1 GBP = 104.05

ഓപ്പണർമാരെ നഷ്ടം; ഇന്ത്യ പൊരുതുന്നു

ഓപ്പണർമാരെ നഷ്ടം; ഇന്ത്യ പൊരുതുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. 13 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തിട്ടുണ്ട്. കെഎൽ രാഹുൽ (10), മായങ്ക് അഗർവാൾ (7) എന്നിവർ പുറത്തായി. ചേതേശ്വർ പൂജാര (9), വിരാട് കോലി (14) എന്നിവർ ക്രീസിൽ തുടരുകയാണ്. 33 റൺസിൻ്റെ കൂട്ടുകെട്ടാണ് സഖ്യം ഉയർത്തിയിരിക്കുന്നത്.

13 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കൻ പേസർമാർ നന്നായി പരീക്ഷിച്ചു. പലതവണ ഓപ്പണർമാരെ വിറപ്പിച്ച പ്രോട്ടീസ് ഒടുവിൽ അഗർവാളിലൂടെ (7) ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്തി. റബാഡയാണ് താരത്തെ മടക്കിയത്. അടുത്ത ഓവറിൽ രാഹുലും (10) പുറത്ത്. മാർക്കോ ജൻസെനായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി-പൂജാര സഖ്യം പ്രോട്ടീസ് പേസാക്രമണത്തെ സമർത്ഥമായി നേരിട്ടു. ഇടക്ക് ചില വെല്ലുവിളികൾ ഉയർത്തിയെങ്കിലും ഏറെ ശ്രദ്ധയോടെയായിരുന്നു ഇരുവരും ബാറ്റ് വീശിയത്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. രണ്ടാം പന്തിൽ തന്നെ മാർക്രം (8) ബുംറയ്ക്ക് മുന്നിൽ വീണു. നൈറ്റ് വാച്ച്മാനായെത്തി ചില മികച്ച ഷോട്ടുകൾ കളിച്ച കേശവ് മൂന്നാം വിക്കറ്റിൽ കീഗൻ പീറ്റേഴ്സണുമായി ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാനാരംഭിച്ചു. എന്നാൽ, ഉമേഷ് യാദവ് ഇന്ത്യയുടെ രക്ഷക്കെത്തി. 25 റൺസെടുത്താണ് താരം മടങ്ങിയത്.

നാലാം വിക്കറ്റിൽ കീഗൻ പീറ്റേഴ്സൺ-റസ്സി വാൻഡർ ഡസ്സൻ കൂട്ടുകെട്ട് ഉറച്ചുനിന്നു. ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ സമർത്ഥമായി നേരിട്ട സഖ്യം ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തി. ഇതിനിടെ പീറ്റേഴ്സൺ ഫിഫ്റ്റി തികച്ചു. 67 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. വാൻഡർ ഡസ്സനെ (21) പുറത്താക്കിയ ഉമേഷ് യാദവ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. അഞ്ചാം വിക്കറ്റിൽ പീറ്റേഴ്സണും ടെംബ ബാവുമയും ചേർന്ന് വീണ്ടും ഇന്നിംഗ്സ് കെട്ടിപ്പടുത്തു. 47 റൺസ് നീണ്ട ഈ കൂട്ടുകെട്ട് തകർത്തത് ഷമി ആയിരുന്നു. ഒരു ഓവറിൽ ബാവുമയും (28), കെയിൽ വെറെയ്നും (0) പുറത്ത്. മാർകോ ജെൻസൺ (7) ബുംറയുടെ ഇരയായി. ഒരുവശത്ത് പിടിച്ചുനിന്ന പീറ്റേഴ്സണും ഇതോടെ അടിപതറി. താരവും ബുംറയുടെ ഇരയായി മടങ്ങുകയായിരുന്നു. വാലറ്റം പൊരുതിനിന്നെങ്കിലും റബാഡ (15) താക്കൂറിനു മുന്നിൽ വീണതോടെ ദക്ഷിണാഫ്രിക്ക കളി കൈവിട്ടു. ലുങ്കി എങ്കിഡിയെ പുറത്താക്കിയ ബുംറ അഞ്ച് വിക്കറ്റ് നേട്ടത്തോടെ പ്രോട്ടീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഡുവേൻ ഒലിവിയർ (10) പുറത്താവാതെ നിന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more