1 GBP = 103.96

ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി പുരോഗമിക്കുന്നു…..

ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി പുരോഗമിക്കുന്നു…..

ഇടുക്കി ജില്ലാ സംഗമം
ഷാജുവിന്റെ സ്വപ്നങ്ങൾക്ക് അടിത്തറയാകുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സാരാഘോഷ സമയത്ത് ഇടുക്കി ജില്ലാ സംഗമം നിർദ്ധനരായ, നിവർത്തിയില്ലാത്ത രണ്ട് കുടുംബങ്ങൾക്ക്, അവരുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി അംഗങ്ങളോട് അഭ്യർത്ഥിക്കുകയും, തൽഫലമായി സമാഹരിച്ച തുക 4687. 25 പൗണ്ട് രണ്ട് കുടുംബങ്ങൾക്കും തുല്യമായി വീതിച്ചു നൽകുകയും ചെയ്തിരുന്നു. തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന ഷാജുവിന്റെ കുടുംബമായിരുന്നു ഇതിൽ ഒന്ന്. മാനസിക അസ്വാസ്ഥ്യം ബാധിച്ച രണ്ട് സഹോദരങ്ങളും അമ്മയുമായി ടാർപോളിൻ വച്ച് മറച്ച ഷെഡിൽ കഴിഞ്ഞിരുന്ന ഷാജുവിന്റെ കുടുംബത്തിന് വീട് വച്ച് കൊടുക്കുവാൻ ഇടുക്കി ജില്ലാ സംഗമം തുടക്കം കുറിച്ചപ്പോൾ കൂടുതൽ സഹായങ്ങളുമായി സുമനസ്സുകൾ രംഗത്തെത്തി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യു കെയിൽ നിന്നുള്ള ഒരു വ്യക്തി 1500 പൗണ്ട് നൽകുകയും ബാക്കി വേണ്ട ചിലവുകൾ വഹിക്കാൻ നല്ലവരായ നാട്ടുകാരും തയ്യാറായപ്പോൾ ഒരു കുടുംബത്തിന്റെ ചിരകാലാഭിലാഷമായ പാർപ്പിടം ഉയരുകയാണ്.

യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ആയ ഇടുക്കിജില്ലാ സംഗമത്തിന്റെ ക്രിസ്മസ് ന്യൂ ഇയ്യർ ചാരിറ്റിയിൽ ലഭിച്ച തുകയിൽ 200500 രൂപയുടെ ചെക്ക് ഇടുക്കി ജില്ലാ സംഗമത്തിനു വേണ്ടി ബോബി താഴത്തുവീട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കുമാറിന് കൈമാറി. ബിജു കോപ്രത്ത്, സൈമണ്‍, ജേക്കബ്ബ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. സ്വന്തമായി ഒരു വീട് എന്ന ഈ കുടുംബത്തിന്റ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത് ഈ ചാരിറ്റി നാട്ടിൽ കൊടുക്കുന്നതിന് എല്ലാവിധ സഹായവും ചെയ്തത് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി മെമ്പർ സിജോ വേലംകുന്നേൽ ആയിരുന്നു.

ഒരുമയുടെ വിജയമാണ് കുടിയേറ്റക്കാരന്റെ അഭിവൃദ്ധിക്ക് പിന്നിൽ. പ്രകൃതിയുടെ വികൃതികളും, പേടിസ്വപ്നമായ കാട്ടുമൃഗങ്ങളും, മാരക രോഗങ്ങളും, കാട്ടുതീയും, സഞ്ചാരയോഗ്യമല്ലാത്ത ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞ ഇടുക്കിയിലേക്ക് കുടിയേറിയ പൂർവികരും ഈ ഒരുമയിൽ ഊന്നിയാണ് ഉന്നതികളിലേക്ക് കാൽ വച്ചത്. ഇടുക്കിയുടെ മണ്ണിൽ നിന്നും യു കെ യിലേക്ക് വരും വരായ്കകളെ വകവെക്കാതെ കുടിയേറിയ പിന്മുറക്കാരും ഒരുമയുടെ സന്ദേശം വെടിയാതെ, ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയുണ്ടാക്കി ഒരുമ നിലനിർത്തി വരുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തു ചേരലുകൾക്ക് പുറമെ തങ്ങളാൽ കഴിയും വിധം മറ്റുള്ളവരെ സഹായിക്കാനും ഈ കൂട്ടായ്മ കഴിഞ്ഞ 7 വർഷങ്ങളായി ശ്രദ്ധിക്കാറുണ്ട്.

തങ്ങളുടെ ജന്മനാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്കോ, സമൂഹത്തിനോ തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ് ഇത്. നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയം. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു. ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും ഇതില്‍ പങ്കാളികള്‍ ആയവരെയും സ്മരിക്കുകയും. ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ അകമഴിഞ്ഞ പിൻതുണയേകിയ അംഗങ്ങൾക്കും, അഭ്യുദയകാംക്ഷികൾക്കും തങ്ങളുടെ പ്രവർത്തനം വിജയം കണ്ടതിൽ അഭിമാനിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more