1 GBP = 103.12

ഇന്തൊനീഷ്യ ഭൂചലനം: മരണം 91 ആയി; ആയിരങ്ങളെ ഒഴിപ്പിച്ചു

ഇന്തൊനീഷ്യ ഭൂചലനം: മരണം 91 ആയി; ആയിരങ്ങളെ ഒഴിപ്പിച്ചു

ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ലോംബോക്കിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 91 ആയി ഉയർന്നു. ആയിരക്കണക്കിനു കെട്ടിടങ്ങൾ തകർന്നടിഞ്ഞു. 200 പേർക്കു ഗുരുതരമായി പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകരുടെ തിരച്ചിൽ തുടരുന്നു. ഇരുപതിനായിരത്തോളം പ്രദേശവാസികളെ ഒഴിപ്പിച്ചു. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നു ദ്വീപിലെ റോഡുകളും മൂന്നു പാലങ്ങളും തകർന്നു. ചില മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യുതിവിതരണവും തടസ്സപ്പെട്ടു.

ദ്വീപിൽ കുടുങ്ങിയ 1200 സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പരുക്കേറ്റ നൂറുകണക്കിനാളുകളെ ഭൂചലനത്തിൽ തകർന്ന ആശുപത്രിയുടെ വളപ്പിലാണു ചികിൽസിക്കുന്നത്. താൽക്കാലിക കൂടാരങ്ങൾ നിർമിച്ചാണു രോഗികളെ കിടത്തിയിരിക്കുന്നത്. കടുത്ത മരുന്നുക്ഷാമവുമുണ്ട്. വേണ്ടത്ര ഡോക്ടർമാരുമില്ല. മറ്റൊരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ സമീപത്തെ ബാലിദ്വീപിലും പ്രകമ്പനം അനുഭവപ്പെട്ടു. ലോംബാക്കിലെ പ്രശാന്തസുന്ദരമായ കടലോരങ്ങളുള്ള ചെറുദ്വീപുകളാണു സഞ്ചാരികളെ ആകർഷിക്കുന്നത്. സുമാത്രയിൽ 2004ൽ 9.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ സൂനാമിയിൽ 2.20 ലക്ഷം പേരാണു കൊല്ലപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more