1 GBP = 103.33

കേന്ദ്ര ബജറ്റിന്മേല്‍ കര്‍ഷകര്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു: ഇന്‍ഫാം

കേന്ദ്ര ബജറ്റിന്മേല്‍ കര്‍ഷകര്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു: ഇന്‍ഫാം

ഫാ. ആന്റണി കൊഴുവനാല്‍, ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

കോട്ടയം: കഴിഞ്ഞ വര്‍ഷത്തിലെ ബജറ്റിലെ ഒട്ടേറെ ക്ഷേമപ്രഖ്യാപനങ്ങള്‍ക്കുശേഷവും കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ വീണ്ടും നടപടികളില്ലാത്തതും അപ്രായോഗികവുമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലൂടെ ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചിരിക്കുകയാണെന്നും കേന്ദ്രബജറ്റിന്മേല്‍ കര്‍ഷകര്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പറഞ്ഞത് അതേപടി വീണ്ടും ഈ ബജറ്റിലും ആവര്‍ത്തിച്ചിരിക്കുന്നത് വിരോധാഭാസമാണ്.  കര്‍ഷക ആത്മഹത്യകള്‍ പെരുകിയെന്നും കടക്കെണി കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കിയെന്നുമുള്ള ബജറ്റിലെ കുറ്റസമ്മതം കാര്‍ഷികരംഗം പുറകോട്ടടിച്ചുവെന്നതിന്റെ വ്യക്തമായ തെളിവാണ്.

വിവിധ കാര്‍ഷികവിളകള്‍ക്ക് അടിസ്ഥാനവില നിശ്ചയിക്കുന്നതിനോ മുമ്പ് നിശ്ചയിച്ചവയ്ക്ക് വില ഉയര്‍ത്തുന്നതിനോ ഉല്പന്നസംഭരണത്തിനോ വിലസ്ഥിരതാപദ്ധതിക്കോ ആയുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല.  കഴിഞ്ഞവര്‍ഷം 9 ലക്ഷംകോടി രൂപയുടെ കാര്‍ഷികവായ്പ പ്രഖ്യാപിച്ചത് ഈ വര്‍ഷം 10 ലക്ഷം കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.  പക്ഷേ ഈ വായ്പാപദ്ധതിയുടെ ഗുണഫലം ഗ്രാമീണകര്‍ഷകന് ലഭിക്കുന്നുണ്ടോയെന്ന് ഒരു പഠനവും ഇതുവരെ നടത്തിയിട്ടില്ല.

തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി രൂപ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ ഈ പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തപ്പെടുന്നില്ല.  തൊഴിലുറപ്പ് പദ്ധതിമൂലം കാര്‍ഷികമേഖലയില്‍ തൊഴിലാളികളുടെ ക്ഷാമം വന്‍പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. റബര്‍ ബോര്‍ഡിനായി പ്രഖ്യാപിച്ച 142.60 കോടിയും കോഫി ബോര്‍ഡിന്റെ 140.10 കോടിയും കര്‍ഷകര്‍ക്കോ കൃഷിവികസനത്തിനോ ഉപകരിക്കില്ല.

ഗ്രാമീണ കാര്‍ഷികരംഗത്തിനും വിള ഇന്‍ഷ്വറന്‍സിനും കാര്‍ഷിക ലാബുകള്‍ക്കും തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും ഉല്പാദനവര്‍ദ്ധനവിനെയോ കര്‍ഷകന്റെ വരുമാനത്തെയോ സ്വാധീനിക്കുകയില്ല.  കര്‍ഷകര്‍ക്കായി 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെ പ്രായോഗികത വിലയിരുത്തേണ്ടതായിട്ടുണ്ട്.  നോട്ട് പിന്‍വലിക്കല്‍മൂലം ഗ്രാമീണ കാര്‍ഷികമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിക്ക് ക്രിയാത്മകനിര്‍ദ്ദേശങ്ങളൊന്നുമില്ലാത്ത കേന്ദ്രബജറ്റ് കര്‍ഷകരെ നിരാശപ്പെടുത്തിയിരിക്കുന്നുവെന്നും കാര്‍ഷികരംഗത്തെ അടുത്ത സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 4.1 ശതമാനമാകുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്താണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more