1 GBP = 103.61
breaking news

ഇടമലയാര്‍ അണക്കെട്ട് തുറന്നു; ജാഗ്രതാ നിർദേശം

ഇടമലയാര്‍ അണക്കെട്ട് തുറന്നു; ജാഗ്രതാ നിർദേശം

കൊച്ചി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാര്‍ അണക്കെട്ട് തുറന്നു. രാവിലെ അഞ്ചു മണിക്കാണ് ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു ജലം പുറത്തേക്ക് ഒഴുക്കിയത്. പെരിയാറില്‍ ഒന്നര മീറ്റര്‍വരെ ജലനിരപ്പ് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 164 ഘനമീറ്റര്‍ ജലമാണ് തുറന്നു വിടുക.

നാലു ഷട്ടറുകള്‍ 80 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്. തുറന്നുവിട്ട ജലം ഒരു മണിക്കൂറിനകം കുട്ടമ്പുഴയിലും ഒന്നര മണിക്കൂറിൽ ഭൂതത്താന്‍കെട്ടിലും നാലു മണിക്കൂറിൽ പെരുമ്പാവൂര്‍/കാലടിയിലും ആറു മണിക്കൂറിൽ ആലുവയിലുമെത്തും. ഭൂതത്താന്‍കെട്ട് ബാരേജ് മുതല്‍ ആലുവ വരെ 48 കിലോമീറ്ററാണ്. ഭൂതത്താന്‍കെട്ട്, പാണിയേലി, മലയാറ്റൂര്‍, കാലടി, ആലുവ, പറവൂര്‍ പുറപ്പിള്ളിക്കാവ് ബണ്ടില്‍ വെച്ച് പെരിയാര്‍ ചേരും.

അണക്കെട്ടിലെ ജലം ഒഴുകി വരുന്ന പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കലക്ടറും ആലുവ എം.എൽ.എയും അറിയിച്ചു. എറണാകുളം ജില്ലയിലെ 51 പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രളയക്കെടുതിക്ക് സാധ്യത മുന്നില്‍ക്കണ്ട് ആവശ്യമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തി. കൂടാതെ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കോതമംഗലത്ത് 10 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

രാവിലെ ആറു മണിക്ക് അണക്കെട്ട് തുറക്കാനാണ് നേരത്തെ വൈദ്യുതി ബോർഡ്​ തീരുമാനിച്ചിരുന്നത്. എന്നാൽ, രാത്രി മേഖലയിൽ ശക്തമായ മഴ പെയ്തത് അണക്കെട്ടിൽ ജലനിരപ്പ് 169.95 മീറ്റർ എത്തുവാൻ ഇടയാക്കി. ഇതോടെ അ‍ഞ്ച് മണിക്ക് തന്നെ ഷട്ടർ തുറക്കാൻ തീരുമാനിക്കുകയായിരുന്നു. വടാട്ടുപാറ പലവന്‍വടിയിലൂടെ കുട്ടമ്പുഴ ആനക്കയത്ത് വെച്ച് കുട്ടമ്പുഴയാറുമായും തുടര്‍ന്ന് തട്ടേക്കാടിലൂടെ ഭൂതത്താന്‍കെട്ടിന് ഒരു കിലോമീറ്റര്‍ അകലെ വെച്ച് കൂട്ടിക്കല്‍ ഭാഗത്തു വെച്ച് പെരിയാറുമായി ഇടമലയാര്‍ കൂട്ടിച്ചേരും.

2013ലാണ് ഇതിനുമുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. അന്ന് പുറത്തുവിട്ടത് 900 ഘന മീറ്റർ വെള്ളമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more