1 GBP = 103.83
breaking news

മാതാപിതാക്കളിൽ നിന്ന് കിട്ടിയ എച്ച്ഐവി; ബെൻസനും യാത്രയായി; ആ വീട് ഇനി ശൂന്യം

മാതാപിതാക്കളിൽ നിന്ന് കിട്ടിയ എച്ച്ഐവി; ബെൻസനും യാത്രയായി; ആ വീട് ഇനി ശൂന്യം

പന്ത്രണ്ട് വർഷങ്ങൾക്കു മുൻപ് എച്ച്ഐവി ബാധിച്ച് മരണപ്പെട്ട ബെൻസി എന്ന പെൺകുട്ടിയെ ഓർമയുണ്ടോ? മാതാപിതാക്കളിൽ നിന്ന് ലഭിച്ച രോഗത്തിൻ്റെ ശേഷിപ്പ് പേറേണ്ടിവന്ന ബെൻസിയുടെ സഹോദരനായ ബെൻസൻ (26) കഴിഞ്ഞ ദിവസം ജീവനൊടുക്കി. കൊട്ടാരക്കരയിലെ ഒരു ബന്ധുവിൻ്റെ സംരക്ഷണത്തിലായിരുന്ന ബെൻസനും കൂടി യാത്ര ആയതോടെ ആ കുടുംബത്തിലെ അവസാന കണ്ണിയാണ് ഇല്ലാതായത്.

കൊല്ലം കുമ്മല്ലൂർ ബിൻസി ബംഗ്ലാവിൽ പരേതരായ സികെ ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളാണ് ബെൻസനും ബെൻസിയും. 97ൽ ചാണ്ടിയും മൂന്ന് വർഷങ്ങൾക്ക് ശേഷം മേരിയും മരിച്ചതോടെ മുത്തച്‌ഛൻ ഗീവർഗീസ് ജോണിയുടെയും മുത്തശ്ശി സാലമ്മയുടെയും സംരക്ഷണത്തിലായിരുന്നു ബെൻസിയും ബെൻസനും. ഒരു തെറ്റും ചെയ്യാതെ മാതാപിതാക്കളിൽ നിന്ന് ലഭിച്ച രോഗബാധയിൽ ഈ കുഞ്ഞുങ്ങൾക്ക് അനുഭവിക്കേണ്ടിവന്നത് ദുരിതങ്ങളുടെ പെരുമഴയാണ്. ബെൻസി നഴ്സറി സ്കൂളിലായിരുന്ന സമയത്താണ് കുട്ടികൾ എച്ച്ഐവി ബാധിതരാണെന്നറിഞ്ഞത്. തുടർന്ന് ഇരുവരെയും കൈതക്കുഴി സർക്കാർ സ്കൂളിൽ ചേർത്തു. എന്നാൽ, എച്ച്ഐവി പോസിറ്റീവായ കുട്ടികളെ പഠിപ്പിക്കാൻ പാടില്ലെന്ന ആവശ്യമായി സ്കൂൾ പിടിഐ രംഗത്തുവന്നു. തുടർന്ന് കുട്ടികളെ സമീപത്തെ ലൈബ്രറിയിൽ ഇരുത്തി പ്രത്യേകം അധ്യാപകരെ നിയമിച്ച് പഠിപ്പിച്ചു. സന്നദ്ധസംഘടനകളും സർക്കാരും ആരോഗ്യവകുപ്പും ഇടപെട്ട് നടത്തിയ ബോധവത്കരണത്തിനൊടുവിൽ കുട്ടികളെ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ മുറിയിലിരുത്തി പഠിപ്പിച്ചു.

2003ൽ കൊച്ചിയിലെത്തിയ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽ കലാമിനെ ഇരുവരും സന്ദർശിച്ചിരുന്നു. ഇത് വഴിത്തിരിവായി. അക്കൊല്ലം സെപ്തംബർ 28ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് കുട്ടികളെ കണ്ടു. ഏറെ വാത്സല്യത്തോടെ അവരോട് പെരുമാറിയ സുഷമ കുട്ടികൾക്ക് അഞ്ചു വർഷത്തേക്കുള്ള ചികിത്സാ ചെലവും ശരിയാക്കിയാണ് മടങ്ങിയത്. 2005 ജനുവരി 12ന് കാഴ്ചയില്ലാത്ത മുത്തശ്ശി സാലമ്മയെ ഒറ്റയ്ക്കാക്കി ഗീവർഗീസ് ജോണി മരണപ്പെട്ടു. പിന്നീട് മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു ഇരുവരും. പിന്നീട് സംസ്ഥാന ഭരണകൂടവും വിവിധ സന്നദ്ധസംഘടനകളും സുമനസ്സുകളുടെ കാരുണ്യവുമൊക്കെ ചികിത്സാ സഹായമായി ഇവരെ പലപ്പോഴും തേടിയെത്തി. എങ്കിലും ചികിത്സാ ചെലവുകൾ കണ്ടെത്താൻ മുത്തശ്ശി വിഷമിച്ചിരുന്നു.

2010ൽ ബെൻസി മരിച്ചു. തലച്ചോറിലുണ്ടായ അണുബാധയാണ് കൂടപ്പിറപ്പിൻ്റെ ജീവനെടുത്തത്. കുറച്ചു കാലം മുൻപ് മുത്തശ്ശിയും പോയി. പിന്നീട് ബന്ധുവിൻ്റെ സംരക്ഷണത്തിലായിരുന്നു ബെൻസൺ. ബന്ധുവിൻ്റെ കച്ചവട സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല വഹിച്ചിരുന്നു. പ്രണയനൈരാശ്യം മൂലമാണ് ബെൻസൺ ജീവനൊടുക്കിയതെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more