1 GBP = 103.95
breaking news

വിശുദ്ധ മൂറോന്‍തൈലം ആശിര്‍വ്വാദ ശുശ്രൂഷ ഇന്ന് പ്രെസ്റ്റണ്‍ കത്തീഡ്രലില്‍….

വിശുദ്ധ മൂറോന്‍തൈലം ആശിര്‍വ്വാദ ശുശ്രൂഷ ഇന്ന് പ്രെസ്റ്റണ്‍ കത്തീഡ്രലില്‍….

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: കൂദാശകളുടെ പരികര്‍മ്മത്തിനിടയില്‍ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലങ്ങളുടെ ഔദ്യോഗിക ആശിര്‍വാദം ഇന്ന് 11.30ന് പ്രസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന് ശേഷം ആദ്യമായി നടക്കുന്ന ഈ തൈല വെഞ്ചെരിപ്പ് ശുശ്രൂഷയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കിള്‍ കാംബെല്‍ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്‍കും.

കത്തോലിക്കാ രൂപതയുടെ പാരമ്പര്യമനുസരിച്ചു അതാത് രൂപതകളുടെ മെത്രാന്മാരാണ് പരികര്‍മ്മത്തിനാവശ്യമുള്ള തൈലം വെഞ്ചെരിക്കുന്നത്. രൂപതയിലെ വൈദികര്‍ സഹകാര്‍മ്മികരാകുന്ന ഈ ശുശ്രൂഷയില്‍ മെത്രാന്‍ പൊതുവായി ആശിര്‍വ്വദിക്കുന്ന തൈലത്തില്‍ നിന്ന് ഒരു ഭാഗം തങ്ങളുടെ ഇടവകകളിലേക്ക് പകര്‍ന്നു കൊണ്ട് പോവുകയാണ് ചെയ്യാറുള്ളത്. ആദിമ സഭയുടെ കാലം മുതല്‍ നടക്കുന്ന ഈ പാരമ്പര്യത്തില്‍ മെത്രാന്‍ ശ്ലീഹന്മാരുടെ പിന്‍ഗാമി എന്ന നിലയില്‍ ആശിര്‍വ്വദിക്കുന്ന തൈലം ഉപയോഗിക്കുന്നത് വഴി സഭയിലൂടെ തുടരുന്ന സത്യവിശ്വാസത്തിന്റെ തുടര്‍ച്ചയും ഈശോ ശ്ലീഹന്മാര്‍ക്ക് നല്‍കിയ പൗരോഹിത്യത്തില്‍ പങ്കു ചേരുന്ന മെത്രാന്റെയും വൈദികരുടെയും പൗരോഹിത്യ കൂട്ടായ്മയുമാണ് വെളിവാകുന്നത്.

മാമോദീസായിലും സ്ഥൈര്യലേപനത്തിലും രോഗീലേപനത്തിലുമാണ് പ്രധാനമായും ആശിര്‍വ്വദിച്ച ഈ തൈലങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. മെത്രാന്‍ ആശിര്‍വ്വദിച്ച ഈ വി. തൈലം ലഭ്യമല്ലെങ്കില്‍ ഓരോ അവസരത്തിനും വേണ്ട തൈലം ആശിര്‍വ്വദിക്കാന്‍ പ്രത്യേക അവസരങ്ങളില്‍ സഭാ വൈദികര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. മാമോദീസായിലൂടെ സഭയിലേക്ക് കടന്നു വരുന്നവരെ സ്വീകരിക്കുവാനുള്ള തൈലവും പരിശുദ്ധാത്മാവിന്റെ പ്രത്യേക സാന്നിധ്യമുള്ള തൈലവും രോഗികളുടെ സുഖപ്രാപ്തിക്കായി പൂശാനുള്ള തൈലവും ആണ് ഇന്ന് ആശിര്‍വ്വദിക്കപ്പെടുന്നത്. പുതിയ ദൈവാലയങ്ങള്‍ കൂദാശ ചെയ്തു ദൈവാരാധനയ്ക്കായി സമര്‍പ്പിക്കപ്പെടുമ്പോഴും മെത്രാന്‍ അള്‍ത്താര അഭിഷേകം ചെയ്യുന്നത് ഈ തൈലമുപയോഗിച്ചാണ്.

ഒലീവ് എണ്ണയാണ് ഈ വിശുദ്ധ ഉപയോഗത്തിനായി സാധാരണ തിരഞ്ഞെടുക്കാറുള്ളത്. സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ ഏതെങ്കിലും തിരുന്നാള്‍ ദിനത്തിലാണ് ഈ തൈലാശിര്‍വ്വാദ ശുശ്രൂഷ നടത്തപ്പെടാറുള്ളത്. ഈശി മരിച്ചവരില്‍ നിന്ന് ഉത്ധാനം ചെയ്തതിന്റെ നാല്പതാം നാള്‍ സ്വര്‍ഗാരോഹണം ചെയ്തതിന്റെ തിരുന്നാള്‍ ആചരിക്കുന്ന ഇന്ന് ഈ തിരുക്കര്‍മ്മം അനുഷ്ഠിക്കപ്പെടുന്നത് ഏറ്റവും ഉചിതമാണ്.

വി. ബൈബിളിലെ പഴയ നിയമത്തില്‍ രാജാക്കന്മാരെയും പുരോഹിതരെയും അഭിഷേകം ചെയ്യുന്നതിന് പ്രത്യേക തൈലം ഉപയോഗിച്ചിരുന്ന (പുറപ്പാട് 30 :23 , 39 :27 ) നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ പുരോഹിതനെ വിളിക്കട്ടെയെന്നും തൈലം പൂശിയുള്ള പുരോഹിതന്റെ പ്രാര്‍ത്ഥന രോഗിക്ക് സൗഖ്യം നല്‍കുവാന്‍ ഇടയാക്കട്ടെയെന്നും (യാക്കോബ് 5 :14 )വി. പൗലോസ് പറയുന്നു. ഇന്ന് നടക്കുന്ന വി. തൈല ആശിര്‍വ്വാദ പ്രാര്‍ത്ഥാനാ ശുശ്രൂഷയില്‍ അഭിവന്ദ്യ മെത്രാന്മാരോടൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ കുര്‍ബ്ബാന സെന്ററുകളില്‍ നേതൃത്വം നല്‍കുന്ന ബഹു. വൈദികരും നൂറു കണക്കിന് വിശ്വാസികളും പങ്കു ചേരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more