1 GBP = 103.90

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 53,476 പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ മാത്രം 31,855 പുതിയ രോഗികള്‍

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 53,476 പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ മാത്രം 31,855 പുതിയ രോഗികള്‍

ന്യൂഡൽഹി: രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു. അഞ്ച് മാസത്തിനിടയിൽ ഇതാദ്യമായി പ്രതിദിന കണക്ക് അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,490 പേർ രോഗമുക്തരായപ്പോൾ 251 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 47,262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 275 പേരാണ് മരണമടഞ്ഞത്. 

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. 1,12,31,650 പേർ ഇതുവരെ രോഗമുക്തി നേടി. 1,60,692 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,95,192 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,31,45,709 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

മഹാരാഷ്ട്രയിൽ കഴിഞ്ഞ ഇന്നലെ 31,855 പുതിയ കോവിഡ് കേസുകളും 95 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 25,64,881 ആയി ഉയർന്നു. 15,098 പേർക്ക് അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 22,62,593 ആയി. ആകെ മരണം 53,684. നിലവിൽ 2,47,299 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈയിലും സ്ഥിതി അതിരൂക്ഷമാണ്. മുംബൈയിൽ ദിവസേനയുള്ള കോവിഡ് കേസുകൾ അയ്യായിരം കടന്നു. ഇന്നലെ പുതിയ കേസുകളുടെ എണ്ണം 5,185 ആയി വർധിച്ചു. ആറുപേർ മരിച്ചപ്പോൾ നഗരത്തിൽ രോഗമുക്തി നേടിയവരുടെ എണ്ണം 2088 ആണ്. 

ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഇക്കുറി മുംബൈ നഗരത്തിൽ ഹോളി ആഘോഷിക്കുന്നത് അനുവദിക്കില്ലെന്ന് ബി.എം.സി. വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർച്ച് 28, 29 തീയതികളിൽ ഹോളിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഒഴിവാക്കും.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മഹാരാഷ്ട്രയിൽ ഓരോ പ്രദേശവും ലോക്ഡൗണിലേക്ക് പോകുകയാണ്. ബീഡ് ജില്ലയിൽ വെള്ളിയാഴ്ചമുതൽ ഏപ്രിൽ നാലുവരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പർഭനിയിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പാൽഘർ, ഔറംഗാബാദ്, നാഗ്പുർ എന്നിവിടങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ബീഡിൽ ജില്ലാ അധികാരികളാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്.

നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ച നാഗ്പുരിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ ദിവസം ശരാശരി 6000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. രോഗമുക്തരുടെ നിരക്കും ഉയരുന്നുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. വിദർഭപ്രദേശത്തെ നാഗ്പുർ അടക്കം 11 ജില്ലകളിൽ ഇതുവരെ കോവിഡ് പിടിപെട്ടവരുടെ എണ്ണം നാല് ലക്ഷത്തിലധികംവരും. ഇതിൽ ഒരു ലക്ഷത്തിലധികം ഈ മാർച്ച് ഒന്നുമുതലുള്ളതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more