1 GBP =
breaking news

റബര്‍ പ്രതിസന്ധിയില്‍ പ്രഹസന ചര്‍ച്ചകളല്ല നടപടികളാണ് വേണ്ടത്: ഇന്‍ഫാം

റബര്‍ പ്രതിസന്ധിയില്‍ പ്രഹസന ചര്‍ച്ചകളല്ല നടപടികളാണ് വേണ്ടത്: ഇന്‍ഫാം

ഫാ.ആന്റണി കൊഴുവനാല്‍, ജനറല്‍ സെക്രട്ടറി

കോട്ടയം: റബര്‍ മേഖല യിലെ പ്രശ്‌നങ്ങള്‍ പഠിക്കുവാനെന്ന പേരില്‍ റബര്‍ബോര്‍ഡ് നിരന്തരം വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചാസമ്മേളനങ്ങള്‍ പ്രഹസനങ്ങളാണെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് പ്രമുഖ കര്‍ഷക സംഘടനകളും കര്‍ഷക നേതാക്കളും ഇന്നലെ (നവംബര്‍ 11ന്) റബര്‍ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും കഴിഞ്ഞ ഏഴുവര്‍ഷമായി തുടരുന്ന റബര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കാത്തവര്‍ ഇപ്പോഴും ചര്‍ച്ച നടത്തി കര്‍ഷകരെ അപമാനിക്കുകയാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി. സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരെയും സ്തുതിപാഠകരെയും കര്‍ഷകരെന്ന പേരില്‍ വിളിച്ചു ചേര്‍ത്ത് നടത്തുന്ന ഇത്തരം പ്രഹസനചര്‍ച്ചകള്‍ ഇക്കാലമത്രയും കര്‍ഷകര്‍ക്കൊന്നും നേടിത്തന്നില്ല. സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും കര്‍ഷക സംഘടനകളും റബര്‍ കര്‍ഷകര്‍ നേരിടുന്ന വിലത്തകര്‍ച്ചയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ പ്രധാന മന്ത്രിയെ പലതവണ ധരിപ്പിച്ചതാണ്.

കേന്ദ്ര വാണിജ്യ മന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനുമായി ഇന്‍ഫാം പലത വണ കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ പറഞ്ഞ് വിശദാംശങ്ങള്‍ കൈമാറി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കേന്ദ്ര കൃഷിവകുപ്പു മന്ത്രിക്കും കേരളം സന്ദര്‍ശിച്ചിട്ടുള്ള കേന്ദ്രമന്ത്രിമാര്‍ക്കും റബര്‍ പ്രശ്‌നങ്ങള്‍ പലതവണ പങ്കുവ ച്ചതാണ്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തിന്റെ എംപിമാര്‍ നിരവധി പ്രാവശ്യം റബര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. എന്നിട്ടും വീണ്ടും റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനിറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ഉദ്ദേശ ശുദ്ധി കര്‍ഷകര്‍ക്ക് വിശ്വസനീയമല്ല.

ഉല്പാദനച്ചെലവ് കണക്കാക്കി 50 ശതമാനം ലാഭവിഹിതവും കൂട്ടിച്ചേര്‍ത്ത് കര്‍ഷകന്റെ ഉല്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുമെന്ന തെരഞ്ഞെടുപ്പുപ്രകടന പത്രികയിലെ വാഗ്ദാനം എന്‍ഡിഎ നടപ്പാക്കിയിട്ടില്ലെന്നുമാത്രമല്ല ഉല്പന്നങ്ങളുടെ വിലയിടിഞ്ഞു കര്‍ഷകരെ ആത്മഹത്യയിലേയ്ക്കു തള്ളിയിട്ടിരിക്കുന്നുവെന്ന സത്യം കേന്ദ്രസര്‍ക്കാര്‍ മറക്കരുത്.

വിവധ റബറുല്പാദനരാജ്യങ്ങളുടേതു പോലെ സര്‍ക്കാര്‍ വക റബര്‍ സംഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ന്യായവില നിശ്ചയിക്കുന്നി ല്ല. റബര്‍കൃഷിക്ക് പ്രോത്സാഹനപദ്ധതികളുമില്ല. അടിസ്ഥാന റബര്‍ ഇറക്കുമതി വിലയിലും തീരുമാനമി ല്ല. വ്യവസായികളെ സംരക്ഷിക്കുവാന്‍ അനിയന്ത്രിത ഇറക്കുമതിക്ക് ആന്റി ഡമ്പിംഗ് ഡ്യൂട്ടിയും സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടിയും ഏര്‍പ്പെടുത്തുന്ന വര്‍ റബര്‍കര്‍ഷകരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ആവര്‍ത്തന കൃഷി സബ്‌സിഡി നിര്‍ത്തലാക്കിയിരിക്കുന്നത് കര്‍ഷക ദ്രോഹമാണ്. റബര്‍ബോര്‍ഡ് ഓഫീസുകള്‍ പലതും പൂട്ടി. റബറധിഷ്ഠിത കര്‍ഷക സംരംഭങ്ങള്‍ക്ക് പ്രോത്സാഹനമില്ല. റബറുല്പാദക സംഘങ്ങളും വന്‍സാമ്പത്തിക പ്രതിസന്ധിയിലാണ്. അവസാനമിപ്പോള്‍ റബര്‍നയവും പാടേ ഉപേക്ഷിച്ചു. ഇനിയും ചര്‍ച്ചയല്ല, വൈകിയ വേളയിലെങ്കിലും നടപടികളാണ് വേണ്ടത്. റബര്‍ ഇറക്കുമതിച്ചുങ്കത്തിലൂടെ കേന്ദ്രഖജനാവില്‍ വര്‍ഷംതോറും എത്തിച്ചേരുന്ന കോടികളില്‍ നിശ്ചിതവിഹിതമെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കണം.

വിവിധ റബറധിഷ്ഠിത സംരംഭങ്ങള്‍ ആരംഭിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഉത്തേജകപദ്ധതി പോലെ ക്രിയാത്മക നടപടികള്‍ക്കു ശ്രമിക്കാതെ കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും ഇനിയും ചര്‍ച്ചകള്‍ നടത്തി കര്‍ഷകരെ വിഢികളാക്കരുതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more