1 GBP = 103.14

‘പ്രഥമ വിശുദ്ധതൈലം വെഞ്ചെരിപ്പും സ്വര്‍ഗ്ഗാരോഹണ തിരുന്നാളും സ്വര്‍ഗീയാനുഭവമായി’ …

‘പ്രഥമ വിശുദ്ധതൈലം വെഞ്ചെരിപ്പും സ്വര്‍ഗ്ഗാരോഹണ തിരുന്നാളും സ്വര്‍ഗീയാനുഭവമായി’ …

 ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: വിശുദ്ധ കൂദാശകളുടെ പരികര്‍മ്മത്തിനും മറ്റു വിശുദ്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്കായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. തൈലം വെഞ്ചെരിപ്പ് ശുശ്രൂഷ നടത്തി. രാവിലെ 11.30ന് അര്‍ഹിക്കപ്പെട്ട ദിവ്യബലിക്കിടയിലായിരുന്നു തൈലം വെഞ്ചെരിപ്പ് ശുശ്രൂഷ നടന്നത്.

പിതാവായ ദൈവത്താല്‍ അഭിഷിക്തനായി ലോകത്തിലേക്ക് വന്ന ക്രിസ്തുവില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന മാമ്മോദീസായില്‍ ഉപയോഗിക്കുന്ന ഈ തൈലം ക്രിസ്തുവിനൊപ്പം സ്വര്‍ഗ്ഗത്തില്‍ അവകാശം നേടിത്തരാന്‍ നമ്മെ സഹായിക്കുന്നുവെന്ന് ദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്‍കി ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കിള്‍ കാംബെല്‍ പറഞ്ഞു. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിന് നാമെല്ലാം പങ്കുകാരാകുന്നത് ഈ അഭിഷേക തൈലത്താല്‍ മുദ്രിതരാകുന്നത് വഴിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം പ്രോട്ടോ സിബെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ MST, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, രൂപതാ ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാന്‍സുവാ പത്തില്‍ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദികരും സിസ്റ്റേഴ്സും നൂറുകണക്കിന് അല്‍മായരും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. ലങ്കാസ്റ്റര്‍ രൂപതയിലെ ഏതാനും വൈദികരുടെ സാനിധ്യവും തിരുക്കര്‍മ്മങ്ങള്‍ക്ക് പുതുചൈതന്യം നല്‍കി.

സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ നാമത്തിലുള്ള ഏതെങ്കിലും തിരുന്നാള്‍ ദിവസമാണ് വി. തൈല ആശിര്‍വ്വാദത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഈശോയുടെ സ്വര്‍ഗാരോഹണ തിരുനാളില്‍ തന്നെ ആദ്യ തൈല വെഞ്ചെരിപ്പ് ശുശ്രൂഷ നടന്നത് സവിശേഷ ദൈവാനുഗ്രഹമായി കണക്കാക്കപ്പെടുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞു രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ വൈദികരുടെ സമ്മേളനവും വിവിധ കമ്മീഷനുകളുടെ വിലയിരുത്തലും നടന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

രൂപതാധ്യക്ഷന്‍ എല്ലാവര്ക്കും സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ മംഗളങ്ങള്‍ നേരുകയും നേര്‍ച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. രൂപതാധ്യക്ഷന്‍ ആശിര്‍വ്വദിച്ച ഈ തൈലമായിരിക്കും ഇനി മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ബഹു. വൈദികര്‍ ഉപയോഗിക്കുന്നത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more