1 GBP = 104.18

തീ തുപ്പി ഫിലാൻഡർ; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസിൻെറ തോൽവി

തീ തുപ്പി ഫിലാൻഡർ; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസിൻെറ തോൽവി

കേപ്​ടൗൺ: പേസ്​ ബൗളിങ്ങി​​​െൻറ പറുദീസയായ ന്യൂലാൻഡ്​സി​​​െൻറ ജീവനുള്ള പിച്ചിൽ വിജയപ്രതീക്ഷയുണർത്തിയശേഷം തോൽവി ചോദിച്ചുവാങ്ങി ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന്​ ടെസ്​റ്റ്​ പരമ്പരയിലെ ആദ്യമത്സരത്തിൽ 72 റൺസിനാണ്​ ഇന്ത്യ ​പരാജയം രുചിച്ചത്​. ആദ്യ ഇന്നിങ്​സിൽ 77 റൺസ്​ ലീഡ്​ വഴങ്ങിയശേഷം രണ്ടാം വട്ടം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യൻ ബൗളർമാർ 130 റൺസിന്​ ചുരുട്ടിക്കെട്ടിയെങ്കിലും 208 റൺസെന്ന വിജയലക്ഷ്യത്തിന്​ മുന്നിൽ മുട്ടിടിച്ച ഇന്ത്യൻ ബാറ്റ്​സ്​മാന്മാർ 135ന്​ തകർന്നടിയുകയായിരുന്നു. 64 ഒാവറിനിടെ 18 വിക്കറ്റുകൾ നിലംപൊത്തിയ നാലാംദിനം നാടകീയത നിറഞ്ഞതായിരുന്നു മത്സരം. ഇന്നലെ വീണ മുഴുവൻ വിക്കറ്റുകളും പേസ്​ ബൗളർമാർക്കായിരുന്നു. ആറ്​ വിക്കറ്റ്​ വീഴ്ത്തിയ വെർനോൻ ഫിലാൻഡറാണ്​ ഇന്ത്യയുടെ അന്തകനായത്​. രണ്ടിന്നിങ്​സിലുമായി ഒമ്പത്​ വിക്കറ്റ്​ പിഴുത ഫിലാൻഡർ തന്നെയാണ്​ മാൻ ഒാഫ്​ ദ മാച്ച്​. സ്​കോർ: ദക്ഷിണാഫ്രിക്ക: 286, 130. ഇന്ത്യ: 209, 135.

വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
ഒരു ദിനം പൂർണമായും മഴ മൂലം നഷ്​ടമായിട്ടും നാലാംദിനം കളി കഴിയാവുന്നത്രയും ചെറിയ സ്​കോറുകൾ പിറന്ന മത്സരം നിയന്ത്രിച്ചത്​ ഇരുഭാഗത്തെയും പേസ്​ബൗളർമാരാണ്​. രണ്ടിന്​ 65 എന്ന നിലയിൽ എട്ട്​ വിക്കറ്റ്​ കൈയിലിരിക്കെ 137 റൺസ്​ ലീഡുമായി നാലാംദിനം ബാറ്റിങ്​ പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ തകർപ്പൻ ബൗളിങ്ങിലൂടെ 130ന്​ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന്​ വിക്കറ്റ്​ വീതമെടുത്ത ജസ്​പ്രീത്​ ബുംറയും മുഹമ്മദ്​ ഷമിയും ദക്ഷിണാഫ്രിക്കൻ ബാറ്റ്​സ്​മാന്മാരെ വിറപ്പിച്ചപ്പോൾ രണ്ട്​ വിക്കറ്റ്​ വീതം നേടി ഭുവനേശ്വർ കുമാറും ഹാർദിക്​ പാണ്ഡ്യയും പിന്തുണ നൽകി. 35 റൺസെടുത്ത എ.ബി. ഡിവില്ലിയേഴ്​സ്​ മാത്രമാണ്​ പിടിച്ചുനിന്നത്​.

ദുഷ്​കരമായ പിച്ചിൽ 208 റൺസ്​ എന്ന ലക്ഷ്യം ഏറെ അകലെയാണെങ്കിലും പ്രതീക്ഷയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പരിക്കേറ്റ ഡെയ്​ൽ സ്​റ്റെയ്​നില്ലാത്ത ദക്ഷിണാഫ്രിക്കൻ പേസ്​ ബാറ്ററിയെ ഭേദപ്പെട്ട രീതിയിൽ നേരിട്ട ഒാപണർമാരായ മുരളി വിജയ്​യും (13) ശിഖർ ധവാനും (16) സ്​കോർ 30 വരെയെത്തിച്ചെങ്കിലും അതേ സ്​കോറിൽ ഇരുവരും മടങ്ങി. പിറകെ ഇന്ത്യയുടെ മുൻനിര ബാറ്റ്​സ്​മാന്മ​ാരെല്ലാം ഒന്നിനുപിറകെ ഒന്നായി മാർച്ച്​ ചെയ്​തപ്പോൾ അതിവേഗം ഏഴിന്​ 82ലേക്ക്​ വീണു. ചേതേശ്വർ പുജാര (നാല്​), ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി (28), രോഹിത്​ ശർമ (10), വൃദ്ധിമാൻ സാഹ (എട്ട്​), ഹാർദിക്​ പാണ്ഡ്യ (ഒന്ന്​) എന്നിവരൊക്കെ ചെറുത്തുനിൽപില്ലാതെ മടങ്ങി. എട്ടാം വിക്കറ്റിന്​ രവിചന്ദ്ര അശ്വിനും (37) ഭുവനേശ്വർ കുമാറും (13) 49 റൺസ്​ കൂട്ടുകെട്ടുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒരോവറിൽ മൂന്ന്​ വിക്കറ്റുമായി ഫിലാൻഡർ ഇന്ത്യയുടെ കഥ കഴിച്ചു. രണ്ടാം ടെസ്​റ്റ്​ 13 മുതൽ സെഞ്ചൂറിയനിൽ തുടങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more