1 GBP = 104.11

അവൾക്ക് വേണ്ടി ഡൽഹിയിൽ മെഴുകുതിരി വെട്ടത്തിൽ കോൺഗ്രസിന്റെ പ്രതിഷേധക്കടൽ

അവൾക്ക് വേണ്ടി ഡൽഹിയിൽ മെഴുകുതിരി വെട്ടത്തിൽ കോൺഗ്രസിന്റെ പ്രതിഷേധക്കടൽ

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ വൻജനപങ്കാളിത്തം. രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരക്കണക്കിന് ജനങ്ങളാണ് ഡൽഹിയിലെ ഇന്ത്യാഗേറ്റിലേക്ക് മെഴുകുതിരികളുമായി ഒഴുകിയെത്തിയത്. പ്രിയങ്ക ഗാന്ധി, റോബർട്ട് വധേര തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളും മാർച്ചിൽ പങ്കെടുത്തു.
ജമ്മുകാശ്‌മീരിൽ എട്ടുവയസുകാരി ക്ഷേത്രത്തിനുള്ളിൽ ദിവസങ്ങളോളം പീ‌ഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലും ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എ ഉൾപ്പെട്ട പീഡനക്കേസിലും ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നിന്നും ഇന്ത്യാഗേറ്റ് വരെ മെഴുകുതിരികത്തിച്ച് പ്രകടനം നടത്താൻ പാർട്ടി തീരുമാനിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞതോടെ മീറ്ററുകൾ അകലെ വരെ മാത്രമേ പ്രകടനത്തിന് ആദ്യം എത്താൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഈ ബാരിക്കേഡുകൾ മറികടന്ന് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഇന്ത്യാഗേറ്റിനകത്തേക്ക് കടന്നു. തുടർന്ന് അമർജ്യോതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

കനത്ത സുരക്ഷയിൽ നടത്തിയ മാർച്ചിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രതിഷേധം അലയടിച്ചു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുമെന്ന് വീമ്പിളക്കുന്ന കേന്ദ്രസർക്കാർ അവരുടെ സുരക്ഷിതത്വമാണ് ആദ്യം ഉറപ്പുവരുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നേരത്തെ, കോടിക്കണക്കിന് ഇന്ത്യാക്കാരെപ്പോലെ തന്റെയും ഹൃദയം വേദനിക്കുകയാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. സ്ത്രീ സുരക്ഷ അവതാളത്തിലാക്കി ഇന്ത്യയ്‌ക്ക് ഇതുപോലെ മുന്നോട്ട് പോകാനാകില്ല. സമാധാനപരമായി ഡൽഹി ഇന്ത്യാ ഗേറ്റിലേക്ക് നടത്തുന്ന സമരത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more