതിക്കായി പ്രഖ്യാപിച്ച 48,000 കോടിരൂപയില്‍ നിന്നും വകമാറ്റിയാണ് ഇപ്പോള്‍ 24,000 കോടി വരള്‍ച്ചാദുരിതാശ്വാസമായി അനുവദിച്ചിരിക്കുന്നത്. പകരം 50 അധിക തൊഴില്‍ ദിനങ്ങള്‍ക്കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുമാസത്തെ സമയപരിധിക്കുള്ളില്‍ വരള്‍ച്ചാദുരിതാശ്വാസ ഗുണഫലങ്ങള്‍ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍വഴി കര്‍ഷകരിലെത്തിച്ചേരാനിടയില്ല. കൂടാതെ ഈ സമയപരിധിയ്ക്കുള്ളില്‍ വരള്‍ച്ചമാറി മഴക്കാലമാകുകയും വരള്‍ച്ചാദുരിതാശ്വാസഫണ്ട് മുന്‍കാലങ്ങളിലേതുപോലെ വകമാറ്റി ചെലവഴിക്കാനും സാധ്യതയുണ്ട്.

സര്‍ക്കാര്‍ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുന്നതിനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തമായി എതിര്‍ത്തിരിക്കുന്നത് ഗൗരവമായി കാണണം. റിസര്‍വ് ബാങ്കിന്റെ അനുവാദമില്ലാതെ വിവിധ ബാങ്കുകള്‍ നടപടിക്രമങ്ങള്‍ക്ക് മുതിരുകയില്ല. കാര്‍ഷികവായ്പ എഴുതിത്തള്ളുന്നതിന്റെ നിബന്ധനകള്‍ ലഘൂകരിക്കേണ്ടതുണ്ട്. ചെറുകിട കര്‍ഷകരുടെ മറവില്‍ വന്‍ഭൂമാഫിയകളുടെ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുന്ന സാഹചര്യം ഒഴിവാക്കണം. ഭൂമിയുടെ വിസ്തീര്‍ണ്ണം നോക്കാതെ എല്ലാ കര്‍ഷകരുടെയും കാര്‍ഷികവായ്പ എഴുതിത്തള്ളണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഏപ്രില്‍ 3-ലെ വിധിന്യായം ഗൗരവമുള്ളതാണ്. 5 ഏക്കര്‍വരെയുള്ളവര്‍ക്കായി നിജപ്പെടുത്തിയ കാര്‍ഷികവായ്പ എഴുതിത്തള്ളല്‍ കോടതിവിധിയിലൂടെ നേട്ടമുണ്ടാക്കുന്നത് വന്‍ഭൂമാഫിയകളാണ്. കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ വായ്പകള്‍ എഴുതിത്തള്ളി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്.

ആസിയാന്‍ കരാറിനെത്തുടര്‍ന്ന് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നികുതിരഹിതവും നിയന്ത്രണമില്ലാത്തതുമായ കാര്‍ഷികോല്പന്നങ്ങളുടെ വന്‍ ഇറക്കുമതിയും കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാനൊരുങ്ങുന്ന ആര്‍.സി.ഇ.പി.തുടങ്ങി പുത്തന്‍ രാജ്യാന്തര കരാറുകളുള്‍പ്പെടെ കാര്‍ഷികമേഖലയിലെ വിവിധ പ്രശ്നങ്ങളെയുംകുറിച്ച് ചര്‍ച്ചചെയ്ത് സംയുക്ത നീക്കത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും കര്‍ഷക പോഷക സംഘടനകളുടെയും വിവിധ കര്‍ഷക പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുടെ നേതൃസമ്മേളനം മെയ്മാസം ഇന്‍ഫാം കോട്ടയത്ത് വിളിച്ചുചേര്‍ത്ത് തുടര്‍നടപടികള്‍ക്ക് രൂപം നല്‍കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more