1 GBP = 104.13

ഹിഷാമിനെ പുഴയിലെറിഞ്ഞ ശേഷം തിരച്ചിലിന് നേതൃത്വം കൊടുത്തത് പ്രതിയായ മുഹമ്മദ്

ഹിഷാമിനെ പുഴയിലെറിഞ്ഞ ശേഷം തിരച്ചിലിന് നേതൃത്വം കൊടുത്തത് പ്രതിയായ മുഹമ്മദ്

മലപ്പുറം മേലാറ്റൂരില്‍ ഒന്‍പത് വയസ്സുകാരനെ തട്ടിയെടുത്ത് പുഴയിലെറിഞ്ഞ കേസില്‍ ഏറെ നാടകീയതകള്‍ക്കൊടുവിലാണ് പ്രതി മുഹമ്മദിലേക്ക് അന്വേഷണം എത്തിയത്. ഹിഷാമിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പോലും പ്രതി മുഹമ്മദ് പങ്കെടുത്തു. കുട്ടിയുടെ പിതാവിനോട് വിലപേശി പണം തട്ടാനുള്ള തന്ത്രം പൊളിഞ്ഞതാണ് ഹിഷാമിനെ പുഴയിലെറിയാന്‍ കാരണം.

ആഗസ്റ്റ് 13 ന് എടയാറ്റൂരിലെ സ്കൂളിന് മുന്നില്‍ നിന്നും ഹിഷാമിനെ മുഹമ്മദിന്‍റെ ബൈക്കില്‍ കയറ്റി കൊണ്ടു പോയതിന് ദൃക്സാക്ഷികളില്ല. പിതാവിന്‍റെ സഹോദരനൊപ്പം യാത്ര ചെയ്യുന്നത് കൊണ്ട് തന്നെ ഹിഷാം സന്തോഷവാനുമായിരുന്നു.

ഒരു ദിനം മുഴുവന്‍ ബൈക്കില്‍ കറങ്ങിയ ശേഷം രാത്രി ഒന്‍പത് മണിയോടെയാണ് ആനക്കയം പാലത്തില്‍ നിന്ന് ഹിഷാമിനെ പുഴയിലെറിയുന്നത്. കൃത്യം നടത്തിയ ശേഷം മുഹമ്മദ് വീട്ടിലെത്തി ദൈനംദിന കാര്യങ്ങളില്‍ മുഴുകി.

പിന്നീട് ഹിഷാമിനെ കണ്ടെത്താനായി പിതാവ് സലീം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പം കൂടി. അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് മേലാറ്റൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആവേശത്തോടെ പങ്കെടുത്തു. ജ്യോല്‍സ്യനെ കാണാന്‍ ഹിഷാമിന്‍റെ പിതാവിനെ ഉപദേശിച്ചു.

ഇതിനിടെ പോലീസിന്‍റെ അന്വേഷണത്തില്‍ ഒരു കുട്ടിയെ മുന്നിലിരുത്തി പോകുന്ന ബൈക്കുകാരന്‍റെ സിസിടിവി ദൃശ്യം കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്‍റെയും വളാഞ്ചേരിയിലെ തിയറ്ററില്‍ സിനിമ കാണുന്നതിന്‍റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഒടുവില്‍ ജ്യോല്‍സ്യനെ കാണാനെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിനെ കൊണ്ട് വിളിപ്പിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിനിടെ ഹിഷാമിനായുള്ള തെരച്ചില്‍ ഇന്നും തുടരും. മലപ്പുറം ആനക്കയം മുതല്‍ കടലുണ്ടിപ്പുഴയുടെ തീരങ്ങളിലാണ് തെരച്ചില്‍ നടക്കുക. ആനക്കയം പാലം മുതല്‍ രണ്ട് കിലോമീറ്ററോളം ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.പ്രളയ കാലത്ത് പുഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനാല്‍ സമീപത്തെ വയലുകളിലും പറന്പുകളിലുമെല്ലാം തെരച്ചില്‍ നടത്തുന്നുണ്ട്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more