1 GBP = 103.69

റമദാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി മാഞ്ചെസ്റ്റർ കത്തീഡ്രൽ

റമദാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി മാഞ്ചെസ്റ്റർ കത്തീഡ്രൽ

അപൂർവ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി യു.കെയിലെ മാഞ്ചസ്റ്ററിലെ കത്തീഡ്രൽ. റമദാൻ മാസത്തിൽ കത്തീഡ്രലിൽ ഇഫ്താർ സംഗമം സംഘടിപ്പിക്കുകയായിരുന്നു. 600 വർഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റർ കത്തീഡ്രലിൽ ചരിത്രത്തിൽ ആദ്യമായി ബാങ്കുവിളിക്കുകയും ചെയ്തു. നൂറുകണക്കിനുപേരാണ് ഇഫ്താറിൽ പ​ങ്കെടുത്തത്.

ബുധനാഴ്ചയാണ് ഇഫ്താർ സംഗമം നടന്നത്. ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റ്ര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വിഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. 

വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്ന് യു.കെയിലേക്ക് കുടിയേറിയവരും ഇംഗ്ലണ്ട് വംശജരും മാഞ്ചസ്റ്ററിലെ കത്തീഡ്രലിലേക്ക് ഒഴുകിയെത്തി. തുടർന്ന് പള്ളിയുടെ ഗോഥിക് വാസ്തുവിദ്യയിൽ തീർത്ത കൂറ്റൻ ചുമരുകളിൽ ബാങ്കുവിളിയുടെ ശബ്ദം തട്ടി പ്രതിഫലിക്കുന്നത് അവർ കേട്ടു. എല്ലാവരും മുന്നിൽ ഭക്ഷണപാനീയങ്ങളുമായി തറയിൽ ഇരുന്നു. അതിഥികൾക്കും ഭക്ഷണത്തിനും പാനീയത്തിനും ഇടമൊരുക്കാൻ ആംഗ്ലിക്കൻ സഭ പള്ളിക്കുള്ളിലെ പീഠങ്ങൾ നീക്കം ചെയ്‌തിരുന്നു. 

കത്തീഡ്രലിന്റെ ചുമതലക്കാരനായ മാഞ്ചസ്റ്റർ ഡീൻ റോജേഴ്സ് ഗോവെൻഡർ ആണ് സംഗമത്തിന് നേതൃത്വം നൽകിയത്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിശ്വാസങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ കൂടുതൽ മികച്ച ഒരു ലോകത്തേക്ക് നമ്മെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി കൗൺസിലർ ബെവ് ക്രെഗും ഇഫ്താറിൽ പ​ങ്കെടുത്തു. 

പരിപാടിയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. സമൂഹത്തിലെ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും അടയാളമായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് എല്ലാവരും പള്ളിയെ പ്രശംസിച്ചു. മാഞ്ചസ്റ്ററിലെ ആംഗ്ലിക്കൻ രൂപതയുടെ മാതൃ ദേവാലയമാണ് മാഞ്ചസ്റ്റർ കത്തീഡ്രൽ. 1421ൽ ഹെന്റി അഞ്ചാമൻ രാജാവാണ് പള്ളി പണികഴിപ്പിച്ചത്. ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ ഏകദേശം 3.9 ദശലക്ഷം അഥവാ 6.5 ശതമാനം മുസ്ലീങ്ങളാണ്. 

ബ്രിട്ടീഷ് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും റമദാനില്‍ വിവിധ സ്ഥലങ്ങളില്‍ ഇഫ്താര്‍ സംഘടിപ്പിക്കാറുണ്ട്. വിവിധ മുസ്‌ലിം, ക്രിസ്ത്യന്‍ വ്യക്തിത്വങ്ങള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇഫ്താറില്‍ സംസാരിച്ചു. ഇത് ബ്രിട്ടനിലെ വ്യത്യസ്ത സമൂഹങ്ങളുടെ ആഘോഷങ്ങളെ പ്രതിനിധീകരിക്കുന്നതും എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള വേദിയാണെന്നും ഫൗണ്ടേഷന്‍ പ്രതിനിധികൾ പറഞ്ഞു. 

കഴിഞ്ഞ ഞായറാഴ്ച, ഇംഗ്ലീഷ് ക്ലബായ ചെല്‍സിയും ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായ ഇത്തരമൊരു ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുകയും അവിടെ സംഘടതിമായി നമസ്‌കരിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more