1 GBP = 103.70

ഹിറ്റുകൾ മാത്രം നൽകി മലയാള സിനിമയെ സമ്പന്നമാക്കിയ ഐ വി ശശിയെന്ന ഇതിഹാസം; കലാ സംവിധായകനായി സിനിമയിൽ തുടക്കം കുറിച്ച ഐ വി ശശി മലയാളത്തിന്റെ പ്രിയ സംവിധായകനായി സിനിമയിൽ കുറിച്ചത് നിരവധി ഹിറ്റുകൾ

ഹിറ്റുകൾ മാത്രം നൽകി മലയാള സിനിമയെ സമ്പന്നമാക്കിയ ഐ വി ശശിയെന്ന ഇതിഹാസം; കലാ സംവിധായകനായി സിനിമയിൽ തുടക്കം കുറിച്ച ഐ വി ശശി മലയാളത്തിന്റെ പ്രിയ സംവിധായകനായി സിനിമയിൽ കുറിച്ചത് നിരവധി ഹിറ്റുകൾ

തിരുവനന്തപുരം: സിനിമയ്‌ക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്ത് വിളമ്പാൻ കഴിയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളായിരുന്നു ഇന്ന് വിടവാങ്ങിയ ഐ.വി.ശശിയെന്ന ഇരുപ്പം വീട് ശശിധരൻ. സൂപ്പർ താരങ്ങളുടെ ആധിപത്യമില്ലാതിരുന്ന കാലഘട്ടത്തിൽ ഐ.വി.ശശിയുടെ സിനിമ കാണാൻ മാത്രം ആളുകൾ തിയേറ്ററിൽ ക്യൂനിന്നത് അദ്ദേഹത്തിന്റെ സംവിധാന മികവിന്റെ വിജയമായിരുന്നു. കലാസംവിധായകനിൽ നിന്നും തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനിലേക്കുള്ള യാത്രയിൽ അദ്ദേഹം സ്വന്തം പേരിൽ കുറിച്ചത് നിരവധി ഹിറ്റുകൾ.

1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായും പ്രവർത്തിച്ചു. പിന്നീട് സഹ സം‌വിധായകനായി. 1975ൽ ഉമ്മറിനെ നായകനാക്കി ഉത്സവം എന്ന ചിത്രം സംവിധാനം ചെയ്‌തു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി സിനിമകൾ സംവിധാനം ചെയ്‌ത് അദ്ദേഹം മലയാള സിനിമയുടെ അനിഷേധ്യ സാന്നിധ്യമായി മാറി.

1978ൽ സീമയെ നായികയാക്കി ഐ.വി.ശശി ഒരുക്കിയ അവളുടെ രാവുകൾ മലയാള സിനിമാ ചരിത്രത്തിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു. ഈ സിനിമയിൽ നായികയായ സീമയെ തന്നെ അദ്ദേഹം ജീവിതത്തിൽ നല്ല പാതിയായി കൂടെക്കൂട്ടി. ഏകദേശം മുപ്പതോളം സിനിമകളിൽ ഇവർ രണ്ട് പേരും ഒരുമിച്ച് പ്രവർത്തിച്ചു. അന്തരിച്ച നടൻ ജയനെ നായകനാക്കി 1980ൽ പുറത്തിറക്കിയ അങ്ങാടിയും കരിമ്പനയും പ്രേക്ഷകരുടെ മനസിൽ ഇടം നേടി.

1982ൽ സെൻസർ ബോ‌‌ർഡിന്റെ എ സർട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ ഇണ എന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ വ്യത്യസ്ഥമായ ഒരു പരീക്ഷണമായിരുന്നു. പിന്നീട് മോഹൻലാലിനെയും മമ്മൂട്ടിയെയും നായകനാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ. ആവനാഴി, അനുബന്ധം, അടിമകൾ ഉടമകൾ, മൃഗയ, ദേവാസുരം, ഇൻസ്‌പെക്‌ടർ ബൽറാം, ബൽറാം v/s താരാദാസ് എന്നിവ ഉദാഹരണങ്ങൾ മാത്രം.

ഇതിനിടയിൽ നിരവധി അവാർഡുകൾ ഐ.വി.ശശിയെ തേടിയെത്തി. 1982 ൽ ആരൂഡം എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവയും ഐ.വി.ശശിയെ തേടിയെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more