1 GBP = 103.95
breaking news

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്ക് ഖലിസ്ഥാനി വിഘടനവാദികളുടെ അക്രമം; ദേശീയ പതാകയെ അപമാനിച്ചു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുക്മയും

<strong>ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്ക് ഖലിസ്ഥാനി വിഘടനവാദികളുടെ അക്രമം; ദേശീയ പതാകയെ അപമാനിച്ചു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുക്മയും</strong>

ലണ്ടൻ: യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച ഖലിസ്ഥാനി വാദികള്‍ ഇന്ത്യയുടെ ദേശീയ പതാക വലിച്ച് താഴെയിട്ടു. വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ പോസ്റ്ററുകളും, പതാകയുമായാണ് ഖലിസ്ഥാനി വിഭാഗങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ മുദ്രാവാക്യങ്ങളുമായി എത്തിയത്.
‘ഖലിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചാണ് ഒരാള്‍ ഹൈക്കമ്മീഷന്റെ ചുവരില്‍ കയറി ഇന്ത്യന്‍ ദേശീയപതാക നിലത്തിടാന്‍ ശ്രമിക്കുന്നതായി വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നത്. സംഭവത്തില്‍ മുതിര്‍ന്ന ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു.
പ്രതിഷേധം തടയാനായി പോലീസ് സ്ഥലത്ത് എത്തിയെങ്കിലും വിഘടനവാദികള്‍ ഇന്ത്യാ ഗവണ്‍മെന്റിന് എതിരായ മുദ്രാവാക്യം വിളി തുടര്‍ന്നു. സംഭവത്തെ അപലപിക്കുന്നതായി ഇന്ത്യയിലെ യുകെ ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് പ്രതികരിച്ചു. ‘ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ആളുകള്‍ക്കും, പ്രദേശങ്ങള്‍ക്കും നേരെ നടന്ന നടപടികള്‍ അസ്വീകാര്യമാണ്’, അലക്‌സ് എല്ലിസ് പറഞ്ഞു.

ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഇന്ത്യയില്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ക്രിസ്റ്റിന സ്‌കോട്ടിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്ക് വിഘടനവാദികള്‍ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിഷേധമാണ് അറിയിച്ചതെന്ന് എംഇഎ പറഞ്ഞു.
ബ്രിട്ടീഷ് സെക്യൂരിറ്റി പൂര്‍ണ്ണമായി ഇല്ലാതായ അവസ്ഥയെക്കുറിച്ച് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കമ്മീഷനില്‍ ഇവര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത് എങ്ങിനെയെന്നും ചോദ്യം ഉന്നയിച്ചു. വിഷയത്തില്‍ പ്രതികള്‍ക്കെതിരെ എത്രയും വേഗം നടപടി വേണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇന്ത്യ ഹൗസ് ബില്‍ഡിംഗിന്റെ തകര്‍ന്ന ജനലുകളുടെയും, ഒരാള്‍ കെട്ടിടത്തില്‍ കയറുന്നതും, മിഷനിലെ ഉദ്യോഗസ്ഥന്‍ പ്രതിഷേധക്കാരനില്‍ നിന്നും പതാക പിടിച്ചെടുക്കുന്നതും, ഇയാള്‍ ഖലിസ്ഥാനി പതാക വീശുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അറിവുള്ളതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പ്രതികരിച്ചു. ഇതിനിടെ ഖലിസ്ഥാനി നേതാവ് അമൃത്പാല്‍ സിംഗിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പഞ്ചാബ് പോലീസ്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലണ്ടൻ ഹൈക്കമ്മീഷന് നേരെയുണ്ടായ അക്രമത്തിലും ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും യുക്മ ദേശീയ നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ മുറിപ്പെടുത്തിയ ഈ സംഭവത്തെ അപലപിക്കുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.

യുക്മ ദേശീയ സമിതി പുറത്തിറക്കിയ പ്രസ്താവന:

പ്രിയ സഹപ്രവർത്തകരെ,

” ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചത് ഇന്ത്യൻ ആത്‌മാഭിമാനത്തിന് എതിരായുള്ള വെല്ലുവിളി”
പ്രതിഷേധത്തിന്റെ സ്വരം കടുപ്പിച്ച് യുക്‌മ.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ യുക്മ ഞടുക്കവും ദു:ഖവും രേഖപ്പെടുത്തി. ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ മുറിപ്പെടുത്തിയ ഈ സംഭവത്തെ അപലപിക്കുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.

ഈ സംഭവത്തിലുളള നമ്മുടെ പ്രതിഷേധം യുക്മയുടെ റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ അംഗ അസ്സോസ്സിയേഷനുകളും തികച്ചും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്ത വിധേയൻ,

കുര്യൻ ജോർജ്ജ്,
സെക്രട്ടറി,
യുക്മ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more